Kerala Rain Alert : സംസ്ഥാനത്ത് ഇന്നും മഴ കനക്കും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alert Heavy Rain Prediction : സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമാണ് സാധ്യതയുള്ളത്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
അറബിക്കടലിലെ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴികളുമാണ് മഴയ്ക്ക് കാരണം. അറബിക്കടലിലെ ന്യൂനമർദ്ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലൂടെ സഞ്ചരിച്ച് ഞായറാഴ്ച രാവിലെയോടെ മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. മഹാരാഷ്ട്ര തീരത്തെ മധ്യ കിഴക്കൻ അറബിക്കടൽ മുതൽ തെക്കൻ കേരള തീരത്തെ തെക്ക് കിഴക്കൻ അറബിക്കടൽ വരെ ന്യൂനമർദ്ദപ്പാത്തി സ്ഥിതി ചെയ്യുന്നതും സംസ്ഥാനത്തെ മഴസാധ്യത വർധിപ്പിക്കുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴിയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തായി മറ്റൊരു ചക്രവാതച്ചുഴിയും രൂപം കൊണ്ടിട്ടുണ്ട്. ഇതൊക്കെ സംസ്ഥാനത്തെ മഴ വർധിപ്പിക്കും. അടുത്ത ഒരാഴ്ചത്തേക്ക് വ്യാപകമായ മഴ സാധ്യതയാണുള്ളത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 13, 14 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ മുന്നറിയിപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 14 വരെ മത്സ്യബന്ധനത്തിന് തടസമുണ്ട്. ഒക്ടോബർ 12 വരെ കർണാടക തീരത്തും മത്സ്യബന്ധത്തിന് പോകാൻ പാടില്ല. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് താമസിക്കുന്നവരും മത്സ്യബന്ധന തൊഴിലാളികളും ജാഗ്രത പാലിക്കണം. ഈ മാസം 13ആം തീയതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും 14ന് ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
കനത്ത മഴയുടെ സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറിത്താമസിക്കണം. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കടൽത്തീരത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും നിർദ്ദേശങ്ങൾ പാലിച്ച് അപകട മേഖലകളിൽ നിന്ന് മാറിത്താമസിക്കാൻ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.