Kerala Rain Alert: ബംഗാള്‍ ഉള്‍ക്കടലില്‍ റിമാല്‍ ചുഴലിക്കാറ്റ്; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാന്‍ ഇടയുള്ളതുകൊണ്ട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കേരളതീരത്തിന് അരികിലായി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനം കൊണ്ടാണ് ഇപ്പോള്‍ മഴ കനക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത മണിക്കൂറുകളില്‍ റിമാല്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാന്‍ ഇടയുള്ളതുകൊണ്ട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.
യെല്ലോ അലര്‍ട്ടുകള്‍ ഇങ്ങനെ
ഇന്ന് 25-05-24- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്,
26-05-24- ആലപ്പുഴ, എറണാകുളം, തൃശൂര്‍
27-05-24- തിരുവനന്തപുരം, കൊല്ലം
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ജാഗ്രതാ നിര്‍ദേശം
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മാത്രമല്ല, അതിന്റെ വേഗത സെക്കന്റില്‍ 16 സെന്റീമീറ്ററിനും 68 സെന്റീമീറ്ററിനും ഇടയില്‍ മാറിവരാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പറയുന്നു.
തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.6 മുതല്‍ 4.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്റെ വേഗത സെക്കന്‍ഡില്‍ 22 സെന്റീമീറ്ററിനും 83 സെന്റീമീറ്ററിനും ഇടയില്‍ മാറിവരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതുകൊണ്ട് അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശം അനുസരിച്ച് മാറി താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാാന്‍ സഹായിക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുക.
പ്രതീക്ഷിക്കാവുന്ന ആഘാതങ്ങള്‍
- പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാനിടയുണ്ട്.
- താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയുണ്ടാകാം.
- മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി തടസം, അപകടം എന്നിവയുണ്ടാകാം.
- വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
- ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
- കന്നുകാലികളെയും മഴ പ്രതികൂലമായി ബാധിക്കും. തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്ക് നാശമുണ്ടാക്കാനും സാധ്യതയുണ്ട്.