Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; ഇന്ന് സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
Kerala Rain Alert Cyclone Prediction : സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിലുണ്ടായിരുന്ന തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിയിരുന്നു. ഇത് ചുഴലിക്കാറ്റാവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലുണ്ടായിരുന്ന തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറി. ഇന്ന് ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശ്രീലങ്ക തീരം വഴി ഇത് തമിഴ്നാട്ടിലേക്ക് നീങ്ങിയേക്കും. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമില്ലലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് മുതൽ വെള്ളിയാഴ്ച വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കാണ്. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്നും നാളെയും സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരും. അതുകൊണ്ട് തന്നെ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ടെങ്കിലും കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. അതിതീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്ന തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ഭാഗത്തേക്ക് പോകാൻ പാടില്ല. ഈ മാസം 30 വരെ തമിഴ്നാട് തീരം, ആന്ധ്രാപ്രദേശ് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളിലും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകടത്തിന് കാരണമായേക്കും. ജനലും വാതിലും അടച്ചിടുക. ഇവയുടെ അടുത്ത് നിൽക്കാതെയിരിക്കുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഈ സമയത്ത് ഇവയുമായുള്ള സാമീപ്യവും ഒഴിവാക്കേണ്ടതുണ്ട്. ഇടിമിന്നലിൻ്റെ സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും തുടരരുത്. കുട്ടികൾ കളിക്കുന്നതടക്കം ഒഴിവാക്കുക. ഇടിമിന്നൽ സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയോ അരുത്. വാഹനത്തിനുള്ളിലാണെങ്കിൽ പുറത്തിറങ്ങരുത്. സൈക്കിൾ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലെ യാത്ര ഒഴിവാക്കി ഏതെങ്കിലും കെട്ടിടത്തിനുള്ളിൽ അഭയം തേടുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും മീൻ പിടിയ്ക്കുന്നതും ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. പട്ടം പറത്തുന്നത് ഒഴിവാക്കുക. ടെറസിലോ മറ്റ് ഉയരമുള്ള ഇടങ്ങളിലോ മരത്തിലോ ഒക്കെ ഇടിമിന്നൽ സമയത്ത് ഇരിക്കുന്നത് അപകടമാണ്.