5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cloud Burst: മേഘം പൊട്ടിത്തെറിക്കുമോ? എന്താണ് മേഘവിസ്ഫോടനം

cloud burst and heavy rain at kerala : ശക്തമായ മഴയും കാറ്റും ഇടിയും ചിലപ്പോഴൊക്കെ ആലിപ്പഴ വർഷവും, ക്യുമുലോ നിംബസ് മേഘങ്ങളുടെ പ്രത്യേകതയായി കരുതപ്പെടുന്നു.

Cloud Burst: മേഘം പൊട്ടിത്തെറിക്കുമോ? എന്താണ് മേഘവിസ്ഫോടനം
aswathy-balachandran
Aswathy Balachandran | Updated On: 29 May 2024 16:34 PM

കൊച്ചി: കേരളത്തിൽ ഉടനീളം കഴിഞ്ഞ ദിവസം ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ട വാർത്തകൾ നാം കണ്ടു. ഈ ശക്തമായ മഴയ്ക്ക് കാരണം മേഘവിസ്ഫോടനമാണെന്നാണ് വിദ​ഗ്ധരുടെ കണ്ടെത്തൽ. പലപ്പോഴും മഴ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഈ പേര് പലരുടേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. എന്നാൽ എന്താണ് മേഘവിസ്ഫോടനം? ഇത് എപ്പോഴാണ് ഉണ്ടാകുന്നത്? . ഇത് എങ്ങനെ വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന തരത്തിൽ ശക്തമായ മഴയ്ക്ക് കാരണമാകുന്നു? ഇത്തരം ചോദ്യങ്ങൾ പലപ്പോഴും പലർക്കുമുണ്ടാകും.

കുറഞ്ഞ സമയത്തിൽ ഒരു പ്രദേശത്ത് ശക്തമായ മഴ പെയ്യുന്ന പ്രതിഭാസമാണിത്. ചിലപ്പോൾ മിനിറ്റുകൾ മാത്രം നീളുന്ന മഴയേ പെയ്യൂ. ചിലപ്പോൾ അത് നീണ്ടു പോയെന്നും വരാം. എന്നാൽ വലിയ വെള്ളപ്പൊക്കങ്ങൾക്കും നാശനഷ്ടങ്ങൾക്കും അത് ഇടയാക്കാറുണ്ട്. കാറ്റും ഇടിമുഴക്കവും ഉണ്ടാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഈ മഴ, പെട്ടെന്നു ശക്തിപ്രാപിക്കുകയും ആ പ്രദേശത്തെയാകെ വെള്ളത്തിനടിയിലാക്കുകയും ചെയ്തേക്കാം.

മണിക്കൂറിൽ 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനം എന്ന് വിളിക്കാം. ഇന്ത്യയിൽ, ജൂൺ മാസം മുതൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്താണ് സാധാരണയായി മേഘവിസ്ഫോടനം ഉണ്ടാകുന്നത്.

കാരണക്കാർ ക്യുമുലോ നിംബസ് മഴമേഘങ്ങൾ

മേഘങ്ങളിൽ ഏറ്റവും വലിപ്പം കൂടിയവയാണ് ക്യുമുലോ നിംബസ് മഴ മേഘങ്ങൾ. ഇവ കേരളത്തിൽ സാധാരണയായി രൂപപ്പെടുന്നത് തുലാവർഷകാലത്താണ്. ‌ഭൗമോപരിതലത്തിൽനിന്ന്, ഈർപ്പംനിറഞ്ഞ വായു അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്ക് ഉയരുകയും തുടർന്ന് ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മഴമേഘങ്ങൾ രൂപപ്പെടുന്നത്. ശക്തമായ മഴയും കാറ്റും ഇടിയും ചിലപ്പോഴൊക്കെ ആലിപ്പഴ വർഷവും, ക്യുമുലോ നിംബസ് മേഘങ്ങളുടെ പ്രത്യേകതയായി കരുതപ്പെടുന്നു.

ഈ മേഘത്തിനുള്ളിൽ, ശക്തിയേറിയ വായുപ്രവാഹം കാണാറുണ്ട്. മേഘത്തിന്റെ നടുഭാഗത്തു കൂടി അടിയിൽ നിന്നു മുകളിലേക്കുയരുന്നതിനെ അപ്​ഡ്രിഫ്റ്റ് എന്നാണ് വിളിക്കുന്നത്. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത്‌ ഐസ് ക്രിസ്റ്റലുമുണ്ട്. ക്യുമുലോ നിംബസ് മേഘങ്ങളിൽ ഡൗൺഡ്രിഫ്റ്റ് കൂടുതലാണ്. അതുകൊണ്ട് കൂടുതൽ ഈർപ്പമുള്ള വയുപ്രവാഹം മുകളിലെത്തുന്നു.

ഭൗമാന്തരീക്ഷത്തിന്റെ നിശ്ചിത ഭാ​ഗത്തിനു മുകളിൽ വളരെ തണുത്ത അവസ്ഥയാണുള്ളത്. മേഘത്തിനുള്ളിലൂടെ എത്തുന്ന വായു ഈ കൊടുംതണുപ്പിലേക്കു എത്തുമ്പോൾ ജലാംശം മുഴുവൻ ഉറഞ്ഞു വലിയ മഞ്ഞുകണങ്ങളാകുന്നു. കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറയുന്ന സമയത്ത് ഈ മഞ്ഞുകണങ്ങൾ ഭൂഗുരുത്വാകർഷണത്തിൽപ്പെട്ടു താഴേക്കു പതിക്കുന്നു. അതിനിടയിൽ താഴേക്കുള്ള യാത്രയിൽ കൂടൂതൽ ചെറിയകണങ്ങളുമായി ചേർന്ന്, അവയുടെ വലിപ്പം കൂടുകയും ഭൗമോപരിതലത്തിലെമ്പോൾ, അന്തരീക്ഷതാപം കൂടുതലായതിനാൽ ഉരുകി വെള്ളത്തുള്ളിയായി മാറുകയും ചെയ്യും. ഇതാണ് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്.

പല വർഷങ്ങളിലും ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടങ്ങൾക്കും നിരവധി മരണങ്ങൾക്കും കാരണമായ മഴയും മണ്ണിടിച്ചിലും മറ്റുമുണ്ടായത് ഇതിനാലാണെന്നാണ് റിപ്പോർട്ട്. മലനിരകളിൽ മേഘവിസ്ഫോടനം കാരണം വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ചെളിപ്രവാഹം എന്നിവ ഉണ്ടാകാറുണ്ട്.