Kerala Rain Alert : വരുന്നുണ്ടേ പെരുംമഴ, കുട എടുത്തേക്കണേ ! വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala Weather Forecast Today December 12 : മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഇതുവരെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാത്തത്. ഈ ജില്ലകളില്‍ നേരിയ മഴ പെയ്‌തേക്കാം.
നാളെ ഒരു ജില്ലകളിലും ഇതുവരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളില്ല.
ജാഗ്രത വേണം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് നിര്‍ദ്ദേശം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
ശബരിമലയില്‍
പമ്പയിലും, നിലയ്ക്കലും, സന്നിധാനത്തും ഇന്നും നാളെയും ആകാശം പൊതുമെ മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ മിതമായതോ ശക്തമായതോ (മണിക്കൂറില്‍ മൂന്ന് സെന്റി മീറ്റര്‍ വരെ) ആയ മഴയ്‌ക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. കനത്ത മഴയ്ക്കും (24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റി മീറ്റര്‍ വരെ), ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Read Also : പിണറായി–സ്റ്റാലിൻ കൂടിക്കാഴ്ച; മുല്ലപ്പെരിയാർ ചർച്ചയായേക്കും, കുമരകത്ത് കനത്ത സുരക്ഷ
മത്സ്യബന്ധനത്തിന് പോകരുത്
കേരള തീരത്ത് ഇന്ന് മുതല്‍ 14 വരെയും, ലക്ഷദ്വീപ് തിരത്ത് നാളെയും, മറ്റന്നാളും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് മുതല്‍ 14 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ലക്ഷദ്വീപ് തീരത്ത് നാളെയും, മറ്റന്നാളും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.