കേരളത്തിൽ മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശമുണ്ട്.
സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത നേരത്തേയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. കൂടാതെ മഴയുണ്ടെങ്കിലും ചൂടു കൂടുമെന്നും അറിയിപ്പുണ്ടായിരുന്നു.
11 ജില്ലകളിലാണ് താപനില ഉയരുന്നതിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മുന്നറിയിപ്പുള്ള ജില്ലകളിൽ സാധാരണയെക്കാൾ 2 – 4 °C വരെ താപനില ഉയരാനാണ് സാധ്യതയെന്നും അറിയിപ്പുണ്ടായിരുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഐഎൻഒഐഎസ്) അറിയിച്ചിട്ടുണ്ട്. കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും നാളെ രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.