Madhav Gadgil: കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം; നിർദേശവുമായി ഗാഡ്ഗിൽ
കേരളത്തിലുള്ള 85ശതമാനം ക്വാറികളും അനധികൃതമായി പ്രവർത്തിക്കുന്നവയാണ്. ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണമെന്ന് മാധവ് ഗാഡ്ഗിൽ.
വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് പരിസ്ഥിതി പ്രവർത്തകൻ ഡോ. മാധവ് ഗാഡ്ഗിൽ. കൽപറ്റയിൽ പ്രകൃതി സംരക്ഷണ സമിതി നടത്തുന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനത്തിൽ വെച്ചാണ് വീഡിയോ സന്ദേശത്തിലൂടെ മാധവ് ഗാഡിൽ ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ ക്വാറികളുടെ പ്രവർത്തനത്തെക്കുറിച്ചും പരിസ്ഥിതി ചൂഷണത്തെക്കുറിച്ചും മാധവ് ഗാഡ്ഗിൽ വിമർശനങ്ങൾ ഉയർത്തി. വയനാട്ടിലെ ദുരന്തബാധിതർക്ക് 25,000 രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം കൃത്യമായി നടപ്പാകേണ്ടതുണ്ടെന്ന് ഗാഡ്ഗിൽ പറഞ്ഞു. മുൻപ് മഹാരാഷ്ട്രയിൽ ഇത്തരത്തിൽ പ്രകൃതി ദുരന്തത്തിൽ പുനരധിവാസം കൃത്യമായി നടന്നിട്ടില്ല. കേരളത്തിലെ ക്വാറികളിൽ നല്ലൊരു ശതമാനവും അനധികൃതമാണെന്നും, എത്ര ക്വാറികൾ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകൾ പോലും ഇല്ലെന്നും ഗാഡ്ഗിൽ ആരോപിച്ചു.
READ MORE: വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
ആഗോള തലത്തിൽ പരിശോധിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിൽ മോശം റാങ്കിങ് ആണ് ഇന്ത്യക്കുള്ളത്, ഇതിൽ മാറ്റമുണ്ടാകണം. കേരളത്തിൽ മൈനിങ് ജോലികൾ കൂടുതലും തദ്ദേശീയരെ ഏൽപ്പിക്കണം. കേരളത്തിലുള്ള 85ശതമാനം ക്വാറികളും അനധികൃതമായി പ്രവർത്തിക്കുന്നവയാണ്. അതിനാൽ, ക്വാറികൾ മുഴുവനും സർക്കാർ ഏറ്റെടുക്കണം. കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം.
കൂടാതെ, വലിയ റിസോർട്ടുകൾ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുന്നു. വയനാട്ടിൽ ഉൾപ്പടെ ഇതിൻ്റെ ആഘാതമുണ്ട്. വയനാട്ടിൽ ഗോവ മോഡലിൽ ഹോം സ്റ്റേ ടൂറിസം നടപ്പാക്കണം. ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ തേയില തോട്ടങ്ങൾ ഏറ്റെടുക്കണമെന്നും ഗാഡ്ഗിൽ പറഞ്ഞു.