Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Fake online Trading in Kottayam: തുക നല്‍കിയതോടെ വൈദികന് സംഘത്തെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കടുത്തുരുത്തി എസ്എച്ച്ഒ ടി എസ് റെനീഷ് പറഞ്ഞു.
കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് വഴി വൈദികന് പണം നഷ്ടമായി. ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെയാണ് വൈദികന്‍ പറ്റിക്കപ്പെട്ടത്. അമിതലാഭം വാഗ്ദാനം ചെയ്ത് പലതവണയായി വൈദികനില്‍ നിന്ന് 1.41 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു. 850 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് വൈദികനുമായി സംഘം ഇടപാട് സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു.
ആദ്യം 50 ലക്ഷമാണ് സംഘം വൈദികനില്‍ നിന്ന് വാങ്ങിച്ചത്. പിന്നീട് 17 ലക്ഷവും വാങ്ങിച്ചു. സംഘം വാഗ്ദാനം ചെയ്ത പ്രകാരം ലാഭം ലഭിച്ചതോടെ വൈദികന്‍ പലരില്‍ നിന്നായി പണം സ്വരൂപിച്ച് 1.41 കോടി രൂപ വീണ്ടും നിക്ഷേപിച്ചു.
എന്നാല്‍ ഈ തുക നല്‍കിയതോടെ വൈദികന് സംഘത്തെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കടുത്തുരുത്തി എസ്എച്ച്ഒ ടി എസ് റെനീഷ് പറഞ്ഞു.
അതേസമയം, നേരത്തെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍ക്കും ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴി പണം നഷ്ടപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ട്രേഡിങ് പഠിപ്പിക്കുന്നതിനായി ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിങ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയതിന് ശേഷമാണ് തട്ടിപ്പിനിരയാക്കിയത്.
സംഭത്തില്‍ ഗ്രൂപ്പിന്റെ അഡ്മിന്മാരായ അയാന ജോസഫ്, വര്‍ഷ സിങ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. 850 ശതമാനം ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ ജഡ്ജിയെ കബളിപ്പിച്ചത്. ട്രേഡിങ് ഗുരു എന്ന് സ്വയം വിശേഷിപ്പിച്ച് ഗ്രൂപ്പ് അംഗങ്ങളുടെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്.
അംഗങ്ങളെ നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിച്ച ശേഷം ഓണ്‍ലൈനായി പണമടയ്ക്കാനുള്ള ലിങ്ക് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു. ഈ ലിങ്ക് തുറന്ന് കയറുമ്പോള്‍ പണം നിക്ഷേപിക്കാനുള്ള ഓപ്ഷന്‍ കാണിക്കും. ശേഷം പണം നിക്ഷേപിക്കുന്നതിനുള്ള ആപ്പ് അംഗങ്ങളുടെ ഫോണിലോ ലാപ്‌ടോപ്പിലോ ഡൗണ്‍ലോഡാകും.
തുടര്‍ന്ന് അംഗങ്ങള്‍ പ്രതികള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പണം നിക്ഷേപിക്കുന്നതാണ് രീതി. എന്നാല്‍ പണം നിക്ഷേപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത തുക ലഭിക്കാതാകുന്നതോടെയാണ് പലരും തട്ടിപ്പിനിരയായ വിവരമറിയുന്നത്.