Kerala Police Warning: സൂക്ഷിക്കുക… സൈബർ ലോകത്ത് മറഞ്ഞിരിക്കുന്ന കണ്ണുകളെ; ജാഗ്രതാ നിർദ്ദേശം
Kerala Police Warning About Cyber Attack: കുട്ടികളുടെ കൈയ്യിൽ മൊബൈൽ ഫോൺ നൽകുന്ന മാതാപിതാക്കളാണ് ഇക്കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടത്. സമൂഹ മാധ്യമം എന്ന വലിയ ലോകത്ത് അവർക്ക് അറിയാത്തതായി നിരവധി കാര്യങ്ങളുണ്ടായേക്കാം. എന്നാൽ അതിന് കരുതൽ ആവശ്യമാണ്.

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പുകൾക്ക് ഇരയാവുന്നവരുടെ എണ്ണം ദിനംപ്രതി നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരികയാണ്. എന്തെല്ലാം സുരക്ഷയുണ്ടെങ്കിലും തട്ടിപ്പു സംഘങ്ങൾക്ക് മുന്നിൽ പെടാതിരിക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ഫോൺകോളുകൾ വഴിയും, വാട്സ്ആപ്പ് സന്ദേശങ്ങൾ വഴിയും നിരവധി വ്യാജ പ്രചരണങ്ങളും തട്ടിപ്പുമാണ് നടന്നുവരുന്നത്. ഇപ്പോഴിതാ ഇതിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്.
കുട്ടികളുടെ കൈയ്യിൽ മൊബൈൽ ഫോൺ നൽകുന്ന മാതാപിതാക്കളാണ് ഇക്കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടത്. സമൂഹ മാധ്യമം എന്ന വലിയ ലോകത്ത് അവർക്ക് അറിയാത്തതായി നിരവധി കാര്യങ്ങളുണ്ടായേക്കാം. എന്നാൽ അതിന് കരുതൽ ആവശ്യമാണ്. പഠനത്തിനും, സ്വന്തം സംരംഭങ്ങൾക്ക് പ്രചാരം നൽകാനും , അഭിരുചികൾ വളർത്താനുമൊക്കെ സമൂഹ മാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. പക്ഷേ, അതിന്റെ മറവിൽ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ചും നമ്മൾ അറിഞ്ഞിരിക്കേണ്ടത് അവശ്യമാണ്. ഫേസ്ബുക്കിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വ്യാജ കോളുകളോടോ സന്ദേശങ്ങളോടോ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഒരിക്കലും പങ്കുവയ്ക്കരുത്. ഓൺലൈനിൽ നമ്മൾ കാണുന്നവർക്ക് മറ്റൊരു മുഖം കൂടി ഉണ്ടായേക്കാമെന്നത് ഓർത്തുവെയ്ക്കുക. ഫേക്ക് പ്രൊഫൈലുകൾ, തട്ടിപ്പുകൾ, ബ്ലാക്ക്മെയിലിങ്ങ് എന്നിവ ഇപ്പോൾ സർവസാധാരണമായി മാറിയിരിക്കുകയാണ്. നിങ്ങളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നമുക്ക് അറിയാവുന്നവരും അറിയാത്തവരും ഒരുപക്ഷേ നിരീക്ഷിക്കുന്നുണ്ടാവും.
നിങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ, വിവരങ്ങൾ, ലൈക്കുകളും ഷെയറുകളും എല്ലാം പലയിടങ്ങളിലും സ്റ്റോർ ചെയ്ത് വയ്ക്കുന്നുണ്ട്. പലപ്പോഴും ഇത് അപകടകരമായ സാഹചര്യം സൃഷ്ടിച്ചേക്കാം. സൈബർ ലോകം എത്ര മനോഹരമായും സൗഹൃദപരമായും തോന്നിയാലും, നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ജാഗ്രതയോടെ തന്നെ മുന്നോട്ട് പോവുക. നിങ്ങളെ നിരീക്ഷിക്കുന്ന ഒരു മൂന്നാം കണ്ണ് അവിടെ സദാ സജീവമാണെന്നത് നാം മറക്കരുത്.
നമ്മുടെ ഫോണിൽ അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ നമ്മളെ തട്ടിപ്പുകൾക്ക് ഇരയാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇത്തരം കോളുകൾ ശ്രദ്ധിച്ചു മാത്രം എടുക്കണമെന്നും പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഏതെങ്കിലും തരത്തിൽ തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും നിർദ്ദേശത്തിൽ പറയുന്നു.