Crime News: ആ മൊട്ടത്തലയനെ തേടി അയൽവാസിയിലേക്ക്; വളപട്ടണത്ത് കോടികൾ കവർന്നയാളെ പൊക്കിയ പോലീസ് ബുദ്ധി
Kannur Valapattanam Theft: ഒരു കോടിയിലധികം രൂപയും 200 പവനിലധികം സ്വർണവുമാണ് പ്രതി കവർന്നത്, 20 പേരടങ്ങുന്ന അന്വേഷണ സംഘം നടത്തിയ കൂട്ടായ പരിശ്രമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്
കണ്ണൂർ: വമ്പൻ കവർച്ച നടത്തി മുങ്ങിയ മോഷ്ടാവിനെ പൊക്കാൻ പോലീസിൻ്റെ ഭാഗീരഥ പ്രയത്നം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് 115 ഓളം കോൾറെക്കോർഡുകളും (സിഡിആർ) 100 സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. 75 ഓളം ആളുകളുടെ വിരലടയാളം പരിശോധിച്ചാണ് ഒടുവിൽ പ്രതിയെ കണ്ടെത്തിയത്. 1.24 കോടി രൂപയും 267 പവൻ സ്വർണവുമാണ് പ്രതി ലീജീഷ് വളപട്ടണത്തെ വ്യവസായി കെപി അഷ്റഫിൻ്റെ പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്ന് മോഷ്ടിച്ചത്. അഷ്‌റഫിൻ്റെ അയൽവാസി കൂടിയാണ് ലിജീഷ്. നവംബർ 20-ന് അഷ്‌റഫും കുടുംബവും തമിഴ്‌നാട്ടിലെ മധുരയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. തിരികെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. നവംബർ 25 ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കേസ് അന്വേഷിക്കാൻ 20 അംഗ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. 35 ലോഡ്ജുകളിൽ പരിശോധന നടത്തി കോഴിക്കോട് മുതൽ മംഗളൂരുവരെയുള്ള മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. സമാനമായ മോഷണ ശൈലി ഉപയോഗിക്കുന്ന 67 മോഷ്ടാക്കളെയും സംഘം നിരീക്ഷിച്ചു. കൂടാതെ 215 പേരിൽ നിന്നും മൊഴി ശേഖരിച്ചതായും പൊലീസ് അറിയിച്ചു.
ഇതിനിടയിൽ അഷ്‌റഫിൻ്റെ വീട്ടിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിർണായക സൂചന ലഭിച്ചു. സിസിടിവി ക്യാമറയിൽ പതിഞ്ഞ മൊട്ടത്തലയനെ കേന്ദ്രീകരിച്ച നടന്ന അന്വേഷണമാണ് ലീജീഷിലേക്ക് എത്തിയത്. പോലീസ് ലിജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടക്കത്തിൽ കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്ന് ഇയാൾ നിഷേധിച്ചെങ്കിലും പോലീസ് തെളിവുകൾ ഹാജരാക്കിയപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
വെൽഡിംഗ് തൊഴിലാളിയാണ് പ്രതിയായ ലിജീഷ്. കണ്ണൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്ത സമാനമായ മറ്റ് കവർച്ച കേസുകളിലും ഇയാൾക്ക് പങ്കുള്ളതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. ഇതിനിടെ ലിജീഷിൻ്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച പണവും സ്വർണാഭരണങ്ങളും അന്വേഷണസംഘം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.