Organ Trade: അവയവ കടത്തിലെ പ്രധാന കണ്ണിക്കെതിരെ ബ്ലൂ കോർണർ നോട്ടീസ്? സിബിഐയെ സമീപിച്ച് പോലീസ്
Kochi Organ Trade Case: ഇന്ത്യയും ഇറാനും 2008ൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു അതു കൊണ്ട് തന്നെ പ്രതിയെ കൈമാറ്റം ചെയ്യാൻ മറ്റ തടസ്സങ്ങൾ ഉണ്ടാവില്ല.
കൊച്ചി: അന്താരാഷ്‌ട്ര അവയവ കടത്ത് കേസിൽ ഇറാനിൽ ഒളിവിൽ കഴിയുന്ന പ്രധാന കണ്ണി കൊച്ചി സ്വദേശി മധു ജയകുമാറിനെതിരെ ഇൻ്റർപോൾ ‘ബ്ലൂ കോർണർ’ നോട്ടീസ് പുറപ്പെടുവിച്ചേക്കും. ആവശ്യമുന്നയിച്ച് കേരള പോലീസ് സിബിഐയെ സമീപിച്ചിട്ടുണ്ട്. നോട്ടീസ് നൽകുന്നതിനുള്ള അപേക്ഷ കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ഇൻ്റർപോൾ അതോറിറ്റിയായ സിബിഐക്ക് സമർപ്പിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതിയെ പറ്റി വിവരം ലഭിച്ചാലുടൻ ഇയാളെ വിട്ടുകിട്ടാനുള്ള നടപടികൾ പൊലീസ് ആരംഭിക്കും. ഇന്ത്യയും ഇറാനും 2008ൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു, അതു കൊണ്ട് തന്നെ പ്രതിയെ കൈമാറ്റം ചെയ്യാൻ മറ്റ് തടസ്സങ്ങൾ ഉണ്ടാവില്ല.
കേരളത്തിൽ നിന്നെത്തിക്കുന്ന അവയവ ദാതാക്കളെ ഇറാനിലെ ആശുപത്രികളിൽ എത്തിക്കുന്നത് മധുവാണ്. ഇയാൾ അറസ്റ്റിലാവുന്നതോടെ കേസിലെ വമ്പൻമാരിലേക്കും വെളിച്ചം എത്താം. ഇറാനിലെ അവയവ റാക്കറ്റിൻ്റെ പ്രവർത്തനത്തെക്കുറിച്ചും വിദേശത്ത് ഇവരെ സഹായിക്കുന്നവരെക്കുറിച്ചുമുള്ള വിവരങ്ങൾ മധുവിൻ്റെ അറസ്റ്റിലൂടെ കണ്ടെത്താനാകും എന്ന് പോലീസ് പറയുന്നു.
മധുവിനെതിരെ കേരളാ പോലീസിൻ്റെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നുണ്ട്. ഇയാളുടെ പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതിയെ നാട്ടിലെത്തിച്ചാൽ ഇയാളെ വിട്ടു കിട്ടാനായി ബന്ധപ്പെട്ട കോടതിയിൽ കേസിലെ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് ശ്രമം.
പല തവണ വിദേശ യാത്ര നടത്തിയിരുന്ന മധുവിൻ്റെ പാസ്‌പോർട്ട് വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്,” എത്രയും വേഗം ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസും, സിബിഐയും.
കേസിൽ വലപ്പാട് സ്വദേശി സബിത്ത് നാസർ , എടത്തല സ്വദേശി സജിത്ത് ശ്യാം, വിജയവാഡ സ്വദേശി പ്രതാപൻ (ബല്ലാംകൊണ്ട രാമപ്രസാദ്) എന്നിവരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത് .