IPS Officers Transfer: കാഫിര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം; ഐപിഎസ് തലപ്പത്ത് അഴിച്ചുപണി
Kafir Case Updates: കോഴിക്കോട് കമ്മീഷണറായിരുന്ന രാജ് പാല്‍ മീണയെ കണ്ണൂര്‍ റേഞ്ച് ഡിഐജിയാക്കിയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ടി നാരായണനാണ് കോഴിക്കോട് കമ്മീഷണര്‍. അവിടത്തെ ഡിഐജിയായിരുന്ന തോംസനെ നേരത്തെ സ്ഥലംമാറ്റിയിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ഏഴ് എസ്പിമാരെയും രണ്ട് കമ്മീഷണര്‍മാരെയുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കാഫിര്‍ കേസ് അന്വേഷിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്കും സ്ഥലംമാറ്റമുണ്ട്. കോഴിക്കോട് റൂറല്‍, കാസര്‍കോട്, കണ്ണൂര്‍ റൂറല്‍, കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിലെ എസ്പിമാരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാരും ഇനി മുതലുണ്ടാകും.
കോഴിക്കോട് കമ്മീഷണറായിരുന്ന രാജ് പാല്‍ മീണയെ കണ്ണൂര്‍ റേഞ്ച് ഡിഐജിയാക്കിയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ടി നാരായണനാണ് കോഴിക്കോട് കമ്മീഷണര്‍. അവിടത്തെ ഡിഐജിയായിരുന്ന തോംസനെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാരനെയും സ്ഥലംമാറ്റി. കാഫിര്‍ കേസ് അന്വേഷിച്ചിരുന്നത് തോംസനും അരവിന്ദ് സുകുമാരനുമായിരുന്നു.
അതേസമയം, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് റിപ്പോര്‍ട്ട് പത്രത്തില്‍ കണ്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ബാക്കി തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിപ്പിച്ചത് ഇടത് സൈബര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നാണെന്നാണ് നിഗമനം. റെഡ് എന്‍കൗണ്ടേഴ്‌സ്, റെഡ് ബറ്റാലിയന്‍ എന്നീ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ എന്നീ ഫേസ്ബുക്ക് പേജുകളിലേക്ക് സ്‌ക്രീന്‍ ഷോട്ട് എത്തിയതെന്നാണ് പറയപ്പെടുന്നത്. അന്വേഷണത്തിനോട് സഹകരിക്കാതിരുന്ന ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മാതൃകമ്പനിയായ മെറ്റയെയും പോലീസ് സംഭവത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തലേദിവസമാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ തുടങ്ങിയ ഇടത് ഫേസ്ബുക്ക് പേജുകളില്‍ വ്യാജ കാഫിര്‍ ഷോട്ട് പ്രചരിപ്പിച്ചത്. അന്ന് വിഷയവുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഥമ ദൃഷ്ട്യാ നടത്തിയ അന്വേഷണത്തില്‍ കാസിം കുറ്റം ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല. കേസില്‍ 12 പേരുടെ മൊഴി രേഖപ്പെടുത്തി. അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേജ് ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് സൈബര്‍ സെല്‍ കോഴിക്കോട് വിഭാഗം അന്വേഷിക്കുകയാണെന്നും ഇതിനായി ഫേസ്ബുക്കിനോട് മറുപടി തേടിയെന്നും അന്വേഷണ സംഘം കേരള ഹൈക്കോടതിയില്‍ പറഞ്ഞതിന് പിന്നാലെ ഇയാളെ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. തന്നെ പ്രതി ചേര്‍ത്തതിനെതിരെ ഖാസിം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇടതനുകൂല ഫേസ്ബുക്ക് പേജുകളിലേക്ക് ഈ സ്‌ക്രീന്‍ഷോട്ട് എത്തിയത് റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ റെഡ് എന്‍കൗണ്ടേഴ്‌സ് എന്ന ഇടത് സൈബര്‍ ഗ്രൂപ്പില്‍ നിന്നാണ് തനിക്ക് സ്‌ക്രീന്‍ഷോട്ട് കിട്ടിയതെന്നാണ് റെഡ് ബറ്റാലിയന്‍ ഗ്രൂപ്പില്‍ ഇത് പോസ്റ്റ് ചെയ്ത അമല്‍ എന്നയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. റെഡ് എന്‍കൗണ്ടേഴ്‌സ് എന്ന ഗ്രൂപ്പില്‍ റിബേഷ് രാമകൃഷ്ണന്‍ എന്നയാളാണ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്. എന്നാല്‍ ഇത് എവിടെ നിന്നാണ് കിട്ടിയതെന്ന് തനിക്ക് ഓര്‍മയില്ലെന്നാണ് റിബേഷ് പോലീസിനോട് പറഞ്ഞത്.
റിബേഷിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷണസംഘം കോടതിയെ അറിയിച്ചു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ വഹാബ് എന്നയാളാണ്. വിവിധ വാട്‌സ് ഗ്രൂപ്പുകളില്‍ നിന്നാണ് സ്‌ക്രീന്‍ഷോട്ട് ലഭിച്ചതെന്നും എന്നാല്‍ എവിടെ നിന്നാണെന്ന് കൃത്യമായി ഓര്‍മയില്ലെന്നുമാണ് വഹാബും മൊഴി നല്‍കിയത്. ഇയാളുടെ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണമെങ്കില്‍ മെറ്റ കമ്പനിയുടെ സഹായം വേണമെന്നും അവര്‍ സഹകരിക്കാത്തതുകൊണ്ടാണ് മൂന്നാം പ്രതിയാക്കിയതെന്നും അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: Bevco Holiday: ആഗസ്റ്റ് 15-ന് ബെവ്കോ പ്രവർത്തിക്കുമോ? അവധി ഇങ്ങനെ
വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്‌കരിക്കുന്ന ദീനിയായ മുസ്ലിമായും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ള സ്‌ക്രീന്‍ഷോട്ടായിരുന്നു പ്രചരിച്ചിരുന്നത്.
അതേസമയം, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സിപിഎം നേതാവ് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് കെകെ ശൈലജ പറഞ്ഞു. സ്‌ക്രീന്‍ഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു ലതിക തന്നോട് മറുപടി പറഞ്ഞത്. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.