Virtual Arrest Scam: കേരള പോലീസ് എന്നാ സുമ്മാവാ…; മലയാളിയിൽ നിന്ന് 61 ലക്ഷം തട്ടിയ പ്രതികളെ ഉത്തർപ്രദേശിൽ ചെന്ന് പൊക്കി
Virtual Arrest Scam Case: പല തവണയായി 61.40 ലക്ഷം രൂപ ഇവരുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു. ഇയാളുടെ ഫോൺ നമ്പർ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വെർച്ച്വൽ അറസ്റ്റെന്ന പേരിൽ മലയാളിയാ വ്യാപാരിയിൽ നിന്ന് ലക്ഷങ്ങൾ തട്ടെയെടുത്ത പ്രതികൾ പിടിയിൽ. 61 ലക്ഷം തട്ടിയ കേസിൽ രണ്ട് പ്രതികളെയാണ് ചേർത്തല പോലീസ് ഉത്തർപ്രദേശിൽ നിന്ന് പിടികൂടിയത്. യുപി സ്വദേശികളായ ശുഭം ശ്രീവാസ്‌തവ (30), മുഹമ്മദ് സഹിൽ (27) എന്നിവരാണ് പിടിയിലായിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയിലെയും മുംബൈ അന്ധേരി പോലീസ് സ്റ്റേഷനിലെ മുതിർന്ന് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവർ പണം തട്ടിയത്.
രണ്ട് ദിവസം കൊണ്ടാണ് ഇത്രയധികം പണം പ്രതികൾ കൈക്കലാക്കിയത്. വാസ്ആപ്പ് കോളിലൂടെയാണ് ചേർത്തല മുട്ടത്തങ്ങാടിയിലെ വ്യാപാരിയെ ആദ്യം സമീപിച്ചത്. കോളിലൂടെ വെർച്ചൽ അറസ്റ്റ് ചെയ്‌തതായി ഭീഷണിപ്പെടുത്തി. പിന്നീട് പല തവണയായി 61.40 ലക്ഷം രൂപ ഇവരുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു. ഇയാളുടെ ഫോൺ നമ്പർ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
എന്നാൽ ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികൾ. തട്ടിപ്പാണെന്ന് മനസ്സിലാക്കിയപ്പോഴേക്കും 61 ലക്ഷത്തോളം പണം വ്യാപാരിയിൽ നിന്ന് നഷ്ടമായിരുന്നു. ഉടൻ തന്നെ ഇയാൾ ചേർത്തല പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്, വയനാട്, ഇടുക്കി സ്വദേശികളായ നാലു പേരെ നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് മുഖ്യപ്രതികളിലേക്കുള്ള വഴിതെളിഞ്ഞത്.
പിന്നീട് ഡൽഹി, ഉത്തർപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവിരെ പിടികൂടിയത്. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.