Kerala Organ Trade: ഇറാൻ ആശുപത്രിയിൽ നിന്ന് വൃക്ക മാറ്റിവെച്ചവർ ഇന്ത്യക്കാർ, വാങ്ങിയത് 12 കോടി
Kerala Organ Trade Updates: ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, ഡൽഹി, കേരളം എന്നിവിടങ്ങളിൽ നിന്നും വൃക്ക നൽകിയിട്ടുള്ള എല്ലാ ദാതാക്കളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്തെ അവയവ കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഇറാനിയൻ ആശുപത്രികളിൽ നടത്തിയ വൃക്ക മാറ്റി വെയ്ക്കലുകളിലെ ഗുണഭോക്താക്കൾ ഇന്ത്യക്കാർ തന്നെയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. വൃക്ക വാങ്ങിയത് വിദേശിയരായിരിക്കുമെന്നായിരുന്നു ആദ്യത്തെ സൂചന.
എന്നാൽ ഇതിന് വിരുദ്ധമാണ് പുതിയ കണ്ടെത്തൽ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 20 വൃക്ക മാറ്റിവയ്‌ക്കലുകളാണ് ഇറാനിലെ റാക്കറ്റിൻ്റെ ആശുപത്രികളിൽ നടത്തിയത്. ഇവിടെ വൃക്ക സ്വീകരിച്ച എല്ലാവരും രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് . രണ്ട് ഇറാനിയൻ ആശുപത്രികൾ, ഇന്ത്യ ആസ്ഥാനമായുള്ള ഇടനിലക്കാരുമാണ് റാക്കറ്റുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, ഡൽഹി, കേരളം എന്നിവിടങ്ങളിൽ നിന്നും വൃക്ക നൽകിയിട്ടുള്ള എല്ലാ ദാതാക്കളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. വൃക്ക മാറ്റി വെച്ചവരിൽ നിന്നും 12 കോടിയിലധികം രൂപയാണ് ഇടനിലക്കാർ വാങ്ങിയത്. ഇതിൽ വൃക്ക നൽകിയവർക്ക് ആറ് ലക്ഷം രൂപ വീതം നൽകിയതായും ബാക്കി തുക റാക്കറ്റിലെ അംഗങ്ങൾക്കായി പങ്കിട്ടതായും വിവിധ സോഴ്സുകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സപ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
അവയവ കച്ചവട കേസിൽ ഇതുവരെ 13 പേരാണ് അറസ്റ്റിലായത് ഇവരിൽ പലരെയും പറഞ്ഞ തുക നൽകാതെ പറ്റിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ വൃക്ക നൽകിയ 20 പേരിൽ ഒരാളായ പാലക്കാട് സ്വദേശി ഷമീറും തന്നെ കബളിപ്പിച്ച കഥ മാധ്യമങ്ങളോട് വൃക്തമാക്കിയിട്ടുണ്ട്.ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതുവരെ കേസിൽ 13 പേരെ അറസ്റ്റ് ചെയ്തും.
കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മധു ജയകുമാറിന് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. ഇയാൾ ഇറാനിൽ ഒഴിവിൽ കഴിയുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. റാക്കറ്റിൻ്റെ മുഴുവൻ ഇറാനിയൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനുള്ള മധു ജയകുമാറിനാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസിലെ ഇടനിലക്കാരനായ സാബിത്ത് നസീറിനെ പോലീസ് പിടികൂടിയിരുന്നു.