Kerala Organ Trade: അവയവ മാഫിയയെ പൂട്ടാൻ എൻഐഎ, കേസ് ഉടൻ ഏറ്റെടുത്തേക്കും?
Kerala Organ Trade Case: അവയവക്കടത്തുമായി ബന്ധപ്പെട്ട് മാഫിയയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ പുറത്തു കൊണ്ടു വരാൻ എൻഐഎ അന്വേഷണം ഗുണം ചെയ്യുമെന്നാണ് വിശ്വാസം
കൊച്ചി: കേരളത്തെ ഞെട്ടിച്ച അവയവ വ്യാപാര കേസ് എൻഐഎ എറ്റെടുത്തേക്കും. ഇറാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അവയവ മാഫിയക്ക് കേസിൽ ബന്ധമുണ്ടെന്ന് ഏകദേശം തെളിഞ്ഞതോടെയാണ് കേസിൽ കൂടുതൽ മാറ്റങ്ങൾ എത്തുന്നത്. മാഫിയയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ, മനുഷ്യക്കടത്ത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ തുടങ്ങിയവ എൻഐഎ അന്വേഷിക്കും.
കൊച്ചി എൻഐഎ പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് ദേശീയ ഏജൻസി അന്വേഷണം ഏറ്റെടുത്തത്. കേസിൽ തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയത്തിൻ്റെ അറിയിപ്പ് ലഭിച്ചിരുന്നു ഇതിന് ശേഷമാണ് എൻഐഎ റിപ്പോർട്ട് സമർപ്പിച്ചത്. അവയവക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനായി കേരളാ സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻ്റ് അതോറിറ്റി പോലീസിനെ സമീപിച്ചിരുന്നു.
ALSO READ: Kerala Organ Trade: ഇറാൻ ആശുപത്രിയിൽ നിന്ന് വൃക്ക മാറ്റിവെച്ചവർ ഇന്ത്യക്കാർ, വാങ്ങിയത് 12 കോടി
അവയവക്കടത്തുമായി ബന്ധപ്പെട്ട് മാഫിയയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ പുറത്തു കൊണ്ടു വരാൻ എൻഐഎ അന്വേഷണം ഗുണം ചെയ്യുമെന്നാണ് വിശ്വാസം. ഇതിനിടയിൽ കേരള പോലീസിൽ നിന്ന് ഫയലുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഏജൻസി എൻഐഎ കോടതിയെ സമീപിച്ചിട്ടുണ്ട്.
എന്നാൽ എൻഐഎ അന്വേഷണത്തെക്കുറിച്ച് ഞങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എറണാകുളം റൂറൽ പോലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു. എൻഐഎയ്ക്ക് അവരുടെ വിവേചനാധികാരത്തിൽ കേസ് ഏറ്റെടുക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ വലപ്പാട് സ്വദേശി സബിത്ത് നാസർ , എടത്തല സ്വദേശി സജിത്ത് ശ്യാം, വിജയവാഡ സ്വദേശി പ്രതാപൻ എന്ന ബല്ലാംകൊണ്ട രാമപ്രസാദ് എന്നിവരടക്കം 13 പേരാണ് അറസ്റ്റിലായത്. റാക്കറ്റിൻ്റെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന മധു ജയകുമാർ ഇപ്പോഴും ഇറാനിൽ ഒളിവിലാണെന്നാണ് സൂചന.
റാക്കറ്റിൻ്റെ ഇടനിലക്കാരനായ സാബിത്ത് നസീർ കൊച്ചി എയർപോർട്ടിൽ അറസ്റ്റിലായതോടെയാണ് അവയവക്കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ പുറം ലോകം അറിയുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ റാക്കറ്റിൽ പ്രധാന പങ്ക് വഹിച്ചതായും 20 പേരുടെ അവയവങ്ങൾ ശേഖരിക്കാൻ സഹായിച്ചതായും കണ്ടെത്തിയിരുന്നു.