Kerala New Year Liquor Sale: മലയാളി ഇങ്ങനെ പൊളിക്കണോ! പുതുവത്സരത്തില്‍ കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന
New Year Liquor Sale in Kerala: തിരുവനന്തപുരത്തെ പവര്‍ ഹൗസ് ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തിന് തലേദിവസം കേരളത്തില്‍ വിറ്റഴിഞ്ഞത് 95.69 കോടി രൂപയുടെ മദ്യമായിരുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടി രൂപയുടെ മദ്യമായിരുന്നു അന്നേ ദിവസം വില്‍പന നടന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സരത്തിലും റെക്കോര്‍ഡ് മദ്യ വില്‍പന. 108 കോടിയുടെ മദ്യമാണ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ വിറ്റഴിഞ്ഞത്. പുതുവത്സര തലേന്നാണ് മദ്യവില്‍പനയില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 കോടിയുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്.
ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി ഇത്തവണ വിറ്റുപോയത് 96.42 കോടി രൂപയുടെ മദ്യമാണ്. എറണാകുളം ജില്ലയിലാണ് ഇത്തവണ കൂടുതല്‍ മദ്യ വില്‍പന നടന്നത്. കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. 92.31 ലക്ഷം രൂപയുടെ മദ്യ വില്‍പനയാണ് ഇവിടെ നടന്നത്.
തിരുവനന്തപുരത്തെ പവര്‍ ഹൗസ് ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തിന് തലേദിവസം കേരളത്തില്‍ വിറ്റഴിഞ്ഞത് 95.69 കോടി രൂപയുടെ മദ്യമായിരുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടി രൂപയുടെ മദ്യമായിരുന്നു അന്നേ ദിവസം വില്‍പന നടന്നത്.
എന്നാല്‍, ഇത്തവണ 2.28 കോടി രൂപയുടെ അധിക വില്‍പനയാണ് ഉണ്ടായത്. കൊല്ലം, തൃശൂര്‍ ജില്ലകളിലായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ വില്‍പന നടന്നിരുന്നതെങ്കില്‍ ഇത്തവണ എറണാകുളവും തിരുവനന്തപുരവുമാണ് മുന്നിട്ട് നില്‍ക്കുന്നത്. കൊല്ലം ജില്ലയിലും വില്‍പന തകൃതിയായി നടന്നു. ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആകെ 712.05 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ച് തീര്‍ത്തത്.
അതേസമയം, ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 152 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ക്രിസ്തുമസ് ദിനത്തിലും അതിന് തലേ ദിവസവുമാണ് കേരളത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ റെക്കോര്‍ഡ് വില്‍പന നടന്നത്. ഡിസംബര്‍ 24, 25 തീയതികളിലായി 152.06 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം 122.14 കോടിയുടെ മദ്യമായിരുന്നു വില്‍പന നടന്നത്.
2024 ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട്ലെറ്റുകള്‍ വഴി 54.64 കോടി രൂപയുടെ മദ്യത്തിന്റെ വില്‍പന നടന്നപ്പോള്‍, 2023ല്‍ ഡിസംബര്‍ 25ന് 51.14 കോടിയുടെ മദ്യമായിരുന്നു വിറ്റുപോയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.84 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
ഡിസംബര്‍ 24ന് ബീവറേജസ് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടി രൂപയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടി രൂപയുടെയും മദ്യവില്‍പന നടന്നു. അങ്ങനെ ആകെ 97.42 കോടി രൂപയാണ് മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബര്‍ 24ന് ബീവറേജസ് ഔട്ട്ലെറ്റുകളിലൂടെ 71 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 37.21 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.