Kerala MVD: കേട്ടതൊന്നും സത്യമല്ല! നിയമ ലംഘനങ്ങൾക്ക് ഫോട്ടോയെടുത്ത് പിഴ ഈടാക്കും; വ്യാജവാർത്ത തള്ളി എംവിഡി
Kerala MVD About Law Violation: ഏതെങ്കിലും തരത്തിൽ സാധുതയുള്ള രേഖകൾ കൈവശം ഉണ്ടായിട്ടും പിഴ ചുമത്തപ്പെട്ടാൽ നിങ്ങൾ യഥാർത്ഥ രേഖ ഹാജരാക്കിയാൽ പിഴ ഒഴിവാക്കി കൊടുക്കുന്നതാണെന്നും എംവിഡി വ്യക്തമാക്കി. പുറത്തുവന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന വാർത്ത തള്ളി കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്. സർട്ടിഫിക്കറ്റുകളുടെ കാലാവധി താർന്നാലും പിഴ ഈടാക്കില്ലെന്നാണ് പുറത്തുവന്ന വാർത്ത. മോട്ടോർ വാഹന നിയമലംഘനങ്ങൾക്കും പിഴ ഈടാക്കുമെന്നാണ് എംവിഡി അറിയിച്ചിരിക്കുന്നത്. കൂടാതെ നിയമലംഘനങ്ങൾക്ക് ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി പിഴ ചുമത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും എംവിഡി അറിയിച്ചു.
അതേസമയം ഏതെങ്കിലും തരത്തിൽ സാധുതയുള്ള രേഖകൾ കൈവശം ഉണ്ടായിട്ടും പിഴ ചുമത്തപ്പെട്ടാൽ നിങ്ങൾ യഥാർത്ഥ രേഖ ഹാജരാക്കിയാൽ പിഴ ഒഴിവാക്കി കൊടുക്കുന്നതാണെന്നും എംവിഡി വ്യക്തമാക്കി. അമിതവേഗം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുക, അനധികൃത പാർക്കിംഗ്, ട്രാഫിക് സിഗ്നലിൽ റെഡ് ലൈറ്റ് അവഗണിക്കുക തുടങ്ങിയവയ്ക്ക് ഇ-ചെല്ലാൻ സംവിധാനത്തിൽ ഓട്ടോമേറ്റ്ഡ് ചെല്ലാനുകൾ തയ്യാറാക്കി പിഴ ചുമത്തുന്നതിന് വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുന്നതിനും, നിർത്താതെ പോയ വണ്ടിയുടെ ചിത്രമെടുത്ത് ഇ-ചെല്ലാൻ വഴി പിഴ ഈടാക്കാനുള്ള അധികാരവും കേന്ദ്ര മോട്ടോർ വാഹന നിയമം നൽകിയിട്ടുണ്ട്. പുറത്തുവന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
നിലവിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടം 167(1), (2) പ്രകാരം എല്ലാത്തരം മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കും ഇ-ചെല്ലാൻ വഴി പിഴ ചുമത്താൽ സംസ്ഥാന സർക്കാരും അധികാരം നൽകിയിട്ടുണ്ട്. എംവിഡി ഉദ്യോഗസ്ഥർ തയ്യാറാക്കിയ ചെല്ലാനുകളിൽ റൂൾസ് 167എയിൽ പ്രതിപാദിക്കുന്ന 12 നിയമലംഘനങ്ങൾക്ക് മാത്രമാണ് സാധുത ഉള്ളതെന്നും അങ്ങനെ അല്ലാതെ പിഴ ചുമത്തിയ കേസുകൾ റദ്ദാക്കുമെന്നുമുള്ള തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്.