Kerala Driving License Test: വീണ്ടും പരിഷ്‌കാരം; ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പുതിയ മാറ്റങ്ങള്‍
Kerala Driving Test Changes: നാല്‍പത് പേര്‍ക്കുള്ള ടെസ്റ്റ് ബാച്ചില്‍ വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠനാവശ്യത്തിനോ ജോലിക്കോ പോകേണ്ടവരില്‍ അഞ്ച് പേര്‍ക്ക് നല്‍കിയിരുന്ന ക്വാട്ടയിലാണ് പരിഷ്‌കരണം വരുത്തിയത്. ഹ്രസ്വകാല അവധിക്ക് നാട്ടിലേക്കെത്തി മടങ്ങിപ്പോകേണ്ടവര്‍ ടെസ്റ്റിനായി മുന്‍കൂട്ടി ഓണ്‍ലൈന്‍ ടോക്കണ്‍ എടുക്കണമെന്നാണ് പുതിയ നിബന്ധന.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ വീണ്ടും പരിഷ്‌കാരങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിഷ്‌കാരങ്ങളിലാണ് ഇപ്പോള്‍ വീണ്ടും ഭേദഗതി വന്നിരിക്കുന്നത്. റോഡിലെ ഗുണനിലവാരമുള്ള ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിനായാണ് നേരത്തെ ഭേദഗതി കൊണ്ടുവന്നിരുന്നത്.
നാല്‍പത് പേര്‍ക്കുള്ള ടെസ്റ്റ് ബാച്ചില്‍ വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠനാവശ്യത്തിനോ ജോലിക്കോ പോകേണ്ടവരില്‍ അഞ്ച് പേര്‍ക്ക് നല്‍കിയിരുന്ന ക്വാട്ടയിലാണ് പരിഷ്‌കരണം വരുത്തിയത്. ഹ്രസ്വകാല അവധിക്ക് നാട്ടിലേക്കെത്തി മടങ്ങിപ്പോകേണ്ടവര്‍ ടെസ്റ്റിനായി മുന്‍കൂട്ടി ഓണ്‍ലൈന്‍ ടോക്കണ്‍ എടുക്കണമെന്നാണ് പുതിയ നിബന്ധന.
നിലവില്‍ ആര്‍ടിഒ തലത്തിലായിരുന്നു വിദേശത്ത് നിന്നും മറ്റുമെത്തുന്നവരെ പരിഗണിച്ചിരുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ ഇല്ലെങ്കില്‍ മാത്രമേ ടെസ്റ്റില്‍ പരാജയപ്പെട്ട അഞ്ചുപേരെ പരിഗണിച്ചിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ സീനിയോരിറ്റി കൃത്യമായി പരിഗണിച്ചുകൊണ്ട് മാത്രമേ റീ ടെസ്റ്റിന് അനുമതി ലഭിക്കുകയുള്ളൂ. സീനിയോരിറ്റി ക്രമം ഉറപ്പുവരുത്തുന്നതിനായി സോഫ്റ്റ്‌വെയറില്‍ മാറ്റങ്ങള്‍ വരുത്തും.



കണ്ണ് പരിശോധനയിലും മാറ്റങ്ങളുണ്ട്. ആറ് മാസത്തെ കാലാവധി അവസാനിച്ച് ലേണേഴ്‌സ് ടെസ്റ്റിന് വീണ്ടും അപേക്ഷിക്കുകയാണെങ്കില്‍ കണ്ണ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ ഹാജരാക്കേണ്ടതില്ല. ഇവയ്ക്ക് പുറമെ ലേണേഴ്‌സ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് വീണ്ടും അപേക്ഷിക്കാന്‍ മുപ്പത് ദിവസത്തിന് ശേഷമേ സാധിക്കൂവെന്ന സ്ഥിതിയും ഒഴിവാക്കി.
ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ഒരു അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ക്കും മാത്രമേ ഇനി മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നടത്താന്‍ സാധിക്കൂ. മറ്റ് എംവിഐകളും എഎംവിഐകളും ഫിറ്റ്‌നസ് ടെസ്റ്റും പരിശോധനയും നടത്തും. രണ്ട് എംവിഐമാര്‍ ഉണ്ടായിരുന്ന ആര്‍ടിഒ, സബ് ആര്‍ടിഒ ഓഫീസുകളില്‍ രണ്ട് ബാച്ചുകളിലായി ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നത് ഇതോടെ അവസാനിച്ചു.
Also Read: Driving License Renew: ഡ്രൈവിങ് ലൈസൻസ് എപ്പോൾ, എവിടെ പുതുക്കണം; നിർദേശങ്ങളുമായി എംവിഡി
അതേസമയം, ഡ്രൈവിങ് ടടെസ്റ്റിന് ശേഷം ഇനി മുതല്‍ എല്ലാ ദിവസവും വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും നടത്തും. ഒരു എംവിഐയും ഒരു എഎംവിഐയും മാത്രമുള്ള ഓഫീസുകളില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങള്‍ മാത്രമേ ഡ്രൈവിങ് ടെസ്റ്റ് ഉണ്ടാകൂ. ബുധന്‍, ശനി (പൊതു അവധിയല്ലാത്ത) ദിവസങ്ങളില്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഉണ്ടാകുന്നതാണ്.