ലോക്സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്നത്തോടുകൂടി സ്ഥാനാർത്ഥികളുടെ മണ്ഡലപര്യടനം പൂർത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ മുതൽ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാർത്ഥികളുടെ റോഡ് ഷോ നടക്കും. മൂന്ന് മണിയോടെ മണ്ഡലകേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ട് നടക്കുക.
കൃത്യം അഞ്ച് മണിയോട് കൂടി പരസ്യപ്രചാരണം അവസാനിക്കും. നാളെ നിശബ്ദപ്രചാരണത്തിൻ്റെ ഒരു ദിവസം കൂടി പിന്നിട്ടാൽ കേരളം പോളിങ് ബൂത്തിലെത്തും. കൊട്ടിക്കലാശത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ലോക്സഭ മണ്ഡലത്തിലെത്തും. രാവിലെ പതിനൊന്നുമണിക്ക് കമ്പളക്കാടാണ് ജില്ലയിലെ ആദ്യ പരിപാടി. കൂടാതെ എൻഡിഎ പ്രചാരണം കൊഴുപ്പിക്കാൻ അണ്ണാമലൈ ഇന്ന് വയനാട്ടിലെത്തും. രാവിലെ 10 മണിക്ക് മാനന്തവാടിയിൽ നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. ആനിരാജയും രാവിലെ റോഡ് ഷോ നടത്തും. ആരോഗ്യപ്രശ്നം ഉള്ളതുകൊണ്ട് കൊട്ടിക്കലാശയത്തിൽ വലിയ ആവേശം ഉണ്ടാവില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊട്ടിക്കലാശത്തിൽ സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തും. പുന്നപ്ര കാർമൽഗിരി എഞ്ചിനീയറിംഗ് കോളേജ് മൈതാനത്താണ് രാവിലെ പത്തുമണിയോടെ അദ്ദേഹം എത്തും. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. രാവിലെ ഹെലികോപ്ടറിൽ ആലപ്പുഴയിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസംഗത്തിനു ശേഷം ഡൽഹിയിലേക്ക് മടങ്ങും. സംസ്ഥാനത്ത് ഇന്ന് അമിത് ഷാ പങ്കെടുക്കുന്ന ഏക തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ആലപ്പുഴയിലേത് മാത്രമാണ്.
ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേന ഇന്ന് കേരളത്തിലെത്തി ക്രിസ്ത്യൻ സഭാ അധ്യക്ഷന്മാരെ കാണും. കൊച്ചിയിൽ കർദിനാൾ മാർ റാഫേൽ തട്ടിലുമായാണ് ആദ്യ കൂടിക്കാഴ്ച. 12 മണിക്ക് ഓർത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിന്റെ പരിപാടിയിൽ വിനയ്കുമാർ സക്സേന മുഖ്യാഥിതിയായി പങ്കെടുക്കും. കഴിഞ്ഞ ദിവസം പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണിക്ക് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ സ്വീകരണം നൽകിയിരുന്നു. അനിൽ ആന്റണിക്ക് പൂർണ പിന്തുണ നൽകുമെന്നും സഭാ നേതൃത്വം അറിയിച്ചിരുന്നു.
അതിനിടെ കള്ളവോട്ട് ആരോപണം ആവർത്തിച്ച് പത്തനംതിട്ട യുഡിഎഫ് സ്ഥാനാർത്ഥി ആൻറോ ആൻറണി രംഗതെത്തി. വ്യാജ ഐഡി കാർഡുകൾ പിടിച്ചെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎം പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യണമെന്നാണ് ആൻറോ ആൻറണി ആവശ്യപ്പെടുന്നത്. ദുർബല സ്ഥാനാർത്ഥി ആയതിനാൽ ബിജെപി വോട്ടുകൾ സിപിഎമ്മിലേക്ക് പോകുമോ എന്ന ഭയമുണ്ട്. ഇതുവരെ കിട്ടിയതിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ആൻറോ ആൻറണി വ്യക്തമാക്കി.