5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lok sabha Election Results 2024: നീലത്തിൽ മുങ്ങി കേരളം…; അറിയാം ഓരോ മണ്ഡലത്തിലെയും ജനവിധി

Kerala Lok sabha Election Results 2024 Malayalam: കേരളത്തിൽ ഒരു അക്കൗണ്ടെങ്കിലും തുറക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ബിജെപി.

Kerala Lok sabha Election Results 2024: നീലത്തിൽ മുങ്ങി കേരളം…; അറിയാം ഓരോ മണ്ഡലത്തിലെയും ജനവിധി
Follow Us
neethu-vijayan
Neethu Vijayan | Updated On: 05 Jun 2024 11:39 AM

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സംസ്ഥാനത്ത് യുഡിഎഫ് തരം​ഗമാണ് ഉണ്ടായിരിക്കുന്നത്. 20 മണ്ഡലങ്ങളിൽ 18 ഇടത്തും യുഡിഎഫ് തന്നെയാണ് വിജയിച്ചിരിക്കുന്നത്. മറ്റ് രണ്ട് സീറ്റുകളിൽ ഓരോന്ന് വീതം എൽഡിഎഫിനും ബിജെപിക്കും സ്വന്തം. സംസ്ഥാനത്ത് ഭരണകക്ഷിയായ എൽഡിഎഫിന് വൻ തിരിച്ചടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നൽകിയിരിക്കുന്നത്.

എന്നാൽ കേരളത്തിൽ ഒരു അക്കൗണ്ടെങ്കിലും തുറക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ബിജെപി. തൃശ്ശൂരിൽ മാത്രമാണ് ബിജെപിക്ക് സീറ്റ് ഉറപ്പിക്കാൻ സാധിച്ചത്. തിരുവനന്തപുരത്ത് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം ജനവിധി പാടെ മാറിമറിയുകയായിരുന്നു. എന്നാൽ എൽഡിഎഫിന് ആകട്ടെ ആലത്തൂർ മണ്ഡലം മാത്രമാണ് ലഭിച്ചത്. ആലപ്പുഴയിൽ ഉണ്ടായിരുന്ന ഒരു തരി കനലും കെടുത്തികൊണ്ടാണ് കെസി വിജയം ഉറപ്പിച്ചത്.

ആറ്റിങ്ങലാകട്ടെ ഫോട്ടോഫിനിഷിലൂടെ യുഡിഎഫ് വിജയിച്ചു. എന്നാൽ വിജയം അങ്ങനങ്ങ് സമ്മതിച്ചുകൊടുക്കാൻ കഴിയാത്തതിനാൽ റീകൗണ്ടിങ്ങിന് ഉത്തരവ് വന്നു. ഇടതു മുന്നണിയുടെ ആവശ്യപ്രകാരമാണ് നടപടി. പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. കേരളക്കരയാകെ ആറ്റിങ്ങൽ ഉറ്റുനോക്കുകയാണ് ഇപ്പോൾ. ഈ റീകൗണ്ടിങ്ങിൽ എൽഡിഎഫ് വിജയിച്ചാൽ യുഡിഎഫിൻ്റെ സീറ്റ് 17 ആയി കുറയുകയും ഇടതിന് സംസ്ഥാനത്ത് രണ്ട് സീറ്റുകൾ ലഭിക്കുകയും ചെയ്യും.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചത് യുഡിഎഫ് തന്നെയായിരുന്നു. 20ൽ 19 സീറ്റും നേടികൊണ്ടാണ് യുഡിഎഫ് തരം​ഗം സൃഷ്ടിച്ചത്.

മണ്ഡലം തിരിച്ചുള്ള ജനവിധി

1. തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ തലസ്ഥാനം എന്ന നിലയിൽ വളരെ പ്രാധാന്യമുള്ള മണ്ഡലമാണ് തിരുവനന്തപുരം. സംസ്ഥാനത്ത് ബിജെപിക്ക് സീറ്റ് പ്രതീക്ഷിച്ചിരുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. 15759 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് ശശി തരൂർ വിജയം ഉറപ്പിച്ചത്.

എതിർ സ്ഥാനാർത്ഥികളായി ബിജെപിയുടെ രാജീവ് ചന്ദ്രശേഖറും എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനുമാണ് ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ രാജീവ് ചന്ദ്രശേഖർ മികച്ച ഭൂരിപക്ഷത്തോടെ മുന്നിലുണ്ടായിരുന്നെങ്കിലും അവസാന വോട്ടെണ്ണലിൽ പ്രതീക്ഷ തെറ്റാതെ ശശി തരൂർ തന്നെ കയറിവന്നു. തീരദേശ വോട്ടിൻറെ കരുത്തിലാണ് രാജീവ് ചന്ദ്രശേഖറിനെ തരൂർ പിന്നിലാക്കിയത്.

റിപ്പോർട്ട് പ്രകാരം 353679 വോട്ടാണ് തരൂരിന് നേടാനായത്. 337920 വോട്ടുകളോടെ രാജീവ് ചന്ദ്രശേഖർ രണ്ടാം സ്ഥാനത്തും 244433 വോട്ടുകളുമായി പന്ന്യൻ രവീന്ദ്രൻ മൂന്നാമതുമാണ്. എക്സിറ്റ് പോൾ ഫലം പാടെ മാറ്റിമറിക്കുന്ന വിജയമാണ് തലസ്ഥാനത്ത് കാണാൻ കഴിഞ്ഞത്. ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങളിൽ കേരളത്തിൽ ബിജെപി സീറ്റ് ലഭിക്കുന്ന രണ്ട് മണ്ഡലങ്ങളിൽ ഒന്ന് തലസ്ഥാനമായിരുന്നു. എന്നാൽ മനോരമ-വിഎംആർ എക്‌സിറ്റ് പോൾ ഫലം തരൂരിന് വിജയം ഉറപ്പിച്ചിരുന്നു.

2019ലെ തിരഞ്ഞെടുപ്പ്: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ശശി തരൂർ തന്നെയാണ് വിജയിച്ചത്. 416131 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എതിർ സ്ഥാനാർത്ഥികളായി സിപിഎമ്മിൻ്റെ സി ദിവാകരനും ബിജെപിയുടെ കുമ്മനം രാജശേഖരനുമാണ് ഉണ്ടായിരുന്നത്.

ALSO READ: തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു- സുരേഷ് ഗോപി

2. ആറ്റിങ്ങൽ:  2024 തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം ആരും പ്രവചിക്കാതിരുന്ന മണ്ഡലമായിരുന്നു ആറ്റിങ്ങൽ. എന്നാൽ ഫലം വന്ന ദിവസം ഇത്രധികം വാശിയേറിയ പോരാട്ടം കേരളത്തിൽ എവിടെയും നടന്നിട്ടില്ലെന്ന് പറയേണ്ടി വരും . 684 വോട്ടിനാണ് ആറ്റിങ്ങലിൽ സിറ്റിങ് എംപിയായ അടൂർ പ്രകാശ് ജയിച്ചു കയറിയത്. രണ്ടാം സ്ഥാനത്ത് സിപിഎമ്മിൻ്റെ വി എസ് ജോയിയും തൊട്ടുപിന്നിലായി കേന്ദ്രമന്ത്രി വി മുരളീധരന്മാണ് അടൂർ പ്രകാശിന് വെല്ലിവിളി സൃഷ്ടിച്ചത്.

1708 വോട്ടിന് യുഡിഎഫിൻ്റെ വിജയം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചെങ്കിലും എതിർ സ്ഥാനാർഥികൾ റീകൗണ്ടിങ്ങ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വീണ്ടും വോട്ടുകൾ എണ്ണിയപ്പോൾ യുഡിഎഫ് സ്ഥാനാർഥിയുടെ ജയം 684 വോട്ടുകൾളിലേക്ക് ചുരുങ്ങുകയായിരുന്നു. ഉത്തരവിട്ടിരിക്കുന്നത്.

2019ലെ തിരഞ്ഞെടുപ്പ്: 2019ലും യുഡിഎഫിൻ്റെ അടൂർ പ്രകാശ് തന്നെയാണ് ഇവിടെ വിജയിച്ചത്. 38,247 ഭൂരിപക്ഷത്തോടെയാണ് വിജയം. എതിർ സ്ഥാനാർത്ഥികളായി സിപിഎമ്മിൻ്റെ എ സമ്പത്തും ബിജെപിയുടെ ശോഭാ സുരേന്ദ്രനുമാണ് ഉണ്ടായിരുന്നത്.

3. കൊല്ലം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ ഒന്നായ കൊല്ലത്ത് ഹാട്രിക്ക് വിജയം നേടി ആർഎസ്പിയുടെ വി എൻ പ്രേമചന്ദ്രൻ വിജയിച്ചിരിക്കുകയാണ്. 148250 വോട്ടിൻറെ ഭൂപരിപക്ഷത്തിലാണ് പ്രേമചന്ദ്രൻ മുന്നിലെത്തിയത്. സിനിമാ താരങ്ങളായ എം മുകേഷും കൃഷ്ണകുമാറിനെയും കൃഷ്ണകുമാറിനെയും പിന്തള്ളിയാണ് എൻ കെ പ്രേമചന്ദ്രൻ വിജയം ഉറപ്പിച്ചത്.

436058 വോട്ടാണ് എൻകെ പ്രേമചന്ദ്രന് ലഭിച്ചത്. 287808 വോട്ടോടെ മുകേഷ് രണ്ടാ സ്ഥാനത്താണുള്ളത്. 160303 വോട്ടാണ് കൃഷ്ണകുമാറിന് ലഭിച്ചത്. 2009ലെ തിരഞ്ഞെടുപ്പു മുതൽ യുഡിഎഫാണ് മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്നത്. കൊല്ലം മണ്ഡലത്തിൽ എൻ കെ പ്രേമചന്ദ്രൻ വിജയിക്കുമെന്ന് തന്നെയാണ് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ പ്രവചിച്ചിരുന്നത്. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷ് എത്തും.

2019ലെ തിരഞ്ഞെടുപ്പ്: 2019ലും യുഡിഎഫ് സ്ഥാനാർത്ഥിയായി രണ്ടുവട്ടം വിജയിച്ച് ലോക്സഭയിലെത്തിയ എൻ കെ പ്രേമചന്ദ്രൻ ഇത്തവണ ഹാട്രിക്ക് വിജയമാണ് കൈവരിച്ചിരിക്കുന്നത്. എതിർ സ്ഥാനാർത്ഥികളായി സിപിഎമ്മിൻ്റെ കെ എൻ ബാല​ഗോപാലും ബിജെപിയുടെ കെ വി സാബുവുമാണ് ഉണ്ടായിരുന്നത്.

4. പത്തനംതിട്ട: ഇത്തവണയും പത്തനംതിട്ട യുഡിഎഫിൻ്റെ ആൻ്റോ ആൻ്റണിയെ കൈവിട്ടില്ല. മൂന്നാം തവണയാണ് ആൻ്റോ പത്തനംതിട്ടയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. എതിർ സ്ഥാനാർഥിയായ തോമസ് ഐസക്കിനേക്കാൾ 66119 വോട്ടിനാണ് ആൻ്റോ ആൻ്റണിയുടെ വിജയം. എൽഡിഎഫിൻ്റെ ടിഎം തോമസ് ഐസക് 301504 വോട്ടുകൾ നേടിയപ്പോൾ എൻഡിഎയുടെ അനിൽ ആൻ്റണി 234406 വോട്ടുകളാണ് നേടിയത്.

മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് തന്നെയാണ് എക്സിറ്റ് പോൾ ഫലം പ്രവചിച്ചിരുന്നത്. പത്തനംതിട്ടയിൽ ജയിക്കില്ലെങ്കിലും ബിജെപിക്ക് മുന്നേറ്റവും പ്രവചിച്ചിരുന്നു.

2019ലെ തിരഞ്ഞെടുപ്പ്: 2019ലും ആൻ്റോ ആൻ്റണി തന്നെയാണ് വിജയിച്ചത്. അന്ന് 3,80,927 വോട്ടുകളോടെയാണ് ആൻ്റോ വിജയിച്ചത്. എതിർ സ്ഥാനാർത്ഥികളായി സിപിഎമ്മിൻ്റെ വീണാ ജോർജും ബിജെപിയുടെ കെ സുരേന്ദ്രനുമാണ് ഉണ്ടായിരുന്നത്.

5. മാവേലിക്കര: മാവേലിക്കരയിൽ വീണ്ടും യുഡിഎഫിന്റെ കൊടിക്കുന്നിൽ സുരേഷ് തന്നെയാണ് വിജയിച്ചിരിക്കുന്നത്. 9953 വോട്ടിനാണ് ഇടതിന്റെ അഡ്വ. അരുൺ കുമാറിനേക്കാൾ അദ്ദേഹം മുന്നിൽ നിൽക്കുന്നത്. ഒരിക്കലും കൊടിക്കുന്നിലിനെ കൈവിട്ടിട്ടില്ലാത്ത മണ്ണാണ് മാവേലിക്കര.

2019ലെ തിരഞ്ഞെടുപ്പ്: 2019 -ൽ കൊടിക്കുന്നിൽ സുരേഷും സിപിഐയുടെ ചിറ്റയം ഗോപകുമാറും തമ്മിലായിരുന്നു നേർക്കുനേർ പോരാട്ടം. 61,138 വോട്ടുകളുടെ ഭൂരിപക്ഷമാണ് കൊടിക്കുന്നിൽ നേടിയത്. ബിഡിജെഎസിൻ്റെ തഴവ സഹദേവനായിരുന്നു എതിർ സ്ഥാനാർത്ഥി.

ALSO READ: ‘ആലപ്പുഴയിലെ കനൽ അണച്ച് കെ സി…’; അരലക്ഷത്തിന് മുകളിൽ ലീഡ്

6. ആലപ്പുഴ: എൽഡിഎഫിന്റെ ഒരുതരി കനലിനെ കാത്തുസൂക്ഷിച്ച ആലപ്പുഴയെ കെടുത്തിക്കളഞ്ഞാണ് കെ. സി വേണു​ഗോപാൽ വിജയിച്ചത്. 60,000 -ത്തിലധികം വോട്ടിന് താഴെയാണ് ഇടതിന്റെ എ.എം ആരിഫ്. 398246 വോട്ടുമായി കെ. സി വേണു​ഗോപാൽ മുന്നിട്ട് നിൽക്കുന്നു.

മത്സരിച്ച സ്ഥലങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും അവിടെയെല്ലാം പ്രതീക്ഷയ്ക്കപ്പുറം വോട്ടു നേടിയ ചരിത്രം മാറ്റിക്കുറിക്കാതെ ശോഭാ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്.

2019ലെ തിരഞ്ഞെടുപ്പ്: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 ൽ 19 മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരിയപ്പോൾ എൽഡിഎഫ് വിജയിച്ച ഒരേയൊരു മണ്ഡലമായിരുന്നു ആലപ്പുഴ. ‍4,35,496 വോട്ടുകൾക്കാണ് ആരിഫ് അന്ന് വിജയിച്ചത്. എതിർ സ്ഥാനാർത്ഥികളായി കോൺ​ഗ്രസിൻ്റെ ഷാനിമോൾ ഉസ്മാനും ബിജെപിയുടെ കെ എസ് രാധാകൃഷ്ണനുമാണ് ഉണ്ടായിരുന്നത്.

7. കോട്ടയം: കോട്ടയത്ത് 87266 വോട്ടിന് പിടിച്ചെടുത്ത് ഫ്രാൻസിസ് ജോർജ്. തോമസ് ചാഴിക്കാടനേക്കാൾ 87464 വോട്ടുകൾക്കാണ് ഫ്രാൻസിസ് ജോർജ് മുന്നിൽ നിൽക്കുന്നത്. എറണാകുളം ജില്ലയിലെ പിറവവും കോട്ടയം ജില്ലയിലെ പാലായും കടുത്തുരുത്തിയും വൈക്കവും ഏറ്റുമാനൂരും കോട്ടയവും പുതുപ്പള്ളി നിയമസഭാ മണ്ഡലങ്ങളും ചേരുന്നതാണ് കോട്ടയം ലോക്സഭ മണ്ഡലം.

2019ലെ തിരഞ്ഞെടുപ്പ്: 2019 -ൽ സിപിഎമ്മിന്റെ ജില്ലയിലെ കരുത്തനായ നേതാക്കളിലൊരാളായ വി എൻ വാസവനെ തോൽപിച്ച സ്ഥാനാർത്ഥി -തോമസ് ചാഴിക്കാടൻ. 4,21,046 വോട്ടുകളാണ് അന്ന് നേടിയത്. കെസി(ടി) യുടെ പി സി തോമസ് ആയിരുന്നു മറ്റൊരു എതിൽ സ്ഥാനാർത്ഥി.

8. ഇടുക്കി: കോൺഗ്രസിന്റെ പ്രതീക്ഷ തെറ്റിക്കാതെ സിറ്റിങ് എംപി ഡീൻ കുര്യാക്കോസിന് വൻ ഭൂരിപക്ഷം വിജയം നൽകിയിരിക്കുകയാണ് ഇടുക്കി. മുൻ എംപി കൂടിയായ ജോയ്സ് ജോർജിനെ 1,33,727 വോട്ടിനാണ് ഡീൻ പരാജയപ്പെടുത്തിയത്. ബിഡിജെഎസ് സ്ഥാനാർഥി സംഗീത വിശ്വനാഥൻ മൂന്നാം സ്ഥാനത്തായി.

2019ലെ തിരഞ്ഞെടുപ്പ്: ഡീൻ കുര്യാക്കോസ് 4,98,493 വോട്ടുകൾക്കാണ് 2019ൽ വിജയിച്ചത്. ഇൻഡിപെന്റെന്റിന്റെ ജോയിസ് ജോർജും ബിജെഡിഎസിൻ്റെ ബിജു കൃഷ്ണനുമായിരുന്നു എതിൽ സ്ഥാനാർത്ഥികൾ.

9. എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലം നിലനിർത്തി യുഡിഎഫ് സ്ഥാനാർത്ഥു ഹൈബി ഈഡൻ. കഴിഞ്ഞ തവണ 169153 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഹൈബി ഇത്തവണ ലീഡ് വർധിപ്പിച്ചു. 476479 വോട്ടാണ് ഹൈബി നേടിയത്. 229399 വോട്ടുമായി എൽഡിഎഫിൻ്റെ കെജെ ഷൈൻ രണ്ടാമതെത്തി. എറണാകുളം ഹൈബി തന്നെ നിലനിർത്താനുള്ള സാധ്യതയാണ് കരുതപ്പെട്ടിരുന്നത്.

2019ലെ തിരഞ്ഞെടുപ്പ്: ഹൈബി ഈഡൻ 4,91,263 വോട്ടുകൾക്കാണ് വിജയിച്ചത്. സിപിഎമ്മിൻ്റെ പി രാജീവും ബിജെപിയുടെ അൽഫോൺസ് കുന്നന്താനവുമായിരുന്നു എതിൽ സ്ഥാനാർത്ഥികൾ.

10. ചാലക്കുടി: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ചത് യുഡിഎഫിൻ്റെ സ്ഥാനാർത്ഥി ബെന്നി ബെഹനാൻ ആണ്. എൽഡിഎഫ് സ്ഥാനാർഥി പ്രഫ. സി.രവീന്ദ്രനാഥിനെ 63,754 വോട്ടിനാണ് ബെന്നി ബെഹനാൻ തോൽപ്പിച്ചത്. മൂന്നാം സ്ഥാനക്കാരനായി ബിഡിജെഎസ് സ്ഥാനാർഥി കെ. എ. ഉണ്ണികൃഷ്ണനാണ് ഉള്ളത്.

ബെന്നി നിലവിൽ 3,94,171 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥ് 3,30,417 വോട്ടുകൾ നേടി. എൻഡിഎയുടെ കെ.എ.ഉണ്ണികൃഷ്ണൻ 1,06,400 വോട്ടുമാണ് നേടിയത്.

2019ലെ തിരഞ്ഞെടുപ്പ്: 4,73,444 വോട്ടുകൾ ബെന്നി ബെഹനാൻ തന്നെയാണ് മണ്ഡലത്തിൽ വിജയിച്ചത്. സിപിഎം സ്ഥാനാർത്ഥിയും പ്രിയ താരവുമായ ഇന്നസെൻ്റും ബിജെപിയുടെ എ എൻ രാധാകൃഷണനുമായിരുന്നു എതിൽ സ്ഥാനാർത്ഥികൾ.

ALSO READ: കൊല്ലത്ത് ‘പ്രേമ’ മധുരം…; ഹാട്രിക്കടിച്ച് എൻ കെ പ്രേമചന്ദ്രൻ

11. തൃശ്ശൂർ: ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ അങ്ങ് എടുക്കുക തന്നെ ചെയ്തു. വൻ ഭൂരിപക്ഷത്തിലാണ് തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയം. 74686 (തിരഞ്ഞെടുപ്പ് കമ്മീൻ്റെ വെബ്സൈറ്റിലെ കണക്ക്) ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്ത് . നാല് ലക്ഷത്തിലേറെ വോട്ടാണ് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ ആകെ ലഭിച്ചത്.

2019ലെ തിരഞ്ഞെടുപ്പ്: 2019-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനാത്തായ സുരേഷ് ഗോപി നേടിയത് 293,822 വോട്ടായിരുന്നു. സിപിഐയുടെ രാജാജി മാത്യു തോമസ് അന്ന് 321,456 വോട്ടാണ് നേടിയത്. 2014-ൽ സിഎൻ ജയദേവനാണ് തൃശ്ശൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് 389,209 വോട്ടാണ് അന്ന് ജയദേവൻ നേടിയത്.

12. ആലത്തൂർ: എൽഡിഎഫി ആകെയുള്ള സീറ്റ് ആലത്തൂർ മാത്രമാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ദേവസ്വം, പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിയുമായ കെ രാധാകൃഷ്ണനാണ് ആലത്തൂരിൽ വിജയിച്ചത്. 398818 വോട്ടുകൾക്കാണ് ആണ് കെ രാധാകൃഷ്ണൻ ജയിക്കുന്നത്.

2019ലെ തിരഞ്ഞെടുപ്പ്: 2019ൽ യുഡിഎഫ് സ്ഥാനാർഥിയായ രമ്യഹരിദാസ് മണ്ഡലത്തിൽ നിന്നും പാട്ടുപാടി ജയിച്ചിരുന്നു. മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇത്തവണ എൽഡിഎഫ് എത്തിയത്. സിപിഎമ്മിൻ്റെ പി കെ ബിജുവും ബിജെപിയുടെ ടി വി ബാബുവുമായിരുന്നു എതിൽ സ്ഥാനാർത്ഥികൾ.

13. പാലക്കാട്: ഇടതുകോട്ടയായ പാലക്കാട് വിജയച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠൻ. സിപിഎമ്മിൻറെ മുതിർന്ന നേതാവായ എ. വിജയരാഘവനുമായായിരുന്നു പോരാട്ടം. നിലവിൽ 75153 വോട്ടിൻറെ ഭൂരിഭക്ഷത്തിലാണ് ശ്രീകണ്ഠൻ വിജയിച്ചത്.

2019ലെ തിരഞ്ഞെടുപ്പ്: ഇടതുകോട്ടയായ പാലക്കാടിനെ ഞെട്ടിച്ചാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിൻറെ വി. കെ. ശ്രീകണ്ഠൻ മണ്ഡലം തിരിച്ചുപിടിച്ചത്. 3,99,274 വോട്ടുകൾ അന്ന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ എം ബി രാജേഷിന് ലഭിച്ചത് 3,87,637 വോട്ടുകളായിരുന്നു. മൂന്നാം സ്ഥാനത്ത് ബിജെപിയുടെ സി കൃഷ്ണകുമാർ ആയിരുന്നു.

14. പൊന്നാനി: മുസ്ലീം ലീഗിന്റെ കോട്ടയായ പൊന്നാനിയിൽ ഇത്തവണയും ലീഗിന് മിന്നും വിജയമാണ്. മുസ്ലീം ലീഗ് സ്ഥാനാർത്ഥി ഡോ. എം. പി അബ്ദുസമദ് സമദാനി 234792 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി കെ. എസ് ഹംസയ്ക്ക് ഇതുവരെ 325739 വോട്ടുകളാണ് ലഭിച്ചത്.

2019ലെ തിരഞ്ഞെടുപ്പ്: 2019 തെരഞ്ഞെടുപ്പുകളിൽ ലീഗിന്റെ മുതിർന്ന നേതാവ് ഇടി മുഹമ്മദ് ബഷീറിനെയാണ് പൊന്നാനി ലോക്‌സഭയിലേക്കയച്ചത്. ഇൻഡിപെന്റെന്റിന്റെ പി വി അൻവറും ബിജെപിയുടെ വി ടി രമ്യയുമായിരുന്നു എതിൽ സ്ഥാനാർത്ഥികൾ.

15. മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ മുസ്ലിം ലീഡ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബഷീറാണ് വിജയിച്ചത്. 318118 വോട്ടിന്റെ ലീഡ് നിലനിർത്തിയാണ് ഇ ടി വിജയിച്ചത്. ഇ ടിയെ നേരിടാൻ കരുത്തനായ വി വസീഫിനെയാണ് എൽഡിഎഫ് രംഗത്തെത്തിയിറക്കിയിരുന്നത്.

2019ലെ തിരഞ്ഞെടുപ്പ്: പി കെ കുഞ്ഞാലിക്കുട്ടി 5,89,873 വോട്ടുകൾക്കാണ് മലപ്പുറത്ത് വിജയിച്ച്ത്. സിപിഎമ്മിൻ്റെ വി പി സനുവും ബിജെപിയുടെ ഉണ്ണികൃഷ്ണൻ മാസ്റ്ററുമായിരുന്നു എതിൽ സ്ഥാനാർത്ഥികൾ.

ALSO READ: എറണാകുളം വിട്ടുനൽകാതെ യുഡിഎഫ്; കെജെ ഷൈൻ ടീച്ചർക്ക് ആകെ ലഭിച്ച വോട്ടിനെക്കാൾ ഭൂരിപക്ഷം ഹൈബി ഈഡന്

16. കോഴിക്കോട്: കോഴിക്കോട് ഇത്തവണയും യുഡിഎഫിൻ്റെ എം കെ രാഘവൻ തന്നെയാണ് വിജയിച്ചത്. 1,46,176 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഘവന്റെ വിജയം. സിപിഎം സ്ഥാനാർഥി എളമരം കരിം രണ്ടാമതും ബിജെപി സ്ഥാനാർഥി എം.ടി.രമേശ് മൂന്നാമതുമായി.

2019ലെ തിരഞ്ഞെടുപ്പ്: 4,93,444 വോട്ടുകളോടെ എം കെ രാഘവൻ തന്നെയാണ് വിജയിച്ചത്. സിപിഎമ്മിൻ്റെ എ പ്രദീപ്കുമാറും ബിജെപിയുടെ കെ പി പ്രകാശ്ബാബുവുമായിരുന്നു ‌എതിൽ സ്ഥാനാർത്ഥികൾ.

17. വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിൽ 70,376 വോട്ടിൻറെ കുറവാണ് ഉണ്ടായത്. 3,61,394 ആയാണ് കുറഞ്ഞത്. 60,861 വോട്ട് സുരേന്ദ്രന് അധികമായി ലഭിച്ചു. സിപിഐ സ്ഥാനാർഥിയായ ആനിരാജക്ക് 5,734 വോട്ട് മാത്രമാണ് വർധിപ്പിക്കാൻ കഴിഞ്ഞത്.

2019ലെ തിരഞ്ഞെടുപ്പ്: 2019 ൽ 4,31,770 ഭൂരിപക്ഷത്തോടെയാണ് രാഹുൽ ​ഗാന്ധി വയനാട്ടിൽ വിജയിച്ചത്. സിപിഎമ്മിൻ്റെ പി പി സുനീറും ബിജെപിയുടെ തുഷാർ വെള്ളാപ്പളളിയുമായിരുന്നു ‌എതിൽ സ്ഥാനാർത്ഥികൾ.

18. വടകര: എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയും യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും തമ്മിലായിരുന്നു കടുത്ത മത്സരം. വൻ ഭൂരിപക്ഷത്തോടെയാണ് ഷാഫി പറമ്പിൽ വടകരയിൽ വിജയിച്ചിരിക്കുന്നത്. വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകിയെന്നാണ് ഷാഫി പറമ്പിലിൻറെ പ്രതികരണം.

2019ലെ തിരഞ്ഞെടുപ്പ്: 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനെ പരാജയപ്പെടുത്തി 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപിയുടെ വി കെ സജീവനായിരുന്നു മറ്റൊരു സ്ഥാനാർത്ഥി.

ALSO READ: വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ത്രസിപ്പിക്കുന്ന ജയം

19. കണ്ണൂർ: കണ്ണൂരിൽ എംവി ജയരാജനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരനാണ് വിജയിച്ചത്. നാലാം റൗണ്ടിൽ തന്നെ കെ സുധാകരൻറെ ഭൂരിപക്ഷം 54,735 കടന്നു. മണ്ഡലത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും ലീഡ് കെ സുധാകരനാണ്.

2019ലെ തിരഞ്ഞെടുപ്പ്: 2019ൽ ആദ്യ മൂന്ന് റൗണ്ടിൽ സുധാകരൻ്റെ ലീഡ് 24,480 വോട്ടായിരുന്നു. ഇതിലാണ് ഇത്തവണ 2000 ത്തിലേറെ വർധനവ് ഉണ്ടായിരിക്കുന്നത്. സിപിഎമ്മിൻ്റെ പി കെ ശ്രീമതിയും ബിജെപിയുടെ സി കെ പത്മനാഭനുമായിരുന്നു ‌എതിൽ സ്ഥാനാർത്ഥികൾ.

20. കാസർ​ഗോഡ്: നിരവധി പരാജയങ്ങൾക്ക് ശേഷമായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻറെ മിന്നും വിജയം. രണ്ടാമതും വിജയം ആവർത്തിച്ച രാജ്മോഹൻ ഉണ്ണിത്താൻ തൻറെ ആദ്യ വിജയം വെറും തരംഗം മാത്രമായിരുന്നില്ലെന്ന് തെളിയിച്ചിരിക്കുന്നു. രാജ്മോഹൻ ഉണ്ണിത്താൻ 3,76,525 വോട്ടാണ് നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ എം വി ബാലകൃഷ്ണൻ മാസ്റ്റർ 3,08,036 വോട്ട് നേടി രണ്ടാം സ്ഥാനത്താണ്. എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വനി 1,68,152 വോട്ടാണ് നേടിയത്.

2019ലെ തിരഞ്ഞെടുപ്പ്: 2019 -ൽ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെയാണ് കോൺ​ഗ്രസിൻറെ രാജ്മോഹൻ ഉണ്ണിത്താൻ മണ്ഡലം തിരികെ പിടിച്ചത്. അന്ന് 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തിയിരുന്നു രാജ്മോഹൻ ഉണ്ണിത്താൻറെ വിജയം. സിപിഎമ്മിൻ്റെ കെ പി സതീഷ് ചന്ദ്രനും ബിജെപിയുടെ രവീഷ് തന്ത്രി കുന്താറുമായിരുന്നു ‌എതിൽ സ്ഥാനാർത്ഥികൾ.