Lok Sabha Election Result 2024 : ലോക്സഭാ തിരഞ്ഞെടുപ്പിൽ അടിതെറ്റി ട്വൻ്റി-20; മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും നാലാമത്
Twenty20 Party In Lok Sabha Election Result 2024 : എറണാകുളത്തും ചാലക്കുടിയിലുമാണ് ട്വൻ്റി-20 ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അതിൽ ഒരു സീറ്റിൽ ഒരു ലക്ഷം വോട്ട് പോലും ട്വൻ്റി-20ക്ക് നേടാനായില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ അടിതെറ്റി സാബു എം ജേക്കബിൻ്റെ ട്വൻ്റി-20 പാർട്ടി. പാർലമെൻ്റിലേക്ക് കന്നി മത്സരത്തിനിറങ്ങിയ ട്വൻ്റി-20 മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും നാലാം സ്ഥാനത്തിലേക്ക് പിന്തള്ളപ്പെട്ടു. ട്വൻ്റി-20 പാർട്ടിയുടെ ശക്തികേന്ദ്രമായ കുന്നത്തുനാട് ഉൾപ്പെടുന്ന ചാലക്കുടിയിലും എറണാകുളത്തും മത്സരിച്ച ട്വൻ്റി-20 മുന്നണി സ്ഥാനാർത്ഥികൾക്ക് തലവേദനയായേക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.
അഡ്വ. ചാർലി പോൾ ആണ് ചാലക്കുടിയിൽ ട്വൻ്റി-20ക്കായി മത്സരിച്ചത്. കോൺഗ്രസിൻ്റെ ബെന്നി ബെഹനാൻ മണ്ഡലത്തിൽ വിജയിച്ചപ്പോൾ സിപിഐഎം സ്ഥാനാർത്ഥി പ്രൊഫ. സി രവീന്ദ്രനാഥിനും ബിഡിജെഎസ് സ്ഥാനാർത്ഥി കെഎ ഉണ്ണികൃഷ്ണനും പിന്നിലായി അഡ്വ. ചാർലി പോൾ. 1,05,642 വോട്ടുകളാണ് ട്വൻ്റി-20യ്ക്ക് ഇവിടെ ലഭിച്ചത്. ഇവിടെ രണ്ട് ലക്ഷത്തിലധികം വോട്ട് നേടാനാവുമെന്ന് ട്വൻ്റി-20 കരുതിയിരുന്നു.
ഹൈബി ഈഡൻ്റെ തേരോട്ടം കണ്ട എറണാകുളം മണ്ഡലത്തിൽ മത്സരിച്ച അഡ്വ. ആൻ്റണി ജൂഡി വെറും 39,808 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെട്ടു. മണ്ഡലത്തിൽ ഹൈബിക്ക് പിന്നിൽ സിപിഐഎം സ്ഥാനാർത്ഥി കെജെ ഷൈൻ രണ്ടാമതും ബിജെപി സ്ഥാനാർത്ഥി ഡോ. കെഎസ് രാധാകൃഷ്ണൻ മൂന്നാമതുമായിരുന്നു.
ഇതും വായിക്കൂ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെ കേരളത്തിലെ 20 സീറ്റുകളിൽ 18ഉം നേടി യുഡിഎഫ് മിന്നും ജയം സ്വന്തമാക്കിയിരുന്നു. സിപിഐഎമ്മിനും ബിജെപിക്കും ഓരോ സീറ്റ് വീതം ലഭിച്ചു. ബിജെപി തൃശൂരിൽ സുരേഷ് ഗോപിയിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്നപ്പോൾ കെ രാധാകൃഷ്ണനിലൂടെ സിപിഐഎം ആലത്തൂർ തിരിച്ചുപിടിച്ചു.
തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പാർട്ടിക്ക് വലിയ തിരിച്ചടി ആയി എന്നാണ് വിലയിരുത്തൽ. തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്നും ഒഴിയുകയാണെന്ന് കെ.മുരളീധരൻ വ്യക്തമാക്കിയിരുന്നു. മണ്ഡലത്തിൽ പ്രചാരണത്തിന് ആരും വന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന നേതാക്കളെ പരോക്ഷമായി വിമർശിച്ച അദ്ദേഹം തൃശൂരിൽ നിന്ന് മടങ്ങുകയും ചെയ്തു. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ആദ്യം തൃശൂരിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്ന ടിഎൻ പ്രതാപനും കോൺഗ്രസ്സ് നേതാക്കൾക്കുമെതിരെ ശക്തമായ എതിർപ്പ് തൃശൂരിൽ പോസ്റ്ററുകളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സാണ് പ്രധാനമായും ഇത്തരത്തിലുള്ള എതിർപ്പ് മുന്നോട്ട് വെക്കുന്നത് എന്നാണ് സൂചന.
തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതിനു പിന്നിൽ സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു. ഇതിൻ്റെ സൂത്രധാരൻ പിണറായി വിജയനാണ്. ജനവിരുദ്ധ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യു.ഡി.എഫിന് അനുകൂലമായ ജനവിധി എന്നും സതീശൻ വാർത്താകുറിപ്പിൽ വിമർശിച്ചു.
സംസ്ഥാന സർക്കാരിനെ ജനങ്ങൾ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. സർക്കാരിന്റെ വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നു കാട്ടുന്നതിൽ യു.ഡി.എഫ് വിജയിച്ചു. കേരളത്തിൽ എൽ.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്റെ കാരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല. മാധ്യമങ്ങളുടെ മുന്നിൽ വരാനോ ചോദ്യങ്ങളെ നേരിടാനോ മുഖ്യമന്ത്രി തയാറല്ല.