Lok Sabha Election Result 2024: കേരളത്തിലെ വനിതാ സ്ഥാനാർത്ഥികൾ എവിടെ…? മത്സരിച്ച ഒമ്പത് പേരും തോറ്റ തിരഞ്ഞെടുപ്പ്
Lok Sabha Election Result 2024 Malayalam: സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളിലായി ഒമ്പത് വനിതാ സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു ദിവസം പിന്നിടുമ്പോഴും കേരളത്തിൽ ഒരു ചോദ്യം മാത്രം ബാക്കിനിൽക്കുകയാണ്. കേരളത്തിലെ വനിതാ സ്ഥാനാർത്ഥികൾ എവിടെ…? എന്ന ചോദ്യം. സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളിലായി പ്രമുഖ നേതാക്കൾ ഉൾപ്പെടെ 25 വനിതാ സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. എന്നാൽ ആരും വിജയിച്ചില്ല എന്നതാണ് ശ്രദ്ധേയം. നിന്നവരിൽ പലരും പ്രമുഖരും പാർട്ടിയിലെ ഉന്നത് നേതാക്കളുമാണ്. എന്തുകൊണ്ട് ഇവർ വിജയിച്ചില്ല എന്നതിന് ഉത്തരം മൗനം മാത്രം.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജയുടെ തോൽവിയായിരുന്നു ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. കോൺഗ്രസിലെ യുവ താരം ഷാഫി പറമ്പിൽ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വടകരയിൽ നിഷ്പ്രയാസം ശൈലജയെ പരാജയപ്പെടുത്തി മുന്നിൽ കയറിയത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ശൈലജ ടീച്ചർ മുന്നിലെത്തിയെങ്കിലും പിന്നീട് ഷാഫി പറമ്പിൽ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു.
വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഇടതുപക്ഷം രംഗത്തിറക്കിയ ആനി രാജയാണ് പിന്നീട് വാർത്തകളിൽ നിറഞ്ഞ വനിതാ സ്ഥാനാർത്ഥി. 3,64,422 വോട്ടുകളുമായി രാഹുൽ വയനാട്ടിൽ വിജയം നേടിയപ്പോൾ 2,83,023 വോട്ടുകളുമായി ആനി രാജ മുട്ടുമടക്കേണ്ടിവന്നു. ഒരു കാര്യത്തിൽ സമാധാനിക്കാം ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മൂന്നാം സ്ഥാനത്താക്കിയാണ് ആനി രാജ രണ്ടാം സ്ഥാനത്തെത്തിയത്.
ALSO READ: സ്മൃതി ഇറാനി മുതൽ കെകെ ശൈലജ വരെ; തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രമുഖർ
കോൺഗ്രസിന്റെ ആലത്തൂരിലെ സിറ്റിങ് എംപിയായിരുന്ന രമ്യ ഹരിദാസാണ് മറ്റൊരു പ്രധാന വനിതാ സ്ഥാനാർത്ഥി. 2019 തിരഞ്ഞെടുപ്പിൽ പാട്ടും പാടി ജയിച്ച രമ്യ ഇത്തവണ പാട്ടും പാടി പരാജയപ്പെട്ടു. കേരളത്തിൽ ആകെ എൽഡിഎഫിന് സീറ്റ് ലഭിച്ച മണ്ഡലമാണ് ആലത്തൂർ. നിലവിലെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് രമ്യയെ പിന്നിലാക്കി മുന്നേറിയത്. എന്നാൽ ആലത്തൂരിൽ എൻഡിഎ സ്ഥാനാർഥിയും ഒരു വനിതയായിരുന്നു. മൂന്നാം സ്ഥാനമാണ് ടി എൻ സരസുവിന് ലഭിച്ചത്.
ആലപ്പുഴ മണ്ഡലത്തിലെ ഒരുതരി കനൽ അണയ്ക്കാൻ ബിജെപിയുടെ തീപ്പൊരി സ്ഥാനാർഥി ശോഭാ സുരേന്ദ്രനും സാധിച്ചില്ല. കനൽ കെടുത്തി യുഡിഎഫിൻ്റെ കെ സി വേണുഗോപാൽ മുന്നിൽ കയറി. ബിജെപിക്ക് ശോഭാ സുരേന്ദ്രന്റെ സീറ്റിൽ അല്പം പ്രതീക്ഷ ഉണ്ടായിരുന്നെന്ന് തന്നെ പറയാം. എന്നാൽ ആ പ്രതീക്ഷ കാറ്റിൽ പറത്തി ശോഭ മൂന്നാം സ്ഥാനത്ത് ഒതുങ്ങി.
എറണാകുളത്തെ ഇടതുസ്ഥാനാർത്ഥിയായിരുന്നു കെ ജെ ഷൈൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ലീഡ് നില വർധിപ്പിച്ചാണ് ഹൈബി ഈഡൻ എറണാകുളത്ത് മുന്നേറിയത്. 476479 വോട്ടാണ് ഹൈബി നേടിയത്. 229399 വോട്ടുമായി കെ ജെ ഷൈൻ രണ്ടാം സ്ഥാനത്ത് ഒതുങ്ങി. എറണാകുളം ഹൈബി തന്നെ നിലനിൽക്കും എന്നാണ് എക്സിറ്റ് പോളുകൾ പറഞ്ഞിരുന്നത്.
പൊന്നാനിയിലെ ബിജെപി വനിതാ സ്ഥാനാർഥിയായ നിവേദിത സുബ്രഹ്‌മണ്യനും പരാജയപ്പെട്ടു. മുസ്ലീം ലീഗ് സ്ഥാനാർത്ഥി ഡോ. എം. പി അബ്ദുസമദ് സമദാനി 235760 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി കെ എസ് ഹംസയ്ക്ക് 326756 വോട്ടുകളാണ് ലഭിച്ചത്. എക്സിറ്റ് പോൾ ഫലങ്ങളിലും സമദാനി തന്നെ ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു.
ALSO READ: സാധാരണക്കാരന്റെ അധികാരത്തെ വിലക്കുറച്ച് കാണരുത്: പ്രതികരിച്ച് ധ്രുവ് റാഠി
നിരവധി പരാജയങ്ങൾക്ക് ശേഷമായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ കാസർഗോട് മിന്നും വിജയം നേടിയത്. ബിജെപി സ്ഥാനാർത്ഥിയായ എം എൽ അശ്വിനി 1,68,152 വോട്ടുകളുമായി മൂന്നാം സ്ഥാനതെത്തി. എൽഡിഎഫ് സ്ഥാനാർത്ഥിയായ എം വി ബാലകൃഷ്ണൻ മാസ്റ്റർ 3,08,036 വോട്ട് നേടി രണ്ടാം സ്ഥാനത്താണ്.
ബിഡിജെഎസ് സ്ഥാനാർത്ഥി സംഗീത വിശ്വനാഥനാണ് ഇടുക്കിയിൽ പരാജയപ്പെട്ട മറ്റൊരു വനിതാ സ്ഥാനാർത്ഥി. 432372 വോട്ടുകളുമായിട്ടാണ് ഡീൻ കുര്യാക്കോസാണ് ഇവിടെ ജയിച്ചു കയറിയത്. ഇടതുസ്ഥാനാർത്ഥി ജോയ്സ് ജോർജ് 298645 വോട്ടുകളാണ് നേടിയത്.
കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിലും പ്രമുഖരായ രാഷ്ട്രീയ വനിതാ നേതാക്കൾ പരാജയപ്പെട്ട കാഴ്ച്ചയാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാണാൻ സാധിച്ചത്. സ്മൃതി ഇറാനി മുതൽ നീളുന്ന പ്രമുഖരുടെ പേര്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സാക്ഷാൽ രാഹുൽ ഗാന്ധിയെ വീഴ്ത്തിയ സ്മൃതി ഇറാനി പക്ഷേ ഇക്കുറി വീണു. കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ്മയോട് ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് സ്മൃതി ഇറാനി പരാജയപ്പെട്ടത്.