Marriage Registration: വിവാഹ രജിസ്‌ട്രേഷനും സ്മാർട്ടായി; വരനും വധുവും സ്ഥലത്തില്ലാതെ തന്നെ രജിസ്റ്റർ ചെയ്യാം
Kerala Digital Marriage Registration: സംസ്ഥാന സർക്കാരിന്റെ കെ സ്മാർട്ട് പദ്ധതിയിലൂടെയാണ് ഓൺലൈൻ വീഡിയോ കെവൈസി വഴി വിവാഹം രജിസ്റ്റർ ചെയ്യാൻ അവസരമുള്ളത്. വരനും വധുവിനും ലോകത്തെവിടെ ആണെങ്കിലും വിവാഹം രജിസ്റ്റർ ചെയ്യാനാകുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ സ്മാർട്ട് പദ്ധതിയിലൂടെ ഇനി വിവാഹ രജിസ്ട്രേഷൻ എളുപ്പത്തിൽ ചെയ്യാം. കെ സ്മാർട്ട് പദ്ധതിയിലൂടെയുള്ള വിവാഹ രജിസ്ട്രേഷൻ കേരളത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പുത്തൻ ഉണർവാണെന്നും മന്ത്രി എം ബി രാജേഷ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷൻ സാധ്യമാക്കിയ സംസ്ഥാനമാണ് കേരളം.
കേരളത്തിലെ നഗരങ്ങളിൽ 21344 പേരാണ് ഈ ഓൺലൈൻ സാധ്യത പ്രയോജനപ്പെടുത്തിയത്. 2024 ജനുവരി മുതൽ ഈ മാർച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്ട്രേഷനുകളിൽ മൂന്നിലൊന്നും ഓൺലൈൻ സൗകര്യം ഉപയോഗിച്ചാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെ സ്മാർട്ട് പദ്ധതിയിലൂടെ കേരളം ബഹുദൂരം മുന്നിൽ സഞ്ചരിക്കുകയാണെന്നും ആദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ കെ സ്മാർട്ട് പദ്ധതിയിലൂടെയാണ് ഓൺലൈൻ വീഡിയോ കെവൈസി വഴി വിവാഹം രജിസ്റ്റർ ചെയ്യാൻ അവസരമുള്ളത്. വരനും വധുവിനും ലോകത്തെവിടെ ആണെങ്കിലും വിവാഹം രജിസ്റ്റർ ചെയ്യാനാകുന്നതാണ്. വീഡിയോ കോൾ വഴിയുള്ള രജിസ്ട്രേഷൻ സൗകര്യമാണ് കെ സ്മാർട്ട് തുറന്ന് നൽകുന്നത് എന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
വിവാഹ രജിസ്‌ട്രേഷനായി ഇനി വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നോ ഒരേ സമയത്ത് ഓൺലൈനിൽ വരേണ്ട ആവശ്യമോ ഇല്ലെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. വിവാഹം ഓൺലൈനായി വീഡിയോ കെവൈസി വഴി രജിസ്റ്റർ ചെയ്യാനാകും. അതിനാൽ നിരവധി ആളുകൾക്ക് ഈ പദ്ധതിയിലൂടെ ഗുണം ലഭിക്കുമെന്ന കരുതുന്നതായും മന്ത്രി അറിയിച്ചു.