Crime News: അരങ്ങേറുന്ന കൊടുംക്രൂരതകള്‍, കൂട്ടക്കൊലകളില്‍ നടുങ്ങി കേരളം; ചേന്ദമംഗലം മുതല്‍ വെഞ്ഞാറമൂട് വരെ
Kerala Recent Massacres: തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങളുടെ ഞെട്ടലിലാണ് കേരളം. കഴിഞ്ഞ മാസം രണ്ടിടത്താണ് സംസ്ഥാനത്ത് കൂട്ടക്കൊല നടന്നത്. ചേന്ദമംഗലത്തും, നെന്മാറയിലും. ചേന്ദമംഗലം, നെന്മാറ കൂട്ടക്കൊലകളുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ഇപ്പോള്‍ വെഞ്ഞാറമൂടിലും കൊടുംക്രൂരത അരങ്ങേറിയത്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവാവ് നടത്തിയ കൂട്ടക്കൊലയുടെ ഞെട്ടലിലാണ് കേരളം. ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി. അഫാന്‍ (23) ആണ് പ്രതി. വെഞ്ഞാറമൂടും മറ്റ് രണ്ടിടങ്ങളിലുമായി അഞ്ച് പേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. വെട്ടേറ്റ മാതാവ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുടുംബാംഗങ്ങളെയും പെണ്‍സുഹൃത്തിനെയും ബന്ധുക്കളെയുമാണ് അഫാന്‍ കൊലപ്പെടുത്തിയത്.
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സഹോദരന്‍ അഹസാന്‍, മാതാവ് ഷമീന, പെണ്‍സുഹൃത്ത് ഫര്‍ഷാന, മുത്തശി സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് ഇയാള്‍ ആക്രമിച്ചത്. ഇതില്‍ ഷമീന ഒഴികെയുള്ളവര്‍ മരിച്ചു. ഷമീന അതീവ ഗുരുതരാവസ്ഥയിലാണ്. മൂന്ന് വീടുകളിലായാണ് പ്രതി ക്രൂരകൃത്യം നടത്തിയത്.
സംഭവത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വിഷം കഴിച്ചെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ച് ദിവസം മുമ്പാണ് ഇയാള്‍ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.




വിസിറ്റിംഗ് വിസയില്‍ വിദേശത്തുള്ള പിതാവിന്റെ അടുത്തേക്ക് പോയ പ്രതി പിന്നീട് തിരിച്ചെത്തുകയായിരുന്നു. വിദേശത്തെ ബിസിനസ് നഷ്ടത്തിലായത് മൂലമുള്ള വന്‍ സാമ്പത്തിക ബാധ്യതയാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് പറയുന്നത്. കടബാധ്യത മൂലം ജീവിക്കാന്‍ പറ്റില്ലെന്ന് തോന്നിയപ്പോള്‍ എല്ലാവരെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കൊലപാതകം സംബന്ധിച്ച് വിശദ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. കുറച്ച് ദിവസം മുമ്പ് മുത്തശിയോട് സ്വര്‍ണമാല ചോദിച്ചെങ്കിലും അത് ലഭിക്കാത്തതിന്റെ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്നും പറയുന്നു. പ്രതി ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്.
Read Also : തിരുവനന്തപുരത്തെ നടുക്കി കൂട്ടക്കൊല; 6 പേരെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ
കൂട്ടക്കൊലകളില്‍ നടുങ്ങി കേരളം
തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങളുടെ ഞെട്ടലിലാണ് കേരളം. കഴിഞ്ഞ മാസം രണ്ടിടത്താണ് സംസ്ഥാനത്ത് കൂട്ടക്കൊല നടന്നത്. ചേന്ദമംഗലത്തും, നെന്മാറയിലും. ജനുവരി 16ന് എറണാകുളം ചേന്ദമംഗലത്ത് യുവാവ് അയല്‍വാസികളായ മൂന്ന് പേരെയാണ് കൊലപ്പെടുത്തിയത്. പ്രതി ഋതുവിനെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പാലക്കാട് നെന്മാറയില്‍ കൊടുംക്രൂരത അരങ്ങേറിയത്. യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരുന്നയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം അവരുടെ ഭര്‍ത്താവിനെയും, മാതാവിനെയും കൊലപ്പെടുത്തുകയായിരുന്നു. ഒളിവില്‍ പോയ പ്രതി ചെന്താമരയെ പൊലീസ് പിന്നീട് പിടികൂടി.
ചേന്ദമംഗലം, നെന്മാറ കൂട്ടക്കൊലകളുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ഇപ്പോള്‍ വെഞ്ഞാറമൂടിലും അതിലും ഭീകരമായ തരത്തില്‍ കൊടുംക്രൂരത അരങ്ങേറിയത്.