Ward Delimitation: സർക്കാരിന് തിരിച്ചടി; ഏഴ് നഗരസഭകളിലെ വാർഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
kerala Highcourt Cancels Ward Delimitation: എതിർപ്പുകൾ ശക്തമായതോടെ ഒരു കൂട്ടം കൗൺസിലർമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഇവർ ഹർജി സമർപ്പിച്ചത്. മുസ്ളീം ലീഗിന്റെ കൗൺസിലർമാരാണ് പ്രധാനമായും കോടതിയെ സമീപിച്ചത്.
കൊച്ചി: തദ്ദേശ വാർഡ് വിഭജനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി നൽകികൊണ്ട് ഹൈക്കോടതി (kerala Highcourt) ഉത്തരവ്. ഏഴ് നഗരസഭകളിലെ വാർഡുകൾ വിഭജിക്കാനുള്ള സർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വാർഡുകൾ വിഭജിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. ഫറോക്ക്, കൊടുവള്ളി, മുക്കം, പാനൂർ, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ വാർഡുകൾ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാണ് റദ്ദാക്കിയത്.
അടുത്ത വർഷം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർക്കാർ വാർഡ് വിഭജനവുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വാർഡുകൾ വിഭജിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നതെന്ന വിവാദം ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവും പുറത്തിറങ്ങിയിരുന്നു. ശക്തമായ രാഷ്ട്രീയ എതിർപ്പുകളാണ് ഇതിനെതിരെ സംസ്ഥാനത്ത് ഉയർന്നു. എതിർപ്പുകൾ ശക്തമായതോടെ ഒരു കൂട്ടം കൗൺസിലർമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഇവർ ഹർജി സമർപ്പിച്ചത്. മുസ്ളീം ലീഗിന്റെ കൗൺസിലർമാരാണ് പ്രധാനമായും കോടതിയെ സമീപിച്ചത്.
2011-ലാണ് ഏറ്റവുമൊടുവിൽ സംസ്ഥാനത്ത് ജനസംഖ്യാ കണക്കെടുപ്പ് നടന്നത്. 2015ൽ വാർഡ് വിഭജനം നടന്നെങ്കിലും അന്ന് പഞ്ചായത്തുകളിലെ വിഭജനം കോടതി എതിർത്തിരുന്നില്ല. എന്നാൽ ഇപ്പോൾ വാർഡ് വിഭജിക്കാനുള്ള തീരുമാനം അന്നത്തെ സെൻസസിനെ അടിസ്ഥാനപ്പെടുത്തിയാണ് നടക്കാൻ ഒരുങ്ങുന്നത്. ഈ നീക്കം അശാസ്ത്രീയമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. നിലവിലുള്ള വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ മാത്രം വാർഡ് വിഭജിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അതേസമയം സംസ്ഥാനത്തെ മുഴുവൻ വാർഡ് വിഭജനവും ഹൈക്കോടതി റദ്ദാക്കിയിട്ടില്ല.
ALSO READ: ഭൂമി രജിസ്‌ട്രേഷനടക്കം ഇനി എന്തെളുപ്പം ! വരാനിരിക്കുന്നത് വമ്പന്‍ മാറ്റങ്ങള്‍
പുതിയ സെൻസസ് നിലവിലില്ലാതെ പഴയതിന്റെ അടിസ്ഥാനത്തിൽ വാർഡുകൾ വിഭജിക്കാനുള്ള നീക്കം സെൻസസ് നിയമത്തിന്റെയും ചട്ടത്തിന്റെയും കേരള മുനിസിപ്പൽ ആക്ടിലെ 6(2) വകുപ്പിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി നൽകിയത്. കൂടാതെ പുതിയ സെൻസസ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, 2019 ഡിസംബർ 31ന് ശേഷം വാർഡ് വിഭജനം സാധ്യമല്ലെന്നും ഹർജിയിൽ പറയുന്നു.
നിലവിൽ ഏഴ് നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാർഡ് പുനർവിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. ഹർജി പരിഗണിക്കുന്നതിനിടെ സെൻസസ് കമ്മിഷണർ ഉൾപ്പെടെയുള്ളവരുടെ വിശദീകരണങ്ങൾ കോടതി ആരാഞ്ഞു. ഇവ ഉൾപ്പെടെ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. സംസ്ഥാന സർക്കാരിൻ്റെ വാർഡ് പുനർവിഭജനം രാഷ്ട്രീയപദ്ധതിമാത്രമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നേരത്തേ രംഗത്തെത്തിയിരുന്നു.