Pantheerankavu Domestic Violence: പ്രശ്‌നം സംസാരിച്ച് തീര്‍ത്തു; പന്തീരങ്കാവ് ഗാര്‍ഹികപീഡന കേസ് റദ്ദാക്കി
High Court Quashed Pantheerankavu Case: ഗാര്‍ഹിക പീഡനം, സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തത്. എന്നാല്‍ സംഭവം കൂടുതല്‍ ചര്‍ച്ചയായതോടെ വധ ശ്രമത്തിനും കേസെടുത്തു. തനിക്കെതിരെ കേസെടുത്തതോടെ ജോലി സ്ഥലമായ ജര്‍മനിയിലേക്ക് രാഹുല്‍ കടന്നു.
കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസിലെ ഒന്നാം പ്രതിയും ഭര്‍ത്താവുമായ രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് കോടതി നടപടി. രാഹുലിന്റെയും യുവതിയുടെയും സമാധാന ജീവിതത്തില് കേസ് തടസമാകരുതെന്ന് എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടുന്നു.
ഇരുവര്‍ക്കും കൗണ്‍ലിങ് നല്‍കാനും അതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനും നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ സമര്‍പ്പിക്കുകയും ഇത് പരിശോധിച്ചതിന് ശേഷവുമാണ് കോടതി നടപടി. ജസ്റ്റിസ് എ ബദറുദീന്റേതാണ് ഉത്തരവ്.
കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ രാഹുലിനെ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ യുവതിയാണ് വിവാഹം ചെയ്തത്. രാഹുലിന്റെ വീട്ടിലേക്ക് യുവതിയുടെ വീട്ടുകാര്‍ വിരുന്നിന് എത്തിയപ്പോഴാണ് യുവതിക്ക് മര്‍ദനമേറ്റതായി അറിയുന്നത്. ഇതോടെ യുവതിയും കുടുംബവും പോലീസില്‍ പരാതി നല്‍കി.
ഗാര്‍ഹിക പീഡനം, സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തത്. എന്നാല്‍ സംഭവം കൂടുതല്‍ ചര്‍ച്ചയായതോടെ വധ ശ്രമത്തിനും കേസെടുത്തു. തനിക്കെതിരെ കേസെടുത്തതോടെ ജോലി സ്ഥലമായ ജര്‍മനിയിലേക്ക് രാഹുല്‍ കടന്നു. എന്നാല്‍ ഇതിനിടെ തന്നെ ഭര്‍ത്താവ് മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിനാണ് പരാതി നല്‍കിയതെന്നും ആരോപിച്ചുകൊണ്ട് യുവതി രംഗത്തെത്തി.
ഇതോടെ തനിക്കെതിരെയുള്ള റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ കോടതിയെ സമീപിച്ചു. താന്‍ ഭാര്യയെ മര്‍ദിച്ചിട്ടില്ലെന്നും ഇരുവരും തമ്മിലുള്ള തര്‍ക്കം സംസാരിച്ച് പരിഹരിച്ചുവെന്നുമാണ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. ഇക്കാര്യം ശരിവെച്ചുകൊണ്ട് ഭാര്യയും സത്യവാങ്മൂലം നല്‍കി. തങ്ങള്‍ക്കിടയിലുണ്ടായിരുന്ന തെറ്റിധാരണകള്‍ പറഞ്ഞുതീര്‍ത്തുവെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നുമാണ് യുവതി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.
ഭര്‍ത്താവ് തന്നെ മര്‍ദിച്ചിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നും യുവതി പറഞ്ഞു. കേസില്‍ മൊഴി മാറ്റിയ യുവതി വീട് വിട്ടിറങ്ങുകയും വീട്ടുകാരോടൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തന്നെ ആരും അടിച്ചിട്ടില്ലെന്നും രാഹുലിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കുറ്റബോധമുണ്ടെന്നും പറഞ്ഞ് യുവതി ക്ഷമാപണം നടത്തിയിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് യുവതി ക്ഷമാപണം നടത്തിയിരുന്നത്.
നിമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈലിലൂടെയാണ് വീഡിയോ പുറത്തുവന്നത്. കേസില്‍ പ്രതിയായ രാഹുലിനെ നാട്ടിലെത്തിക്കാന്‍ സിബിഐ അടക്കം ശ്രമം നടത്തുന്നതിനിടെയായിരുന്നു യുവതിയുടെ മൊഴിമാറ്റം. രാഹുലിനെതിരെയുള്ള ആരോപണങ്ങളെല്ലാം വീട്ടുകാരുടെ പ്രേരണ മൂലമാണെന്നും യുവതി വീഡിയോയില്‍ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദിച്ചതെന്നും ബെല്‍റ്റ് കൊണ്ടടക്കം മര്‍ദിച്ചുവെന്നും ചാര്‍ജര്‍ കേബിള്‍ വെച്ച് കഴുത്ത് മുറുക്കി എന്നുള്ളതെല്ലാം തെറ്റായ ആരോപണങ്ങളാണ്.
വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് നുണകള്‍ പറഞ്ഞത്. കല്യാണത്തിന്റെ ഒരു ഘട്ടത്തിലും അവര്‍ സ്ത്രീധനം ചോദിച്ചിട്ടില്ല. കല്യാണത്തിന്റെ ചെലവിന്റെ ഭൂരിഭാഗവും നോക്കിയത് രാഹുലേട്ടനാണ്. തന്റെ എല്ലാ വസ്ത്രങ്ങളും വാങ്ങിത്തന്നത് രാഹുലേട്ടനാണ്. രാഹുലേട്ടന്‍ തന്നെ തല്ലി എന്നുപറയുന്നത് സത്യമാണ്. രണ്ട് തവണ തല്ലിയിട്ടുണ്ട് എന്നും യുവതി വെളിപ്പെടുത്തിയിരുന്നു.