L2 Empuraan controversy :എമ്പുരാൻ പ്രദർശനം തടയണമെന്ന ഹർജി തള്ളി ഹൈക്കോടതി; ഹർജിക്കാരനെ സസ്പെൻഡ് ചെയ്ത് ബിജെപി
Empuraan Movie:ഈ സാഹചര്യത്തിൽ സിനിമയുടെ പ്രദർശനം തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സര്‍ക്കാരിനും സെൻസർ ബോർഡിനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ഹർജിയിൽ പിന്നീട് പിന്നീട് വിശദമായ വാദം കേൾക്കും.

എമ്പുരാൻ പോസ്റ്റർ
കൊച്ചി: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. ചിത്രത്തിന് സെൻസർ ബോർഡ് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പിന്നെ എന്താണ് പ്രശ്നമെന്ന് ചോദിച്ച ജസ്റ്റിസ് സി.എസ്.ഡയസ് ഹർജി തള്ളുകയായിരുന്നു. ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി.വി.വിജേഷ് ആണ് ചിത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ആദ്യം സിനിമ കണ്ടിരുന്നോ എന്നാണ് ഹർജിക്കാരനോട് ചോദിച്ചത്. കണ്ടിരുന്നു എന്ന് മറുപടി പറഞ്ഞപ്പോൾ എന്താണ് സിനിമയ്ക്ക് പ്രശ്നം എന്നാണ് കോടതി ചോദിച്ചത്. തുടർന്നാണ് ഹർജിയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചത്. ഈ സമയത്താണ് ചിത്രം സെൻസർ ബോർഡ് അംഗീകാരം നൽകിയതല്ലെ എന്ന് കോടതി ചോദിച്ചത്. സിനിമയ്ക്കെതിരെ എവിടെയും കേസുകൾ പോലുമില്ല. ഈ സാഹചര്യത്തിൽ സിനിമയുടെ പ്രദർശനം തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സര്‍ക്കാരിനും സെൻസർ ബോർഡിനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ഹർജിയിൽ പിന്നീട് പിന്നീട് വിശദമായ വാദം കേൾക്കും.
Also Read:സയീദ് മസൂദിലൂടെ ഭീകരവാദത്തെ വെള്ളപൂശി, മാപ്പ് പറയേണ്ടത് പൃഥ്വിരാജ്: നടൻ വിവേക് ഗോപൻ
അതേസമയം, ഹർജി നൽകിയ വിജേഷിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ബിജെപി സസ്പെൻഡ് ചെയ്തു. പാർട്ടി അച്ചടക്കം ലംഘിച്ചെന്നു കാട്ടിയാണ് നടപടി. ഇയാൾ ചിത്രത്തിനെതിരെ ഹർജി നൽകിയത് പാർട്ടിയുടെ അറിവോടെയല്ലെന്നും സ്വന്തം താൽപര്യ പ്രകാരമാണെന്നും പാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കി. ഇത്തരമൊരു ഹർജി നൽകാൻ ബിജെപി നേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പാർട്ടി നയത്തിന് വിധേയമായി പ്രവർത്തിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
അതേസമയം റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ പുതിയ പതിപ്പ് ഉടന്‍ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. 24 ഭാഗങ്ങൾ ചിത്രത്തിലെ നിന്ന് വെട്ടിമാറ്റിയതായാണ് റിപ്പോർട്ട്. നേരത്തെ 17 ഭാഗങ്ങൾ എന്നാണ് പറഞ്ഞത്. എന്നാൽ ഇതിനു പിന്നാലെ റീ എഡിറ്റിംഗ് സെന്‍സര്‍ രേഖ പുറത്ത് വന്നതോടെയാണ് 24 വെട്ടുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങൾ , പ്രധാന വില്ലന്റെ പേര്, സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ എന്നിവയാണ് മാറ്റിയത്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തിട്ടുണ്ട്. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയിരിക്കുന്നത്.