Kerala Hepatitis Outbreak : വേങ്ങൂരിൽ 208 പേർക്ക് മഞ്ഞപ്പിത്തം, രണ്ട് പേരുടെ നില ഗുരുതരം
Hepatitis A Outbreak Kerala: കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലായിരുന്ന വേങ്ങൂര്‍ കരിയാംപുറം സ്വദേശി കാര്‍ത്യായനി മരിച്ചിരുന്നു
കൊച്ചി: സംസ്ഥാനത്ത് മഞ്ഞപ്പിത്തം അതിവേഗം പടരുകയാണ്. കൊച്ചി വേങ്ങൂരിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം രോഗികളുള്ളത്. 208 പേർക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. ഇവിടെ ഇതുവരെ രണ്ട് പേരാണ് കഴിഞ്ഞ ഒരുമാസത്തിനിടെയിൽ രോഗം ബാധിച്ച് മരിച്ചത്.
കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലായിരുന്ന വേങ്ങൂര്‍ കരിയാംപുറം സ്വദേശി കാര്‍ത്യായനി മരിച്ചിരുന്നു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം കൊച്ചിയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ നിലയും ഗുരുതരമാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമാണ് ഇവിടെ രോഗം പടർന്നിരിക്കുന്നത്.
പ്രദേശത്തെ ജലവകുപ്പിന്റെ സംഭരണിയിലെ വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം പടർന്നതെന്നാണ് സൂചന. ഇതിൽ അന്വേഷണം നടന്നു വരികയാണ്. വേങ്ങൂര്‍ വക്കുവളളി,തൊട്ടടുത്ത പഞ്ചായത്തായ മുടക്കുഴ എന്നിവിടങ്ങളിലെ ആളുകൾക്കാണ് നേരത്തെ ജീവൻ നഷ്ചടമായത്.
മൂവാറ്റുപുഴ ആര്‍ഡി.ഒയുടെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണമാണ് സംഭവത്തിൽ നടന്നു വരുന്നത്. മഞ്ഞപ്പിത്ത വ്യാപനത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നറിയാൻ പരിശോധന നടക്കുകയാണ്.