Ration Shop Strike: സമരത്തെ അംഗീകരിക്കാന്‍ കഴിയില്ല; മുഴുവന്‍ ഉദ്യോഗസ്ഥരും ഹാജരാകണമെന്ന് നിര്‍ദേശം, റേഷന്‍ കടകള്‍ തുറക്കും
Minister GR Anil's Response Over Ration Shop Strike: കേന്ദ്ര സര്‍ക്കാര്‍ എഫ്‌സിഐ വഴി സംസ്ഥാനത്തിന് നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ഇടനിലക്കാര്‍ മാത്രമാണ് റേഷന്‍ വ്യാപാരികള്‍. എന്നിട്ട് ഭക്ഷ്യധാന്യം വിതരണം ചെയ്യാതെ കടകള്‍ അടച്ചിട്ട് സമരം ചെയ്യുന്നത് ശരിയാണോ എന്ന് വ്യാപാരികള്‍ പരിശോധിക്കണമെന്നും ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: തിങ്കളാഴ്ച (ജനുവരി 27) മുതല്‍ സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച സമരത്തെ നേരിടാനൊരുങ്ങി സര്‍ക്കാര്‍. റേഷന്‍ വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഭക്ഷ്യ ധാന്യങ്ങള്‍ ജനങ്ങള്‍ക്ക് നിഷേധിച്ചുകൊണ്ടുള്ള സമരത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ എഫ്‌സിഐ വഴി സംസ്ഥാനത്തിന് നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ഇടനിലക്കാര്‍ മാത്രമാണ് റേഷന്‍ വ്യാപാരികള്‍. എന്നിട്ട് ഭക്ഷ്യധാന്യം വിതരണം ചെയ്യാതെ കടകള്‍ അടച്ചിട്ട് സമരം ചെയ്യുന്നത് ശരിയാണോ എന്ന് വ്യാപാരികള്‍ പരിശോധിക്കണമെന്നും ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് കൃത്യമായി ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ആരുടെ ഭാഗത്തുനിന്നുള്ള വീഴ്ച കൊണ്ടാണോ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നിഷേധിക്കപ്പെടുന്നത് അവര്‍ ഗുണഭോക്താക്കള്‍ക്ക് ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കേണ്ടതായി വരും. റേഷന്‍ വ്യാപാരികള്‍ സമരം നടത്തുന്നതിനാല്‍ തന്നെ ഇവിടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച കൊണ്ടല്ല ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ മുടങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.
സര്‍ക്കാര്‍ വാതില്‍പടി വിതരണം പൂര്‍ത്തിയാക്കി. ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ തയാറാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ വിതരണം ചെയ്യാന്‍ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം എന്‍എഫ്എസ്എ നിയമം അനുസരിച്ച് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഗുണഭോക്താവിന് ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് കടക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. തിങ്കളാഴ്ച മുതല്‍ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് ആസ്ഥാനത്ത് കണ്‍ട്രോള്‍ തുറക്കുന്നതായും ജി ആര്‍ അനില്‍ അറിയിച്ചു.
സംസ്ഥാനത്ത് 330 റേഷന്‍ കടകള്‍ സഹകരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 156 കടകള്‍ താത്കാലിക ലൈസന്‍സികളാണ് നടത്തുന്നത്. ഒരു റേഷന്‍ കട സപ്ലൈകോ ആണ് നടക്കുന്നത്. ഈ കടകളെല്ലാം അതായത് 487 റേഷന്‍ കടകള്‍ തിങ്കളാഴ്ട തുറന്ന് പ്രവര്‍ത്തിക്കും. ജനുവരി മാസത്തില്‍ 63.82 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റി. മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എഎവൈ വിഭാഗത്തിലെ 86 ശതമാനം പേരും പിഎച്ച്എച്ച് വിഭാത്തിലെ 78 ശതമാനം പേരും റേഷന്‍ വാങ്ങിച്ചതായും മന്ത്രി പറഞ്ഞു.