Kerala Govt Employee Strike: പങ്കാളിത്ത പെൻഷൻ; സംസ്ഥാനത്ത് സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും
Kerala Government Employee And Teachers Strike: സർക്കാരിൻ്റെ പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണമെന്നും പഴയ പെൻഷൻ പുനഃസ്ഥാപിക്കണമെന്നുമാണ് സമര സമിതി മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ഇന്നത്തെ പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് വെട്ടികുറയ്ക്കുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്. അനധികൃതമായെടുക്കന്ന അവധികളെ ഇനി മുതൽ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായിട്ടുണ്ട്.
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് ഇന്ന് ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതിനാൽ (Government Employee Strike). ഓഫീസുകളുടെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടേക്കാമെന്ന് അധികൃതർ അറിയിച്ചു. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും കോൺഗ്രസിന് കീഴിലുള്ള സർവീസ് സംഘടനകളുടെയും നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഇന്ന് പണിമുടക്ക് നടക്കുന്നത്. സിപിഐ അനുകൂല സംഘടയായ അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയും പണിമുടക്കുന്നുണ്ട്. കോൺഗ്രസ് അനുകൂല സംഘടനയായ സെറ്റോയും ഇതിൽ ഉൾപ്പെടും.
സർക്കാരിൻ്റെ പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണമെന്നും പഴയ പെൻഷൻ പുനഃസ്ഥാപിക്കണമെന്നുമാണ് സമര സമിതി മുന്നോട്ട് വയ്ക്കുന്ന ആവശ്യം. കൂടാതെ പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശികകൾ പൂർണമായും അനുവദിക്കണം, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സർക്കാർ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
പങ്കാളിത്ത പെൻഷൻ എന്ന ആശയം പിൻവലിക്കുമെന്ന് ധനവകുപ്പ് മന്ത്രി വാഗ്ദാനം നൽകിയിട്ട് ഒരു വർഷമായി. സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറിയായ ജയചന്ദ്രൻ കല്ലിംഗൽ പറഞ്ഞിരുന്നു. സിപിഐഎം ശ്രമിക്കുന്നത് പണിമുടക്ക് പരാജയപ്പെടുത്താനാണ്. പണി മുടക്കിൽ പങ്കെടുക്കരുതെന്ന് വീടുകൾ കയറി അവർ ആവശ്യപ്പെട്ടു. സമരത്തിന് പണ്ട് യോജിച്ച് നിന്നവർ ഇന്ന് മുഖംതിരിച്ചുകാട്ടുന്നതായും ജയചന്ദ്രൻ പറഞ്ഞു.
അതേസമയം പ്രതിപക്ഷ സർവീസ് സംഘടനകളുടെയും ജോയിൻ്റ് കൗൺസിലിൻ്റെയും സമരത്തെ ഇല്ലാതാക്കാനുള്ള നീക്കവും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ജീവനക്കാരുടെ പണിമുടക്ക് തടയുന്നതിന് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നത്തെ പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് വെട്ടികുറയ്ക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
അനധികൃതമായെടുക്കന്ന അവധികളെ ഇനി മുതൽ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം സെക്രട്ടറിയേറ്റിലെ ആയിരത്തിലേറെ ജീവനക്കാർ ഇന്നത്തെ സമരത്തിൽ പങ്കെടുത്തേക്കുമെന്നാണ് സംഘടനകൾ അറിയിക്കുന്നത്. വില്ലേജ് ഓഫിസുകൾ, താലൂക്ക് ഓഫിസുകൾ, കലക്ടറേറ്റ്, മൃഗസംരക്ഷണ ഓഫിസുകൾ എന്നിവ അനുകൂല സംഘടനയായ ജോയിൻറ് കൗൺസിലിനും പ്രതിപക്ഷ സർവീസ് സംഘടനകൾക്കും കാര്യമായ അംഗബലമുള്ളവയാണ്. അതിനാൽ ഇവിടുത്തെ പ്രവർത്തനങ്ങളെ സമരം കാര്യമായി ബാധിച്ചേക്കും.