Wayanad Landslide: മാധ്യമങ്ങൾ തെറ്റായി വാർത്തകൾ പ്രചരിപ്പിക്കുന്നു; എല്ലാവർക്കും അഭിപ്രായ സ്വാതന്ത്രമുണ്ടെന്ന് കോടതി
Wayanad Landslide: വയനാട്ടിലെ പുനരധിവാസത്തിനായി 2 സ്ഥലങ്ങൾ കണ്ടെത്തിയെന്ന കാര്യവും സർക്കാർ കോടതിയെ അറിയിച്ചു. വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജിൽ പെട്ട നെടുമ്പാല എസ്റ്റേറ്റിൽ 65.41 ഹെക്ടറും കൽപ്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ 78.73 ഹെക്ടറുമാണ് പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുക്കുന്നത്.
കൊച്ചി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ. ഉരുളെടുത്ത മുണ്ടക്കെെ- ചൂരൽമല- അട്ടമല പ്രദേശങ്ങളിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും മാനദണ്ഡങ്ങൾ പാലിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകണമെനന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഹെെക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്രമുണ്ടെന്നും മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുന്ന രീതിയിലാകരുത്. വയനാട് ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽ മാധ്യമങ്ങൾ ശ്രദ്ധ പുലർത്തുമെന്നാണ് കരുതുന്നതെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവർ പറഞ്ഞു. വയനാട് ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരമാമർശം.
കേന്ദ്രസർക്കാരിന് ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ മൊമ്മൊറാണ്ടത്തിന്റെ കണക്കുകൾ മാധ്യമങ്ങൾ തെറ്റായാണ് വ്യാഖാനിച്ചത്. ഇത് സമൂഹത്തിൽ തെറ്റിധാരണയുണ്ടാക്കി. മാധ്യമങ്ങളുടെ തെറ്റായ വ്യഖ്യാനം ഇത് ചെറുപ്പക്കാരായ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ മനോവീര്യം തകർത്തെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗമായ സെക്രട്ടറി ശേഖർ എൽ.കുര്യാക്കോസാണ് മാധ്യമ പരാമർശങ്ങളെ കുറിച്ച് കോടതിയെ അറിയിച്ചത്. ദുരിത മേഖലയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് ബോധ്യമുണ്ടെന്ന് പറഞ്ഞ കോടതി വിമർശനങ്ങളെ അവഗണിക്കാനും പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാനും അഭിപ്രായപ്പെട്ടു.
വയനാട്ടിലെ പുനരധിവാസത്തിനായി 2 സ്ഥലങ്ങൾ കണ്ടെത്തിയെന്ന കാര്യവും സർക്കാർ കോടതിയെ അറിയിച്ചു. ദുരിതബാധിതർക്ക് സഹായങ്ങൾ ലഭിച്ചില്ലെന്ന പരാതികൾ പരിഹരിച്ചു. അർഹരല്ലാത്തവരുടെ പരാതികൾ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. വൈത്തിരി, കൽപ്പറ്റ വില്ലേജുകളിലാണ് അതിജീവിതർക്കായുള്ള ടൗൺഷിപ്പ് ഒരുങ്ങുന്നത്.
പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും സർക്കാർ ആരംഭിച്ചു. 144 ഹെക്ടറാണ് ടൗൺഷിപ്പിനായി ഏറ്റെടുക്കുന്നത്. ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജിൽ പെട്ട നെടുമ്പാല എസ്റ്റേറ്റിൽ 65.41 ഹെക്ടറും കൽപ്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ 78.73 ഹെക്ടറുമാണ് പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുക്കുന്നത്. ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടത്തിൽ കിടപ്പാടം നഷ്ടമായവരേയും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ അഭയം പ്രാപിച്ചവരെ രണ്ടാം ഘട്ടത്തിലും പുനരധിവസിപ്പിക്കാനാണ് പദ്ധതി. 700 കുടുംബങ്ങളായിരിക്കും ആദ്യ ഘട്ടത്തിൽ ഉൾപ്പെടുക.