Forest Act Amendment Bill: പ്രതിഷേധത്തിനൊടുവിൽ സർക്കാരും ഉപേക്ഷിച്ചു; എന്താണ് വനംനിയമ ഭേദഗതി? എതിര്‍പ്പ് എന്തിന്? അറിയാം വിശദമായി
Forest Act Amendment Bill Details: 1961ലെ നിയമം ഭേദഗതി ചെയ്യാൻ ആണ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 2019-ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും സഭ അത് പരിഗണിച്ചിരുന്നില്ല. ഇത് കാലഹരണപെട്ടതോടെ ആണ് വീണ്ടും ഭേദഗതിക്ക് സർക്കാർ മുതിർന്നത്.
ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ച വനനിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം വന്നത്. മന്ത്രിസഭായോഗമാണ് പട്ടികയിൽ നിന്നും ഈ ബിൽ ഒഴിവാക്കാൻ തീരുമാനം എടുത്തത്. 1961ലെ നിയമം ഭേദഗതി ചെയ്യാൻ ആണ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 2019-ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും സഭ അത് പരിഗണിച്ചിരുന്നില്ല. ഇത് കാലഹരണപെട്ടതോടെ ആണ് വീണ്ടും ഭേദഗതിക്ക് സർക്കാർ മുതിർന്നത്.
പ്രതിപക്ഷം വിഷയത്തിൽ പ്രതിഷേധം കടുപ്പിച്ചിരുന്നു. ഇതിനിടെ പി വി അൻവറും, മുന്നണിക്കുള്ളിൽ നിന്ന് കേരള കോൺഗ്രസും ബില്ലിനെ എതിർത്ത് രംഗത്തെത്തിയതും സർക്കാരിനെ വലച്ചു. മലയോര പ്രദേശങ്ങളിൽ കഴിയുന്ന ജനങ്ങളെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ കോൺഗ്രസിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നേക്കാം. അങ്ങനെ വരുമ്പോൾ ഈ വിഷയം തിരഞ്ഞെടുപ്പ് വിഷയമായിക്കൂടി ഉയർന്നു വരാൻ സാധ്യത ഏറെയാണ്. ഇതെല്ലാം കണക്കിലെടുത്താണ് തിടുക്കത്തിൽ ബിൽ സഭയിൽ കൊണ്ട് വരേണ്ട എന്ന തീരുമാനം മന്ത്രിസഭ സ്വീകരിച്ചത്.
എന്താണ് വനംനിയമ ഭേദഗതി?
1980ലെ നിയമം അനുസരിച്ച് വനവുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനങ്ങൾക്കും കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണം. ഇതിൽ വനഭൂമി വനേതര ആവശ്യങ്ങൾക്ക് വകമാറ്റാൻ കർശന നിയന്ത്രണവും ഉണ്ടായിരുന്നു. എന്നാൽ ഈ നിയമത്തിൽ ഭേദഗതി വരുന്നതോടെ ഇത്തരം നിയമങ്ങൾ എല്ലാം ലഘൂകരിക്കപ്പെടും. വനത്തിൽ അതിക്രമിച്ചു കടന്നാൽ നിലവിൽ 100 രൂപ വരെ പിഴയീടാക്കിയിരുന്ന കേസുകളിൽ 5,000 മുതൽ 25,000 രൂപ വരെ പിഴ ഈടാക്കാൻ പുതിയ നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
അതുപോലെ, വനത്തിലെ അതിർത്തി കല്ലുകൾ ഇളക്കിയാലും, വനമേഖലയിലുള്ള പുഴയിൽ നിന്ന് മീൻ പിടിക്കുന്നതും അടക്കം കുറ്റകരമാകും. കൂടാതെ നിലവിൽ ഏതെങ്കിലും കേസിൽ വനം വകുപ്പിന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കിലോ, പരിശോധന നടത്തണമെങ്കിലോ ഡിഎഫ്ഒമാരുടെ വാറന്റ് ആവശ്യമാണ്. എന്നാൽ, പുതിയ ഭേദഗതി പ്രകാരം ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുതൽ ഉള്ളവർക്ക് കേസെടുക്കാനും, വാറന്റ് കൂടാതെ തന്നെ അറസ്റ്റ് ചെയ്യാനും, വാഹനങ്ങൾ പരിശോധിക്കാനും അധികാരം ലഭിക്കും.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വലിയ അധികാരം നൽകുന്നതാണ് സർക്കാർ കൊണ്ടുവരാൻ ഇരുന്ന ഭേദഗതി. ഈ ഭേദഗതി പ്രകാരം ഉദ്യോഗസ്ഥർക്ക് വാറന്റ് ഇല്ലാതെ തന്നെ വീട്, വാഹനങ്ങൾ എന്നിവ പരിശോധിക്കാനുള്ള അനുമതി ലഭിക്കും. വന്യജീവി ആക്രമണം മൂലം ജീവഹാനി ഉണ്ടാകുന്ന സാഹചര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ജനങ്ങളുടെ കടുത്ത പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ട്. വനത്തിന് പുറത്തുവെച്ച് ഉണ്ടാകുന്ന ഇത്തരം പ്രതിഷേധങ്ങൾ മൂലം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുകയാണെങ്കിൽ പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തേണ്ടത്. എന്നാൽ, വനനിയമ ഭേദഗതി ബിൽ നിലവിൽ വന്നാൽ വനത്തിന് പുറത്തു വെച്ച് നടക്കുന്ന സംഭവങ്ങൾക്കും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കേസെടുക്കാം.
നിയമഭേദഗതി ഖനനത്തിനും വഴി തുറക്കുമോ?
1957 ലെ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) നിയമത്തിൽ കേന്ദ്ര സർക്കാർ 2023-ൽ കൊണ്ടുവന്ന ഭേദഗതികൾ ഖനനത്തിനും സാധ്യത തുറക്കുന്നതാണ്. കേന്ദ്ര സർക്കാരിന്റെ ഈ നിയമഭേദഗതികൾക്ക് തുണയാകുന്നതാണ് സംസ്ഥാന സർക്കാർ കൊണ്ടുവന്ന കേരള വനനിയമ ഭേദഗതി എന്നൊരു ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഈ ഭേദഗതി നിലവിൽ വന്നാൽ വനത്തിനുള്ളിൽ ധാതു ഖനനത്തിനും ടൂറിസം സംരംഭങ്ങൾക്കും തുടക്കമാകും. ഇത് കൂടുതൽ പ്രതിഷേധങ്ങൾ ഉയരാൻ കാരണമാകും. 1980ലെ വനസംരക്ഷണ നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതികൾ വഴി വനത്തിനുള്ളിൽ ഇക്കോ ടൂറിസം അടക്കമുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ ഏജൻസികൾക്കൊപ്പം സ്വകാര്യ ഏജൻസികളും കടന്നുവരാം. ഇതോടെ, വനത്തിനുള്ളിൽ സർക്കാർ നിയന്ത്രണത്തിൽ മൃഗശാലകൾ, സഫാരി പദ്ധതികൾ എന്നിവ വരാനും സാധ്യതകൾ ഏറെയാണ്.
വനനിയമ ഭേദഗതി ബില്ലിനെ എതിർക്കുന്നവർ ആരെല്ലാം?
വനഭൂമി വ്യാവസായിക ആവശ്യങ്ങൾക്കായി വകമാറ്റാനുള്ള നീക്കമാണോ വനനിയമ ഭേദഗതി എന്നാണ് പരിസ്ഥിതി പ്രവർത്തകർ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശങ്ക. നവംബർ ഒന്നിന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലെ 27, 52, 63 വകുപ്പുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് നിയമ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇതിന് പുറമെ ഇടുക്കി രൂപത, ഇൻഫാം, ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ്, കിഫ, അതിജീവന പോരാട്ട വേദി തുടങ്ങിയ സംഘടനകളും ഭേദഗതിയെ എതിർത്ത് രംഗത്തെത്തിയിരുന്നു.
പി വി അൻവർ വിഷയത്തിൽ അതിരൂക്ഷമായ ഭാഷയിലാണ് സർക്കാരിനെയും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെയും വിമർശിച്ചത്. ക്രൈസ്തവ വിഭാഗമാണ് ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്നത് എന്നായിരുന്നു അൻവറിന്റെ പ്രതികരണം. വനം വകുപ്പിന് അമിതാധികാരം നൽകുന്ന ബില്ലാണിതെന്നും, ഇത് നടപ്പായാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക ഗുണ്ടകളായി മാറുന്നുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, വനനിയമ ഭേദഗതിക്കെതിരെ ജാഥ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ ജനുവരി 27-ന് മലയോര സമര പ്രചാരണ ജാഥ ആരംഭിക്കും. കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിലെ ഉളിക്കലിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി അഞ്ചിന് പാറശാല മദാലത്തിലെ അമ്പൂരിയിൽ ചെന്ന് സമാപിക്കും. വനനിയമ ഭേദഗതി പിൻവലിക്കുക, വന്യജീവി ആക്രമണങ്ങളിൽ നിന്ന് മലയോര പ്രദേശത്ത് ജീവിക്കുന്നരെ രക്ഷിക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് ജാഥ.
കൂടാതെ, വന്യജീവി വിഷയം നേരിട്ട് ബാധിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ വിവിധ സഭകളും വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയിൽ നടപ്പാക്കേണ്ട നിയമമാണ് കേരളത്തിൽ സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് വനം നിയമ ഭേഗഗതിയെ വിമർശിച്ചുകൊണ്ട് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കർഷകരുടെ മേൽ കുതിര കയറാനുള്ള അവസരമാണ് നിയമഭേദഗതി നൽകുന്നതെന്ന വിമർശനവും ഉയർന്നിരുന്നു. ഈ എതിർപ്പുകളുടെ അടിസ്ഥാനത്തിലാണ് ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നില്ലെന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്.