5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

H1N1 Death: എറണാകുളത്ത് എച്ച്1 എൻ1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു

Kerala H1N1 Death : ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു (4) ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

H1N1 Death: എറണാകുളത്ത് എച്ച്1 എൻ1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു
Kerala H1N1 Death.
neethu-vijayan
Neethu Vijayan | Updated On: 19 Jul 2024 10:53 AM

കൊച്ചി: എറണാകുളത്ത് എച്ച്1 എൻ1 (H1N1 Death) ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു (4) ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കുട്ടിക്ക് എച്ച് 1 എൻ 1 പോസിറ്റീവായിരുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി ബാധിച്ചത്. ഈ മാസം 14നാണ് പനി മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

എന്താണ് എച്ച്1 എൻ1?

ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണ് എച്ച്1 എന്‍1 എന്ന് പറയുന്നത്. ഈ വൈറസ് വായുവിലൂടെയാണ് പകരുന്നത്. സാധാരണ വൈറല്‍ പനിക്കു സമാനമായ ലക്ഷണങ്ങൾ തന്നെയാണ് എച്ച്1 എന്‍1 പനിയുടെയും. ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ പനി വന്നേക്കാം.

ലക്ഷണങ്ങൾ

ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛര്‍ദ്ദി എന്നിവയാണ് എച്ച്1 എന്‍1ൻ്റെ പ്രധാന ലക്ഷണങ്ങൾ. പനി ബാധിച്ച 10 ശതമാനം ആളുകളില്‍ ശക്തമായ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇവരില്‍ അസാധാരണമായ പനി, ശ്വാസംമുട്ടല്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും. എന്നാല്‍ മറ്റുള്ളവരില്‍ ലക്ഷണങ്ങള്‍ വളരെ സാധാരണമാണ്. കടുത്ത പനിയാണ് മറ്റൊരു പ്രധാന ലക്ഷണം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക. രോഗികള്‍ പരിപൂര്‍ണ്ണ വിശ്രമം എടുക്കേണ്ടത് നിർബന്ധമാണ്. പനിയുള്ളവര്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കാൻ ശ്രമിക്കുക. കൈകള്‍ സോപ്പ് ഉപയോഗിച്ച് കൂടെക്കൂടെ കഴുകുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നു.

പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, കരള്‍- വൃക്കരോഗങ്ങള്‍ തുടങ്ങിയവ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നു കഴിക്കുക. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗം വ്യാപിക്കാം അതിനാല്‍ അതീവ ജാഗ്രത പാലിക്കുക.

Latest News