Pahalgam Terror Attack: ‘ഭക്ഷണത്തിന്‍റെ രൂപത്തിലാണ് ദൈവം തങ്ങളെ രക്ഷിച്ചത്’; ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‍ക്കെന്ന് മലയാളി കുടുംബം
Kerala Family Narrowly Escapes Pahalgam Terror Attack: ഉപ്പ് കൂടിയ ഭക്ഷണം ലഭിച്ചതിനെ തുടർന്ന് അവിടെ നിന്നും ഇറങ്ങാൻ വൈകിയില്ലായിരുന്നുവെങ്കിൽ ആക്രമണം നടന്ന സമയത്ത് തങ്ങൾ പഹൽഗാമിൽ എത്തുമായിരുന്നുവെന്ന് കുടുംബം പറയുന്നു.

ദില്ലി: പഹൽഗാം ഭീകരാക്രമണത്തില്‍ നിന്ന് മലയാളി കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 11 പേരാണ് ഇവരുടെ സംഘത്തിലുണ്ടായിരുന്നത്. ശനിയാഴ്ച കശ്മീരിൽ എത്തിയ കുടുംബം ഇന്നലെ രാവിലെയാണ് പഹൽഗാമിലേക്ക് തിരിച്ചത്. ഇന്നലെയും ഇന്നുമായി പഹല്‍ഗാമിലെ കാഴ്ചകള്‍ കണ്ടുതീർക്കാനായിരുന്നു തീരുമാനം. അതിനായി ഇവർ അവിടേക്ക് പോകും വഴിയാണ് ഭീകരാക്രമണം ഉണ്ടായത്.
എന്നാൽ, യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി ഇറങ്ങിയത് മൂലം ഇവർ ഒരു മണിക്കൂർ വൈകിയിരുന്നു. ഇവർ വാങ്ങിയ ഫ്രൈഡ് റൈസിൽ ഉപ്പ് അധികമായതിനാൽ റെസ്റ്റോറന്റിലെ ജീവനക്കാരോട് കാര്യം പറഞ്ഞ് ഭക്ഷണം മാറ്റി നൽകാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് പഹൽഗാമിലേക്കുള്ള ഇവരുടെ യാത്ര ഒരു മണിക്കൂറോളം വൈകിയത്.
ഉപ്പ് കൂടിയ ഭക്ഷണം ലഭിച്ചതിനെ തുടർന്ന് അവിടെ നിന്നും ഇറങ്ങാൻ വൈകിയില്ലായിരുന്നുവെങ്കിൽ ആക്രമണം നടന്ന സമയത്ത് തങ്ങൾ പഹൽഗാമിൽ എത്തുമായിരുന്നുവെന്ന് കുടുംബം പറയുന്നു. തലനാരിഴയ്‍ക്കാണ് രക്ഷപ്പെട്ടതെന്നും ഭക്ഷണത്തിന്‍റെ രൂപത്തിലാണ് ദൈവം തങ്ങളുടെ കുടുംബത്തിനെ രക്ഷിച്ചതെന്നും 11 പേരടങ്ങുന്ന സംഘത്തിൽ ഉണ്ടായിരുന്ന ലാവണ്യ പറഞ്ഞു.
തുടർന്ന് പഹൽഗാമിലേക്ക് പോകുന്നതിനിടെ പലരും തിരിച്ചിറങ്ങി വരുന്നുണ്ടായിരുന്നു. കുറെ ആളുകൾ തങ്ങളോട് തിരിച്ചു പോകാൻ പറഞ്ഞെങ്കിലും എന്താണ് പ്രശ്നമെന്ന് മനസിലാവുന്നുണ്ടായിരുന്നില്ല. ടാക്സി ഡ്രൈവറോട് കാര്യമെന്തെന്ന് ചോദിച്ചെങ്കിലും ചെറിയൊരു പ്രശ്നനമുണ്ടെന്നും ടെന്‍ഷന്‍ ആവേണ്ട എന്നുമാണ് പറഞ്ഞത്. എന്നാൽ, റിസ്ക് എടുക്കേണ്ട എന്ന് കരുതി പകുതി വഴിയിൽ വെച്ച് പോവുകയായിരുന്നുവെന്ന് ലാവണ്യ പറയുന്നു. ഹെലികോപ്റ്ററും സിആര്‍പിഎഫിന്‍റെ വാഹനങ്ങളും കുറെ പോകുന്നത് കണ്ടെങ്കിലും പ്രശ്നത്തിന്‍റെ ഭീകരത തിരിച്ചറിഞ്ഞത് റൂമില്‍ തിരിച്ച് എത്തിയപ്പോഴാണെന്നും ലാവണ്യ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ലാവണ്യയുടെ പ്രതികരണം.