Kerala Driving Test: ടെസ്റ്റ് പാസായാല്‍ ഗ്രൗണ്ടില്‍ വെച്ച് തന്നെ ലൈസന്‍സ്; പരിഷ്‌കരണത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മന്ത്രി
Kerala Driving Test New Rules: ലൈസന്‍സ് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് കിയോസ്‌കുകള്‍ ഏര്‍പ്പെടുത്തും. സ്വകാര്യം ഏജന്‍സികളുടെ സഹായത്തോടെ റെയില്‍വേ സ്‌റ്റേഷനുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കിയോസ്‌കുകള്‍ സ്ഥാപിക്കുക. ഏജന്‍സികളുടെ സേവനത്തിന് നിശ്ചിത ഫീസ് നല്‍കും. ലൈസന്‍സും ആര്‍സിയും കിയോസ്‌കുകള്‍ വഴി പ്രിന്റ് ചെയ്ത് നല്‍കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ ഗ്രൗണ്ടില്‍ വെച്ച് തന്നെ ലൈസന്‍സ് നല്‍കുന്ന ക്രമീകരണം നടപ്പാക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. ഡിജിറ്റല്‍ ലൈസന്‍സ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ടാബ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഗ്രൗണ്ടില്‍ നിന്ന് തന്നെ ലൈസന്‍സ് അപ്ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ടെസ്റ്റില്‍ പങ്കെടുത്തയാള്‍ ഗ്രൗണ്ട് വിട്ട് പോകുന്നതിന് മുമ്പ് ലൈസന്‍സ് ഫോണിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈസന്‍സ് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് കിയോസ്‌കുകള്‍ ഏര്‍പ്പെടുത്തും. സ്വകാര്യം ഏജന്‍സികളുടെ സഹായത്തോടെ റെയില്‍വേ സ്‌റ്റേഷനുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കിയോസ്‌കുകള്‍ സ്ഥാപിക്കുക. ഏജന്‍സികളുടെ സേവനത്തിന് നിശ്ചിത ഫീസ് നല്‍കും. ലൈസന്‍സും ആര്‍സിയും കിയോസ്‌കുകള്‍ വഴി പ്രിന്റ് ചെയ്ത് നല്‍കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.




ഓട്ടോറിക്ഷകളില്‍ നിരക്ക് പ്രതിപാദിച്ചിരിക്കുന്ന സ്റ്റിക്കര്‍ പതിക്കണം. മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് നിരക്ക് നല്‍കേണ്ടതില്ലെന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ചത് വഴക്കുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ്. മീറ്റര്‍ ഇടാതെ വളരെ മോശമായ രീതിയില്‍ ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട്. ഇത് ശരിയായ നടപടിയല്ലെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഇളവുകളുണ്ടാകുമെന്ന് ആരെങ്കിലും തെറ്റിധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നിലവിലെ എച്ച് രീതി മാറ്റാനാണ് തീരുമാനം. കുറഞ്ഞ ഫീസ് ഈടാക്കിയിട്ടും കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകള്‍ വഴി 38 ലക്ഷം രൂപയുടെ ലാഭമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ച് സ്‌കൂളുകളാണ് ഇതിനോടകം കെഎസ്ആര്‍ടിസി ആരംഭിച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇത് 21 ആയി ഉയര്‍ത്തും. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചവരെ മനപൂര്‍വം പരാജയപ്പെടുത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും.
കെഎസ്ആര്‍ടിസി സ്‌കൂളില്‍ പഠിച്ചയാളോട് സ്വകാര്യ സ്‌കൂളില്‍ പോയി പരിശീലിച്ച് വരാനാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇവരുടെയെല്ലാം ശീലങ്ങള്‍ മാറേണ്ടതുണ്ട്. അതെല്ലാം തിരുത്തണമെന്നും മന്ത്രി പറഞ്ഞു.