Kerala Cyber Crime : കേരളത്തിൽ 2023-ൽ ലഭിച്ചത് 23000 സൈബർ തട്ടിപ്പ് പരാതികൾ; നഷ്ടമായത് 200 കോടിക്ക് മുകളിൽ
Kerala Cyber Crime Hike : സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു എന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൻ്റെ കണക്ക്. കഴിഞ്ഞ വർഷം മാത്രം 23,000ലധികം പരാതികൾ ലഭിച്ചു. 200 കോടിയിലധികം രൂപ ഈ തട്ടിപ്പുകളിലൂടെ നഷ്ടമാവുകയും ചെയ്തു.
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ വർഷം മാത്രം ലഭിച്ചത് 23,000ലധികം പരാതികളാണ്. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ വർഷം ജനുവരി 1 മുതൽ ഈ വർഷം മെയ് 31 വരെയുള്ള സമയത്ത് കേരളത്തിൽ 5055 സിം കാർഡുകളും 4766 മൊബൈൽ ഫോണുകളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു.
ഇക്കാലയളവിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ (എൻസിആർപി) ആകെ ലഭിച്ച പരാതികൾ 23,000ലധികമാണ്. ഇതിൽ എഫ്ഐആർ ഇട്ടത് വെറും 1312 കേസുകൾക്ക്. കഴിഞ്ഞ വർഷം മാത്രം സിറ്റിസൺ ഫൈനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ കണക്ക് പ്രകാരം 23,757 സൈബർ കുറ്റകൃത്യ പരാതികളിൽ നിന്ന് നഷ്ടമായത് 201.8 കോടി രൂപയാണ്. ഓൺലൈൻ തട്ടിപ്പ് നടക്കുമ്പോൾ തന്നെ റിപ്പോർട്ട് ചെയ്യാനും ഈ പണം തട്ടിപ്പുകാർ വകമാറ്റാതിരിക്കാനും സ്ഥാപിച്ചതാണ് സിറ്റിസൺ ഫൈനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെൻ്റ് സിസ്റ്റം. എൻസിആർപിയ്ക്ക് കീഴിലാണ് ഇതുള്ളത്. ഇവിടെ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങൾ അതാത് പോലീസ് വകുപ്പ് അന്വേഷിക്കും.
തട്ടിപ്പിൻ്റെ രീതി
വെറും സാമ്പത്തികത്തട്ടിപ്പിനപ്പുറം സൈബർ ക്രൈമുകൾ പല രീതിയിലാണ് നടക്കുന്നത്. പോലീസ് കേസുണ്ടെന്നും ഒഴിവാക്കാൻ പണമടയ്ക്കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകാർ ബന്ധപ്പെടാം. മയക്കുമരുന്ന് അടങ്ങിയ ഒരു പാഴ്സൽ പിടികൂടിയെന്നും അതിൽ താങ്കളുടെ നമ്പരുണ്ടെന്നും ഭീഷണിപ്പെടുത്താം. അതല്ലെങ്കിൽ പോൺ സൈറ്റുകൾ സന്ദർശിക്കുന്നതായി ശ്രദ്ധയിൽ പെട്ടെന്നും ക്രിമിനൽ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്താം. ഇത്തരത്തിൽ നിയമപാലകരെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന പ്രവണത ഇപ്പോൾ വർധിച്ചിട്ടുണ്ട്. സിബിഐ പോലെയുള്ള ദേശീയ അന്വേഷണ ഏജൻസികളെന്ന വ്യാജേനയും തട്ടിപ്പ് നടക്കുന്നുണ്ട്. ഈ യൂണിഫോമൊക്കെ അണിഞ്ഞാവും തട്ടിപ്പുകാർ വിഡിയോ കോളിൽ പ്രത്യക്ഷപ്പെടുക.
രണ്ട് മാസം മുൻപ്, ആലുവയിൽ എഴുപത് വയസുകാരനിൽ നിന്ന് ഒന്നേകാൽ കോടി രൂപ തട്ടിയെടുത്തത് മുംബൈ പോലീസെന്ന വ്യാജേനയാണ്. മുംബൈയിലെ കൊലാബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ സുപ്രിം കോടതി ഇയാൾക്കെതിരെ വാറൻ്റ് പുറപ്പെടുവിച്ചു എന്നാണ് തട്ടിപ്പുകാർ അറിയിച്ചു. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്സപ്പിലൂടെയാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. വ്യാജ എഫ്ഐആറും അറസ്റ്റ് വാറണ്ടും ഇവർ കാണിക്കുകയും ചെയ്തു. സെക്യൂരിറ്റി പരിശോധനയ്ക്കെന്ന പേരിൽ ഉടൻ ഒരു അക്കൗണ്ടിലേക്ക് പണമയയ്ക്കാൻ ഇവർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം ഒന്നേകാൽ കോടി രൂപ അയച്ചുനൽകി. ആറ് തവണകളായി പണം അയച്ചുകഴിഞ്ഞപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് ഇയാൾക്ക് മനസിലായി. പോലീസ് അന്വേഷണത്തിൽ ആറ് പേർ അറസ്റ്റിലാവുകയും ചെയ്തു.
എങ്ങനെ പരാതിപ്പെടാം
സൈബർ കുറ്റകൃത്യങ്ങളെ പറ്റി പരാതിപ്പെടാൻ പോലീസ് ഏർപ്പെടുത്തിയ വാട്സപ്പ് നമ്പരാണ് 94979 80900. ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും സൈബർ കേസ് നൽകാനുള്ള സഹായങ്ങൾക്കും 24/7 ടോൾ ഫ്രീ നമ്പരുമുണ്ട്, 1930.