Road Accidents: ദേശീയപാതകളിലെ റോഡ് അപകടം; രാജ്യത്ത് രണ്ടാമത് കേരളം
Road Accidents In Kerala: പാലക്കാട് കരിമ്പ പനയംപാടത്ത് ലോറി മറിഞ്ഞ് വിദ്യാർത്ഥിനികൾ മരിച്ചതിന് പിന്നാലെയാണ് വീണ്ടും കേരളത്തിലെ റോഡ് അപകടങ്ങൾ ചർച്ചയായത്.
തിരുവനന്തപുരം: രാജ്യത്തെ ദേശീയപാതകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് കേരളത്തിലാണെന്ന് റിപ്പോർട്ട്. ദേശീയപാതകളിലെ അപകടങ്ങളുടെ കണക്കിൽ രണ്ടാം സ്ഥാനത്താണ് കേരളം. 2022- 23 വർഷത്തെ കണക്കുപ്രകാരം കേരളത്തിലെ 18,00 കിലോ മീറ്റർ ദേശീയ പാതയിൽ 17, 627 അപകടങ്ങളാണ് ഇതുവരെ നടന്നത്. സംസ്ഥാന പാതകളിലെ അപകടങ്ങളിലെ കണക്കിൽ കേരളം അഞ്ചാം സ്ഥാനത്താണ്. 9500 അപകടങ്ങളാണ് 2022- 23-ൽ കേരളത്തിൽ നടന്നത്.
സംസ്ഥാനത്ത് 2022- 23 കാലയളവിൽ നടന്ന 43,100 അപകടങ്ങളിൽ ബാക്കിയുള്ളവ ദേശീയ- സംസ്ഥാന പാതകളിൽ അല്ലാതെ മറ്റ് റോഡുകളിൽ നടന്നവയാണ്. ജില്ലാ പഞ്ചായത്തുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലുള്ള റോഡുകളാണിവ. 3,168 പേരാണ് ഈ വർഷം ഒക്ടോബർ വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ റോഡ് അപകടങ്ങളിൽ മരിച്ചത്. കഴിഞ്ഞ ദിവസം, പാലക്കാട് കരിമ്പ പനയംപാടത്ത് ലോറി മറിഞ്ഞ് വിദ്യാർത്ഥിനികൾ മരിച്ചതിന് പിന്നാലെയാണ് വീണ്ടും കേരളത്തിലെ റോഡ് അപകടങ്ങൾ ചർച്ചയായത്.
ALSO READ: ‘പെൺമക്കൾ നഷ്ടമാവുമ്പോഴുള്ള സങ്കടം അറിയുന്ന ഒരു അച്ഛനാണ് ഞാനും’; സുരേഷ് ഗോപി
വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റിക്ക് എതിരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും രംഗത്തെത്തിയിരുന്നു. ഗൂഗിൽ മാപ്പിന്റെ സഹായത്തോടെയാണ് ദേശീയപാത അതോറിറ്റി റോഡുകൾ നിർമ്മിക്കുന്നതെന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമർശം.
കെ.ബി ഗണേഷ് കുമാറിന്റെ വിമർശനം
ഹെെവേ നിർമ്മിക്കാൻ വരുന്ന എൻജിനീയർമാർക്ക് അവിടെ പ്രത്യേകിച്ച് റോൾ ഒന്നുമില്ലാത്ത അവസ്ഥയാണ് ഉള്ളത്. ദേശീയപാതയുടെ നിർമ്മാണം ക്വോട്ടേഷൻ അടിസ്ഥാനത്തിൽ പുറത്തുനിന്നുള്ളവർക്ക് ഏൽപ്പിച്ചിരിക്കുകയാണ്. ഈ കമ്പനികളുടെ കോൺട്രാക്ടർമാരാണ് പലപ്പോഴും ദേശീയ പാതയുടെ ഡിസെെനുകൾ ചെയ്യുന്നത്. ഈ ഡിസെെനുകൾക്ക് അനുസൃതമായാണ് പലയിടത്തും ദേശീയപാതാ നിർമാണം. ലോക ബാങ്കിന്റെ റോഡുകൾ പോലെ പ്രാദേശിക തലത്തിലുള്ള എൻജിനീയർമാരുടെയോ ജനപ്രതിനിധികളുടെയോ അഭിപ്രായം ദേശീയപാതാ അതോറിറ്റി കണക്കിലെടുക്കാറില്ല. ഇക്കൂട്ടർക്ക് പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കും. കരാറുകാർക്ക് ഗൂഗിൾ മാപ്പ് വഴി റോഡ് ഡിസൈൻ ചെയ്തശേഷം പണം നൽകുകയാണ് ദേശീയപാതാ അതോറിറ്റി ചെയ്യുന്നതെന്നാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ വിമർശനം.
അതേസമയം, തുടർച്ചയായ റോഡ് അപകടങ്ങൾ ഉണ്ടാകുന്ന പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന നടക്കും. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയപാതാ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരിക്കും സ്ഥലത്ത് പരിശോധന നടക്കുക. റോഡ് നിർമ്മാണത്തിൽ അപാകത സംഭവിച്ചിട്ടുണ്ടെന്നും തുടർച്ചയായി അപകടങ്ങൾ നടന്നിട്ടും നടപടി എടുക്കാൻ അധികാരികൾ തയ്യാറായില്ല എന്ന ജനങ്ങളുടെ ആക്ഷേപവും പരിഗണിച്ചാണ് സംയുക്ത പരിശോധന നടത്തുന്നത്.