Pinarayi Vijayan: സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ വേണ്ട; നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
Pinarayi Vijayan Honey Rose Issues: തത്കാലം കുറച്ച് സീറ്റും വോട്ടും ലഭിക്കുന്നതിനായി യുഡിഎഫ് വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തൃശൂരില്‍ ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസുമായുള്ള ഡീലിന്റെ ഭാഗമായാണ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തൃശൂരില്‍ കിട്ടിയ 86,000 ത്തോളം വോട്ടാണ് കഴിഞ്ഞ വര്‍ഷം ബിജെപി സ്ഥാനാര്‍ഥിക്ക് മറിഞ്ഞതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ആലപ്പുഴ: സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം വിഷയങ്ങളുണ്ടായാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുയിടങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്നും സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണിതെന്നും സിപിഎം ജില്ലാ സമ്മേളന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
“എല്ലാ പൊതുയിടങ്ങളിലും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികളോ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെയെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കും,” പിണറായി വിജയന്‍ പറഞ്ഞു.
നടി ഹണിറോസിന്റെ പരാതിയുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തത്കാലം കുറച്ച് സീറ്റും വോട്ടും ലഭിക്കുന്നതിനായി യുഡിഎഫ് വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തൃശൂരില്‍ ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസുമായുള്ള ഡീലിന്റെ ഭാഗമായാണ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തൃശൂരില്‍ കിട്ടിയ 86,000 ത്തോളം വോട്ടാണ് കഴിഞ്ഞ വര്‍ഷം ബിജെപി സ്ഥാനാര്‍ഥിക്ക് മറിഞ്ഞതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതേസമയം, നടി ഹണി റോസിനെതിരെ മോശം പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് അപമാനിച്ചെന്ന സംഭവത്തില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യം തേടി. രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. മാധ്യമ ചര്‍ച്ചകളിലൂടെ ഹണിയെ അപമാനിച്ചുവെന്ന് കാട്ടി തൃശൂര്‍ സ്വദേശിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍ ഹണി റോസിനെ അപമാനിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ വാദിക്കുന്നു.
ആര്‍ക്കെതിരെയും സൈബര്‍ അധിക്ഷേപം നടത്താന്‍ പാടില്ല എന്നതാണ് തന്റെ നിലപാട് എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്. എന്നാല്‍ രാഹുല്‍ ഈശ്വര്‍ നിരന്തരം സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തുന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കിട്ടിരുന്നു. രാഹുലിന്റേത് അശ്ലീല-ദ്വയാര്‍ത്ഥ പ്രയോഗം ആണെന്നും ഹണി റോസ് പറഞ്ഞു.
അതേസമയം, സമാനമായ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
ഹണി റോസ് പങ്കുവെച്ച സോഷ്യല്‍ മീഡിയ കുറിപ്പിന്റെ പൂര്‍ണരൂപം:
രാഹുല്‍ ഈശ്വര്‍,
ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മര്‍ദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത്. അതിനു പ്രധാന കാരണക്കാരില്‍ ഒരാള്‍ ഇപ്പോള്‍ താങ്കള്‍ ആണ്. ഞാന്‍ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്‌ഫോമില്‍ നടന്ന പകല്‍ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു . പോലീസ് എന്റെ പരാതിയില്‍ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാന്‍ പരാതി കൊടുത്ത വ്യക്തിയെ റിമാന്‍ഡില്‍ ആക്കുകയും ചെയ്തു. പരാതി കൊടുക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ്. ഞാന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നത്.
ഇന്ത്യന്‍ ഭരണഘടന വസ്ത്രധാരണത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശവും ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുണ്ട്. ഇതിനെ നിയന്ത്രിക്കുന്ന നിബന്ധനകള്‍ ഒന്നും തന്നെ ഇന്ത്യന്‍ പീനല്‍ കോഡില്‍ ഇല്ല.
ഇങ്ങനെ ആണെന്നിരിക്കെ തുടര്‍ച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എന്റെ മൗലിക അവകാശങ്ങള്‍ക്കെതിരെ നിയന്ത്രണം ഏര്‍പ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ട്ടിച്ച് എന്നെ ആക്രമിക്കാനും താങ്കള്‍ കഴിഞ്ഞ ദിവസങ്ങള്‍ ആയി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എന്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികള്‍, തൊഴില്‍ നിഷേധഭീഷണികള്‍, അപായഭീഷണികള്‍, അശ്‌ളീല, ദ്വയാര്‍ത്ഥ, അപമാനകുറിപ്പുകള്‍ തുടങ്ങിയ എല്ലാ സൈബര്‍ ബുള്ളിയിങിനും പ്രധാന കാരണക്കാരന്‍ താങ്കള്‍ ആണ്. കോടതിയില്‍ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് രാഹുല്‍ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
രാഹുല്‍ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷന്‍ കാരണം ഇത്തരം അവസ്ഥയില്‍ പെട്ട് പോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടു വരാന്‍ മടിക്കും അത്തരം നടപടികള്‍ ആണ് തുടര്‍ച്ചയായി രാഹുല്‍ ഈശ്വര്‍ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്. താങ്കളും താങ്കള്‍ പിന്തുണക്കുന്ന, ഞാന്‍ പരാതി കൊടുത്ത വ്യക്തിയുടെ ജഞ ഏജന്‍സികളും എനിക്കെതിരെ നടത്തുന്നത് ഈ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ ഭാഗം ആണ്.
എന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എന്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴില്‍ നിഷേധരീതിയിലും, നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോര്‍വിളി കമന്റുകള്‍ക്കും ആഹ്വാനം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ ഞാന്‍ നിയമനടപടി കൈക്കൊള്ളുന്നു.
ഒരു സ്ത്രീയുടെ പൊതുവിടത്തിലെ വസ്ത്രധാരണത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നടത്തുന്നത് സൈബര്‍ ബുള്ളീയിംഗിന്റെ പരിധിയില്‍ വരുന്നതാണ്. ഇത് ഇന്ത്യയിലെ വ്യത്യസ്ത നിയമങ്ങള്‍ അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റവുമാണ്. ഇത്തരത്തില്‍ ഒരു വ്യക്തിയോ ഒരു പിആര്‍ ഏജന്‍സിയോ ബോധപൂര്‍വ്വം നടത്തുന്ന സൈബര്‍ ബുള്ളീയിംഗ് ഇന്ത്യയില്‍ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ പരിധിയില്‍ വരും. മാധ്യമങ്ങളെ ഉപയോഗിച്ച് ഒരാളുടെ വസ്ത്രധാരണത്തെ മുന്‍നിര്‍ത്തി അയാള്‍ക്കെതിരെ സൈബര്‍ ആക്രമണം സൃഷ്ടിക്കുന്നതും ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ പരിധിയില്‍ വരുന്ന ഒന്നാണ്. രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ല.
ഹണി റോസ് വര്‍ഗീസും കുടുംബവും