5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Palakkad By Election 2024: ജയം ഉറപ്പിച്ച സ്ഥാനാർഥിയുണ്ടോ പാലക്കാട് ? ഒറ്റ രാത്രികൊണ്ട് രാഷ്ട്രീയം മാറിയ മണ്ഡലം

Palakkad By Election Result Predictions: നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച അന്നത്തെ ആ 28കാരന്‍ ഇടതുപക്ഷത്തെ വിറപ്പിച്ച് തകര്‍പ്പന്‍ വിജയം നേടിയതാണ് പാലക്കാടിൻ്റെ അന്നത്തെ ചരിത്രം, പിന്നീടിങ്ങോട്ട് കോൺഗ്രസ്സ് കോട്ടയായ മണ്ഡലം

Palakkad By Election 2024: ജയം ഉറപ്പിച്ച സ്ഥാനാർഥിയുണ്ടോ പാലക്കാട് ? ഒറ്റ രാത്രികൊണ്ട് രാഷ്ട്രീയം മാറിയ മണ്ഡലം
Palakkad By Election 2024 | Credits PTI
arun-nair
Arun Nair | Updated On: 22 Nov 2024 16:24 PM

ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടം നടന്ന മണ്ഡലം ഏതായിരിക്കും ? പാലക്കാട് എന്നായിരിക്കും ആരുടെയും മനസില്‍ വരുന്ന ഉത്തരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ വിവാദങ്ങളാലും, വെല്ലുവിളികളാലും, മത്സരാവേശം കൊണ്ടും കളം നിറഞ്ഞ മണ്ഡലമായിരുന്നു പാലക്കാട്. മൂന്ന് മുന്നണികളും ഒരു പോലെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം.

രാഹുല്‍ മാങ്കൂട്ടത്തിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും കോണ്‍ഗ്രസും. കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടി വിട്ട പി. സരിനെ സ്വതന്ത്രനാക്കിയുള്ള പരീക്ഷണം വിജയിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട മണ്ഡലത്തില്‍ ഇത്തവണ സി. കൃഷ്ണകുമാര്‍ വിജയക്കൊടി പാറിക്കുമെന്ന കണക്കുകൂട്ടലിലാണ് എന്‍ഡിഎ.

പോരാട്ടം തീ പാറും

കഴിഞ്ഞ മൂന്ന് തവണയായി മണ്ഡലം കോണ്‍ഗ്രസിന്റെ കുത്തകയാണ്. 2011 മുതല്‍ നടന്ന മൂന്ന് നിയമസഭ തിരഞ്ഞെടുപ്പിലും ഷാഫി പറമ്പിലിലൂടെ പാലക്കാട് ‘ കൈ’ പിടിച്ചു. 2006ന് ശേഷം തുടര്‍ച്ചയായി പരാജയം രുചിക്കുന്നതാണ് ഇടതുപക്ഷത്തെ, പ്രത്യേകിച്ചും സിപിഎമ്മിനെ അലോസരപ്പെടുത്തുന്നത്.

2006ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച കെ.കെ. ദിവാകരനാണ് പാലക്കാട്ടെ അവസാന ഇടതു എംഎല്‍എ. 1344 വോട്ടിനാണ് അന്ന് ദിവാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എ.വി. ഗോപിനാഥിനെ തോല്‍പിച്ചത്. ദിവാകരന്‍ 41166 വോട്ട് (36.97 ശതമാനം) നേടിയപ്പോള്‍, ഗോപിനാഥന്‍ നേടിയത് 39822 വോട്ട് (35.76 ശതമാനം). മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ ഒ. രാജഗോപാല്‍ 27667 വോട്ട് (24.85 ശതമാനം) സ്വന്തമാക്കി.

2011ല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് ചെറുപ്പക്കാരനായ ഷാഫി പറമ്പിലിനെ. നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച അന്നത്തെ ആ 28കാരന്‍ ഇടതുപക്ഷത്തെ വിറപ്പിച്ച് തകര്‍പ്പന്‍ വിജയം നേടി. മണ്ഡലത്തിലെ ഇടതുപക്ഷ അപ്രമാദിത്യത്തിന് കോട്ടം വരുത്തിയ തിരഞ്ഞെടുപ്പായിരുന്നു അത്.

7403 വോട്ടിനാണ് സിറ്റിങ് എംഎല്‍എയായ ദിവാകരനെ ഷാഫി പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 72.78 ശതമാനം വോട്ടില്‍ 42.41 ശതമാനം വോട്ടും ഷാഫി സ്വന്തമാക്കി. 47641 വോട്ടുകളാണ് ഷാഫി നേടിയത്. ദിവാകരന്‍ 40238 വോട്ടുകള്‍ നേടി. 35.82 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫ് നേടിയത്. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ സി. ഉദയ്ഭാസ്‌കര്‍ നേടിയതാകട്ടെ 19.86 ശതമാനം വോട്ട് മാത്രവും (22317 വോട്ട്).

2016ല്‍ ഷാഫിയിലൂടെ കോണ്‍ഗ്രസ് വീണ്ടും മണ്ഡലം നിലനിര്‍ത്തി. ഷാഫി വിജയിച്ചതിലുപരി, മണ്ഡലത്തില്‍ എന്‍ഡിഎ നടത്തിയ കുതിപ്പാണ് കൂടുതല്‍ ശ്രദ്ധേയമായത്. ഇടതുപക്ഷത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ റണ്ണര്‍ അപ്പായി. എന്‍.എന്‍. കൃഷ്ണദാസാണ് അന്ന് എല്‍ഡിഎഫിനു വേണ്ടി മത്സരിച്ചത്. അന്ന് സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകള്‍ ഇപ്രകാരം: ഷാഫി-57559 വോട്ട് (41.77 ശതമാനം), ശോഭ-40076 വോട്ട് (29.08 ശതമാനം), കൃഷ്ണദാസ്-38675 വോട്ട് (28.07 ശതമാനം).

2021-ല്‍ പാലക്കാട്ടെ മത്സരം ആവേശക്കൊടുമുടിയേറി. മണ്ഡലം നിലനിര്‍ത്താന്‍ ഷാഫി വീണ്ടും യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങി. അട്ടിമറി നടത്താന്‍ ബിജെപി നിയോഗിച്ചത് മെട്രോമാന്‍ ഇ. ശ്രീധരനെയും. സി.പി. പ്രമോദായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി. സസ്‌പെന്‍സുകളാലും ട്വിസ്റ്റുകള്‍ കൊണ്ടും അവസാന നിമിഷം വരെ അപ്രവചനാതീതമായിരുന്നു 2021ലെ മത്സരം. ശ്രീധരനെ രംഗത്തിറക്കിയുള്ള ബിജെപിയുടെ പരീക്ഷണം വിജയിച്ചെന്ന് വരെ തോന്നിപ്പിച്ച പോരാട്ടം.

വോട്ടെടുപ്പിലൂടെ പല ഘട്ടത്തിലും ശ്രീധരന്‍ ലീഡ് ചെയ്തു. എന്നാല്‍ ഷാഫിയെ കൈ വിടാന്‍ പാലക്കാട് തയ്യാറായിരുന്നില്ല. അവസാനം ഫലം വന്നപ്പോള്‍ 3859 വോട്ടിന് ഷാഫി ജയിച്ചു. നേടിയത് 54079 വോട്ടുകള്‍ (38.06 ശതമാനം). മികച്ച പ്രകടനം പുറത്തെടുത്ത ശ്രീധരന്‍ 50220 വോട്ടുകള്‍ സ്വന്തമാക്കി (35.34 ശതമാനം). ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം നിരാശജനകമായിരുന്നു പ്രകടനം. 36433 വോട്ടുകള്‍ മാത്രമാണ് പ്രമോദിന് നേടാനായത് (25.64 ശതമാനം).

കഴിഞ്ഞ മൂന്ന് തവണയും തങ്ങളെ നെഞ്ചോട് ചേര്‍ത്ത മണ്ഡലം ഇത്തവണയും ഒപ്പമുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് തവണയായി രണ്ടാം സ്ഥാനത്തെത്താനായത് ബിജെപിയുടെ ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നുണ്ട്. ഇത്തവണ വിജയം ഉറപ്പെന്നാണ് അവരുടെ പക്ഷം. ഭൂതകാലം സമ്മാനിച്ച വേദനകളാണ് ഇടതുപക്ഷം ഇവിടെ പഠിച്ച പാഠം. അതുകൊണ്ട് തന്നെ മണ്ഡലം തിരികെ പിടിക്കാന്‍ ശക്തമായ പ്രചാരണമാണ് എല്‍ഡിഎഫും മണ്ഡലത്തില്‍ നടത്തിയത്.

വിവാദങ്ങള്‍ക്ക് കുറവില്ല

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഒപ്പം വിവാദങ്ങളും തലപൊക്കിയത് മൂന്ന് മുന്നണികളെയും ഒരേ പോലെ അലട്ടുന്നു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫാണ് ആദ്യം സ്‌കോര്‍ ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി. സരിന്‍ അതൃപ്തി പരസ്യമാക്കി. നേതൃത്വത്തിനെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും പരസ്യമായി ഉന്നയിച്ച് സരിന്‍ ആഞ്ഞടിച്ചു. തുടര്‍ന്ന് സരിനെ പുറത്താക്കി പാര്‍ട്ടി നടപടിയെടുത്തു.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോളായിരുന്നു അതുവരെ ഇടതുസ്ഥാനാര്‍ത്ഥിയായി സിപിഎമ്മിന്റെ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ സരിന്‍ വിവാദം തൊടുത്തുവിട്ടതിന് പിന്നാലെ തങ്ങളുടെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി എല്‍ഡിഎഫ് പൊളിച്ചെഴുതി.

കോണ്‍ഗ്രസിലെ വിവാദം രാഷ്ട്രീയായുധമാക്കാനായിരുന്നു സിപിഎമ്മിന്റെ പദ്ധതി. സരിനെ ഇടതുസ്വതന്ത്രനാക്കുകയായിരുന്നു മാസ്റ്റര്‍ പ്ലാന്‍. അങ്ങനെ സരിന്‍ ഇടത് സ്ഥാനാര്‍ത്ഥിയുമായി. ആസൂത്രണങ്ങള്‍ ഒരു വശത്ത് കൊഴുക്കുമ്പോഴും, സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പ്രവര്‍ത്തകര്‍ക്ക് എത്രത്തോളം സ്വീകാര്യമാകുമെന്നതാണ് സിപിഎമ്മിനെ അലട്ടിയത്. സരിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം സിപിഎമ്മിനെതിരെ കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയമായി തന്നെ ഉപയോഗിക്കുകയും ചെയ്തു.

സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് എതിരെ സിപിഎമ്മിനുള്ളില്‍ പോലും വിമര്‍ശനമുണ്ടായി. തിരുവനന്തപുരം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. ഇന്നലെ വരെ കോണ്‍ഗ്രസ് ആയിരുന്ന ആളെ എന്തിന് സ്ഥാനാര്‍ത്ഥിയാക്കിയെന്നായിരുന്നു അംഗങ്ങളുടെ ചോദ്യം.

സ്വതന്ത്രമാര്‍ പാര്‍ട്ടിക്കും മുന്നണിക്കും നല്‍കിയ തലവേദനയും അംഗങ്ങള്‍ ഓര്‍മ്മിപ്പിച്ചു. പി.വി. അന്‍വറായിരുന്നു ഇതുസംബന്ധിച്ച് അംഗങ്ങള്‍ ചൂണ്ടിക്കാണിച്ച ഉദാഹരണം. എന്നാല്‍ അടവുനയമെന്ന് പറഞ്ഞാണ് സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ നേതൃത്വം പ്രതിരോധിച്ചത്.

അവഗണന നേരിടുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി വിടുകയാണെന്ന പാലക്കാട് ഏരിയാ കമ്മിറ്റിയംഗം അബ്ദുല്‍ ഷുക്കൂറിന്റെ പ്രഖ്യാപനമായിരുന്നു സിപിഎമ്മിന് മറ്റൊരു തലവേദനയായി മാറിയത്. സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂര്‍ വൈകാരികമായി പ്രതികരിച്ചിരുന്നു.

പിന്നാലെ ഷുക്കൂറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. അപകടം മണുത്ത സിപിഎം ഉടന്‍ തന്നെ അനുനയനീക്കവുമായി രംഗത്തെത്തി. അതില്‍ സിപിഎം വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി വിടില്ലെന്ന് ഷുക്കൂറും വ്യക്തമാക്കി. സിപിഎമ്മിനെതിരെ പരസ്യ പ്രതികരണം നടത്തിയതില്‍ പശ്ചാത്താപമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രാദേശിക നേതാക്കള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചത് കോണ്‍ഗ്രസിനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവും, കെഎസ്‌യു മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന എ.കെ. ഷാനിബ് പാര്‍ട്ടി വിട്ടതാണ് അതില്‍ പ്രധാനം.

മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഷാനിബ് പിന്നീട് സരിന് പിന്തുണ പ്രഖ്യാപിച്ചു. പിരായിരിയിലെ ദളിത് കോണ്‍ഗ്രസ് നേതാവ് കെ.എ. സുരേഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി എന്നിവരും പാര്‍ട്ടി വിട്ടിരുന്നു. ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നായിരുന്നു ഇരുവരുടെയും പ്രഖ്യാപനം.

ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നേതൃത്വത്തിന് കൈമാറിയ കത്തിന്റെ പകര്‍പ്പ് വന്നത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു. കത്ത് പുറത്തുവന്നത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാണെന്നാണ് നേതൃത്വം സംശയിക്കുന്നത്. എല്‍ഡിഎഫിനും, എന്‍ഡിഎയ്ക്കും അപ്രതീക്ഷിതമായി കിട്ടിയ ആയുധമായിരുന്നു കോണ്‍ഗ്രസിലെ കത്ത് വിവാദം. അത് അവര്‍ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്തു. വിവാദങ്ങള്‍ക്ക് പിന്നാലെ മുരളീധരനെ രാഹുലിന് വേണ്ടി പ്രചാരണത്തിനിറക്കിയാണ് കോണ്‍ഗ്രസ് പരിഹാരക്രിയ ചെയ്തത്.

സമാനമായ പ്രതിസന്ധി സിപിഎമ്മും നേരിട്ടു. കോണ്‍ഗ്രസിനെ കത്താണ് വലച്ചതെങ്കില്‍, സിപിഎമ്മിന് പണി കൊടുത്തത് ഒരു ആത്മകഥയായിരുന്നു. അതും മുതിര്‍ന്ന നേതാവായ ഇ.പി. ജയരാജന്റെ ആത്മകഥ.

അവസരവാദ രാഷ്ട്രീയത്തെ കുറിച്ച് പറയുമ്പോള്‍ സരിനെ കുറിച്ച് പറയണമെന്ന തരത്തിലുള്ള പരാമര്‍ശമാണ് വിവാദമായത്. ഇത് ഇടതുപക്ഷത്തെ പ്രതിസന്ധിയിലുമാക്കി. സംഭവം വിവാദമായതിന് പിന്നാലെ ഇത് നിഷേധിച്ച് ജയരാജന്‍ രംഗത്തെത്തി. ആത്മകഥ എഴുതി പൂര്‍ത്തിയാക്കിയിട്ട് പോലുമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പുറത്തുവന്ന പരാമര്‍ശങ്ങളില്‍ തനിക്ക് പങ്കില്ലെന്നും, പ്രസിദ്ധീകരണത്തിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം നിയമനടപടിയും ആരംഭിച്ചു.

പരാമര്‍ശങ്ങള്‍ തന്റേതല്ലെന്ന് ഇ.പി ജയരാജന്‍ വിശദീകരിച്ചെങ്കിലും, വിവാദത്തിന്റെ അലയൊലികള്‍ സിപിഎമ്മില്‍ കെട്ടടങ്ങിയില്ല. സരിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ ഇ.പി. ജയരാജനെ പങ്കെടുപ്പിക്കുകയായിരുന്നു സിപിഎമ്മിന്റെ തന്ത്രം. പിന്നാലെ സരിനെ പുകഴ്ത്തി ജയരാജന്‍ രംഗത്തെത്തി. സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണെന്നും, പാലക്കാടിന്റെ മഹാഭാഗ്യമാണെന്നുമായിരുന്നു ജയരാജന്റെ പുകഴ്ത്തല്‍.

ട്രോളി വിവാദമായിരുന്നു ഉപതിരഞ്ഞെടുപ്പിനെ ചൂട് പിടിപ്പിച്ച മറ്റൊരു വിഷയം. നീല ട്രോളി ബാഗില്‍ കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പിനായി പണം എത്തിച്ചെന്ന ആരോപണം, എല്‍ഡിഎഫും, എന്‍ഡിഎയും അഴിച്ചുവിട്ടു. പാലക്കാട് കെടിഎം ഹോട്ടലില്‍ പാതിരാത്രിക്ക് നടന്ന റെയ്ഡ് അതീവ വാര്‍ത്താപ്രാധാന്യവും നേടി.

കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയിലടക്കം പൊലീസ് പരിശോധന നടത്തി. എന്നാല്‍ സിപിഎമ്മും, ബിജെപിയും ഉന്നയിച്ച ആരോപണം സാധൂകരിക്കുന്നതിനുള്ള തെളിവുകളൊന്നും റെയ്ഡില്‍ ലഭിച്ചില്ല. പിന്നീട് കോണ്‍ഗ്രസിനെ സംശയനിഴലില്‍ നിര്‍ത്താന്‍ ചില സിസിടിവി ദൃശ്യങ്ങള്‍ ഇടത് കേന്ദ്രങ്ങള്‍ പുറത്തുവിട്ടെങ്കിലും ആരോപണങ്ങള്‍ തെളിയിക്കുന്നതിന് അതൊന്നും പര്യാപ്തമായിരുന്നില്ല.

പൊലീസ് ഹോട്ടലിലെ എല്ലാ മുറികളും പരിശോധിച്ചില്ലെന്നായിരുന്നു സിപിഎമ്മിന്റെയും ബിജെപിയുടെയും വാദം. സിപിഎം-ബിജെപി കൂട്ടുക്കെട്ട് ആരോപിച്ചാണ് കോണ്‍ഗ്രസ് ഇതിന് പ്രതിരോധം തീര്‍ത്തത്. ഇപ്പോഴും അവ്യക്തതകള്‍ നിറഞ്ഞ ട്രോളി വിവാദം തിരഞ്ഞെടുപ്പില്‍ ആരെ തുണയ്ക്കുമെന്ന് കണ്ടറിയേണ്ടതാണ്.

വ്യാജ വോട്ട് ആരോപണവും പാലക്കാട്ട് ചൂട് പിടിച്ചു. മറ്റ് മണ്ഡലങ്ങളിലുള്ളവരെ കോണ്‍ഗ്രസും ബിജെപിയും പാലക്കാട്ടെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ചേര്‍ത്തെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. ഒറ്റപ്പാലത്ത് നേരത്തെ വോട്ടുണ്ടായിരുന്ന ഇടത് സ്ഥാനാര്‍ത്ഥി പാലക്കാട്ടെ വോട്ടറായത് രേഖകളില്‍ കൃത്രിമം നടത്തിയാണെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു. പട്ടാമ്പി സ്വദേശിയായ ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് എങ്ങനെ പെട്ടെന്ന് പാലക്കാട്ടെ വോട്ടര്‍പ്പട്ടികയില്‍ ഇടം നേടിയെന്ന ചോദ്യവും ഇടത്, വലത് മുന്നണികള്‍ ഒരു പോലെ ഉന്നയിച്ചു.

അവസാനം ആഞ്ഞുവീശി സന്ദീപ് കൊടുങ്കാറ്റ്

ഇടതു, വലതു മുന്നണികളില്‍ വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍, ബിജെപിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് നടത്തിയ ആരോപണങ്ങളാണ് പാര്‍ട്ടിയെ ആദ്യം വെട്ടിലാക്കിയത്. പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തി സന്ദീപ് വാര്യര്‍ രംഗത്തുവന്നതായിരുന്നു ബിജെപിയെ ഏറ്റവും കുഴപ്പത്തിലാക്കിയത്.

പാര്‍ട്ടിക്കുള്ളില്‍ മാനസിക പ്രയാസങ്ങള്‍ നേരിട്ടിരുന്നുവെന്നായിരുന്നു സന്ദീപിന്റെ തുറന്നുപറച്ചില്‍. ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. തന്റെ മാതാവ് മരിച്ചപ്പോള്‍ പോലും, ജില്ലയില്‍ നിന്നുള്ള പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കൃഷ്ണകുമാര്‍ വന്നില്ലെന്നടക്കം സന്ദീപ് ആരോപണങ്ങള്‍ ഉന്നയിച്ചു.

സന്ദീപ് ബിജെപിക്ക് പുറത്തേക്കെന്ന് അതോടെ തന്നെ വ്യക്തവുമായി. ഉടന്‍ തന്നെ അദ്ദേഹത്തിനായി വല വിരിച്ച് സിപിഎമ്മും സിപിഐയും രംഗത്തെത്തി. ഇരുപാര്‍ട്ടികളുമായി സന്ദീപ് ചര്‍ച്ച നടത്തിയെന്നാണ് അന്ന് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് സംഭവിച്ചതായിരുന്നു വന്‍ സസ്‌പെന്‍സ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ സന്ദീപ് കോണ്‍ഗ്രസിലെത്തി.

അതീവരഹസ്യമായാണ് സന്ദീപുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത്. മാധ്യമങ്ങള്‍ക്ക് പോലും സൂചന ലഭിച്ചില്ല. സന്ദീപ് ഏതെങ്കിലും ഇടതുപാര്‍ട്ടിയുടെ ഭാഗമാകുമെന്ന് വിചാരിച്ചിടത്ത്, അദ്ദേഹം കോണ്‍ഗ്രസിലെത്തിയതായിരുന്നു ഇതിലെ ‘ട്വിസ്റ്റ്’. മുഖ്യമന്ത്രി പിണറായി വിജയന്‍ സരിന് വേണ്ടി ജില്ലയില്‍ പ്രചാരണത്തിന് എത്തിയ ദിവസമായിട്ട് പോലും, വാര്‍ത്തകളുടെ ഫോക്കസ് സന്ദീപിലേക്ക് മാത്രമായി ചുരുങ്ങി. പോരാട്ടം കോണ്‍ഗ്രസും-ബിജെപിയും തമ്മിലെന്നുള്ള നരേഷനും അവിടെ രൂപപ്പെട്ടു.

ഇങ്ങനെ ആദ്യാന്തം ട്വിസ്റ്റുകളും, നാടകീയതകളും നിറഞ്ഞതായിരുന്നു പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ്. മൂന്ന് മുന്നണികളും വിജയം മാത്രം ലക്ഷ്യമിട്ട് വര്‍ധിതവീര്യത്തോടെ പ്രചാരണം അഴിച്ചുവിട്ട മണ്ഡലത്തില്‍ വിജയക്കൊടി ആരു പാറിക്കുമെന്ന് നാളെയറിയാം.

പോളിങ് കുറഞ്ഞതില്‍ അങ്കലാപ്പ്‌

പാലക്കാട് പോളിങ് കുറഞ്ഞതാണ് മുന്നണികളെ അങ്കലാപ്പിലാക്കുന്നത്. 70.51 ശതമാനമായിരുന്നു പോളിങ്. 2021ല്‍ 149921 പേരാണ് വോട്ട് ചെയ്തതെങ്കില്‍ ഇത്തവണ പോള്‍ ചെയ്തത് 137302 വോട്ട് മാത്രം. അതായത് 12619 വോട്ടിന്റെ കുറവ്.

പോള്‍ ചെയ്യാത്ത വോട്ടുകള്‍ ഏത് മുന്നണിക്ക് തിരിച്ചടിയാകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. തങ്ങളുടെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തിട്ടുണ്ടെന്നും, എതിര്‍ക്യാമ്പിലെ വോട്ടുകളാണ് ചെയ്യപ്പെടാത്തതെന്നുമാണ് ഓരോ മുന്നണികളുടെയും പ്രതികരണം.

ശക്തികേന്ദ്രമായ നഗരസഭ പരിധിയില്‍ വോട്ട് വര്‍ധിച്ചത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പിരായിരി ഉള്‍പ്പെടെയുള്ള യുഡിഎഫ് കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞതാണ് കോണ്‍ഗ്രസിന്റെ ആശങ്ക. എങ്കിലും വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. അവസാന കണക്കുകൂട്ടലുകളില്‍ പാലക്കാട് വിജയിക്കുമെന്ന പ്രതീക്ഷ ഇടതുമുന്നണി പ്രകടിപ്പിക്കുന്നില്ല. എങ്കിലും കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്തുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഎം തിരഞ്ഞെടുത്ത പത്രങ്ങളില്‍ നല്‍കിയ പരസ്യവും ഏറെ വിവാദമായി. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യറുടെ മുന്‍നിലപാടുകളെ വിമര്‍ശിച്ചായിരുന്നു പരസ്യം.

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമായ വര്‍ഗീയപ്രചാരണമെന്ന് യുഡിഎഫ് ആഞ്ഞടിച്ചു. പരസ്യത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിക്കും യുഡിഎഫ് പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.

മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് പരസ്യം കൊടുത്തതെന്നും കണ്ടെത്തിയിരുന്നു. കുറഞ്ഞ നിരക്കില്‍ കൊടുക്കാവുന്ന പത്രമായതുകൊണ്ടാണ് സുപ്രഭാതത്തിലും സിറാജിലും പരസ്യം കൊടുത്തതെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം.