P Sarin: പി സരിനെ പുറത്താക്കി കോൺഗ്രസ്; സ്ഥാനാർത്ഥിയാകാൻ അയോഗ്യതയില്ലെന്ന് സിപിഎം
Congress Expelled P Sarin: ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻറെ പുറത്താക്കൽ നടപടി. കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നീക്കം.

പി സരിൻ (Image Credits: Facebook)
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ പി സരിനെ കോൺഗ്രസ് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻറെ പുറത്താക്കൽ നടപടി. കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നീക്കം.
ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ വാർത്താ സമ്മേളനത്തിൽ പറയുകയും ചെയ്തിരുന്നു. കോൺഗ്രസിൻറെ നടപടിക്ക് പിന്നാലെയാണ് സരിൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്. സിപിഎം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ പറഞ്ഞു. സിപിഎം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയുമെന്നും, ബിജെപിയും അൻവറും ബന്ധപ്പെട്ടിരുന്നു, കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിൻ വ്യക്തമാക്കി. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതൽ ആളുകൾ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിൻ പറഞ്ഞു.
എന്നാൽ സ്ഥാനാർത്ഥിയാകാൻ സരിന് അയോഗ്യതയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു അറിയിച്ചത്. സരിൻ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്നും പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും പറഞ്ഞ അദ്ദേഹം രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
പാലക്കാട് മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഫോണിൽ വിളിച്ച് ചോദിച്ചെന്നാണ് സരിൻ പറയുന്നത്. ഇക്കാര്യം സുരേഷ് ബാബു സ്ഥിരീകരിക്കുകയും ചെയ്തു. സ്ഥാനാർത്ഥി വിഷയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ നിലപാടനുസരിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് സിപിഎം നേതാവ് എകെ ബാലനും ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. കോൺഗ്രസിൽ ഏകാധിപത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തികൊണ്ട് പറഞ്ഞു.
പാലക്കാട് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കോൺഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നതായാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് സരിൻ രംഗത്തെത്തിയിരിക്കുന്നത്.