Kerala By-Election 2024 : പാലക്കാട് വഴി വയനാട്ടിലേക്ക്! വിധിയെഴുതാൻ ജനങ്ങൾ

Palakkad, Wayanad, Chelakkara By-Election 2024 : വയനാട്ടിലും ചേലക്കരയിലും നവംബർ പതിമൂന്നിനാണ് വോട്ടെടുപ്പ് നടക്കുക. കാൽപ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച് പാലക്കാട് ഈ മാസം 20-നാണ് വോട്ടെടുപ്പ്.

Kerala By-Election 2024 : പാലക്കാട് വഴി വയനാട്ടിലേക്ക്! വിധിയെഴുതാൻ ജനങ്ങൾ

Kerala By Election 2024 ( Image Credits: PTI)

Updated On: 

12 Nov 2024 16:25 PM

കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പ് ചൂടിലാണ്. വികസനം പറഞ്ഞും ജനവികാരം മനസിലാക്കിയും ഇടത്- വലത് മുന്നണികൾ വോട്ട് തേടുമ്പോൾ ഇനം ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയാം. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രിയങ്കാ ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ വയനാട് രാജ്യശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായി മാറി. വയനാട്ടിലും ചേലക്കരയിലും നവംബർ പതിമൂന്നിനാണ് വോട്ടെടുപ്പ് നടക്കുക.  ഇന്ന് നിശബ്ദപ്രചാരണമാണ്. ബുധനാഴ്ച രാവിലെ ഏഴു മണിക്ക് ഇരു മണ്ഡലങ്ങളിലും പോളിം​ഗ് ആരംഭിക്കും. കാൽപ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച് പാലക്കാട് ഈ മാസം 20-നാണ് പോളിം​ഗ് ബൂത്തിലേക്കെത്തുക. 23-നാണ് വോട്ടെണ്ണൽ. ഫലം വരുമ്പോൾ അട്ടിമറിയുണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.

ചേലക്കര

കലയും സംസ്കാരവും ഇഴ ചേർന്ന കാർഷിക ഭൂമിയാണ് ചേലക്കര. പട്ടികജാതി സംവരണമണ്ഡലമായ ഇവിടെ ഇടതുമുന്നണിയുടെ യു.ആർ പ്രദീപും യു.ഡി.എഫിന്റെ രമ്യ ഹരിദാസും തമ്മിലാണ് പ്രധാന പോരാട്ടം. ഇരുവർക്കും വെല്ലുവിളിയായി എൻഡിഎ കളത്തിലിറക്കിയിരിക്കുന്നത് തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റും ജനങ്ങൾക്ക് സുപരിചിതനുമായ കെ.ബാലകൃഷ്ണനെയാണ്. ചേലക്കരയുടെ ലക്കി സ്റ്റാർ ആരെന്ന് തീരുമാനിക്കുന്നതിൽ ന്യൂനപക്ഷ വോട്ടുകളും മുഖ്യപങ്ക് വഹിക്കും.

1996-ൽ മുൻ മന്ത്രിയും എംപിയുമായ കെ രാധാകൃഷ്ണൻ‌ ജനവിധി തേടിയപ്പോഴായിരുന്നു കോൺഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടത്തോട്ട് ചാഞ്ഞത്. കന്നിയങ്കത്തിൽ കെ രാധാകൃഷ്ണനൻ 2323 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി ടി എ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. 2001-ൽ രാധാകൃഷ്ണനെതിരെ കെ എ തുളസിയെ കോൺ​ഗ്രസ് കളത്തിലിറക്കി. ഭൂരിപക്ഷം 1475 – ആയി കുറഞ്ഞെങ്കിലും രാധാകൃഷ്ണനൊപ്പം ചേലക്കര ഉറച്ചുനിന്നു. 2006-ൽ വൻഭൂരിപക്ഷത്തിലാണ് കെ രാധാകൃഷ്ണൻ നിയമസഭയിലേക്കെത്തിയത്.

കോൺ​ഗ്രസ് സ്ഥാനാർത്ഥി പിസി മണികണ്ഠനെതിരെ 14629 വോട്ടിനായിരുന്നു ജയം. 2011-ൽ കെ ബി ശശികുമാറിനെതിരെ 24676 വോട്ടുകൾക്കും 2021-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സി സി ശ്രീകുമാറിനെതിരെ 39,400 വോട്ടുകൾക്കുമാണ് കെ രാധാകൃഷ്ണൻ ജയിച്ചത്. ഇടത് കോട്ട നിലനിർത്താനാണ് ജനങ്ങൾക്കിടയിൽ സ്വീകാര്യനായ യു ആർ പ്രദീപിനെ തന്നെ സിപിഎം സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത്. ഇടതുകോട്ട കാക്കണം എന്നതാണ് പ്രദീപിന് മുന്നിലുള്ള ദൗത്യം.

എന്നാൽ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷം 5000 ആയി കുറയ്ക്കാൻ കോൺ​ഗ്രസ് സ്ഥാനാർത്ഥിയ്ക്ക് സാധിച്ചിരുന്നു. കെ രാധാകൃഷ്ണന്റെ ലീഡ് 5173ലേക്ക് ചുരുക്കിയ പ്രകടനമാണ് ഉപതെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന്റെ സ്വന്തം മണ്ഡലമായ ചേലക്കരയിൽ രമ്യാ ഹരിദാസിനെ പരിഗണിക്കാനുള്ള കാരണം. രാധാകൃഷ്ണന്റെ സ്വന്തം ബൂത്തിലും പഞ്ചായത്തിലും രമ്യാ ഹരിദാസായിരുന്നു ലീഡ് ചെയ്തത്. രാധാകൃഷ്ണൻ പോൾ ചെയ്ത ചേലക്കര തോന്നൂർ എയുപി സ്‌കൂളിലെ 75-ാം നമ്പർ ബൂത്തിൽ അദ്ദേഹത്തിന് 299 വോട്ടും രമ്യക്ക് 308 വോട്ടും ലഭിച്ചത്. രാധാകൃഷ്ണന്റെ പഞ്ചായത്തിൽ 367 വോട്ടിന്റെ ലീഡാണ് രമ്യക്ക് ലഭിച്ചത്.

അതേസമയം ഇടത് – വലത് മുന്നണികൾക്ക് ശക്തമായ വെല്ലുവിളിയാണ് ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ ഉയർത്തുന്നത്. ഓരോ തെരഞ്ഞെടുപ്പിലും മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് ശതമാനം വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ടി എൻ സരസു 28,000 വോട്ടുകൾ നേടിയിരുന്നു. ആലത്തൂരിൽ പോൾ ചെയ്ത വോട്ടിന്റെ 19 ശതമാനം ബിജെപിക്ക് ലഭിച്ചത് ചേലക്കരയിൽ നിന്നാണ്. 2010-ൽ 10 ശതമാനം മാത്രം വോട്ടാണ് ചേലക്കര മണ്ഡലത്തിൽ ബിജെപിയ്ക്ക് ഉണ്ടായിരുന്നത്. 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇത് 20 ശതമാനം വരെയായി ഉയർന്നു. അതുകൊണ്ട് തന്നെ ചേലക്കരയുടെ ജനപ്രതിനിധി ആരെന്ന് തീരുമാനിക്കുന്നതും ഒരുപക്ഷേ ബിജെപിക്ക് വീഴുന്ന വോട്ടുകളായിരിക്കും.

 

വയനാട്

രാഹുൽ ​ഗാന്ധി റായ്ബറേലിയെ ഹൃദയത്തോട് ചേർത്തപ്പോഴാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാജ്യശ്രദ്ധയാകർക്ഷിക്കുന്ന മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രിയങ്കാ ​ഗാന്ധി, ഇടതുമുന്നണിക്കായി സത്യൻ മൊകേരി, ബിജെപിക്കായി നവ്യ ഹരിദാസ് എന്നിവരാണ് ജനവിധി തേടുന്നത്. 2009-ൽ മണ്ഡലം നിലവിൽ വന്നപ്പോൾ മുതൽ കോൺ​ഗ്രസിനൊപ്പമാണ് ജനങ്ങൾ. 2014-ൽ 21,000 ഭൂരിപക്ഷത്തിലേക്ക് കോൺ​ഗ്രസ് വീണെങ്കിലും രാഹുൽ ​ഗാന്ധിയുടെ വരവോടെ 4,37,0000 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് വയനാട് തിരിച്ചുവന്നു.

രാത്രിയാത്ര നിരോധനം, തുരങ്കപാത, ആരോ​ഗ്യ മേഖലയിലെ പ്രശ്നങ്ങൾ, കാർഷിക പ്രശ്നങ്ങൾ, വന്യജീവി പ്രശ്നങ്ങൾ എന്നിവയാണ് വയനാട്ടിൽ ചർച്ചയാകുന്നത്. 14,71,742 വോട്ടർമാരാണ് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തവണ 73. 4 ശതമാനം വോട്ടുകളാണ് മണ്ഡലത്തിൽ പോൾ ചെയ്തത്. കന്നിയങ്കത്തിൽ പ്രിയങ്കയുടെ ഭൂരിപക്ഷം 5 ലക്ഷമാക്കി ഉയർത്താണ് കോൺ​ഗ്രസ് ക്യാമ്പ് ലക്ഷ്യമിടുന്നത്. മുമ്പ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ വിറപ്പിച്ചിട്ടുള്ള സത്യൻ മൊകേരിയും ജയപ്രതീക്ഷയിലാണ്. രാഹുൽ ​ഗാന്ധിക്കെതിരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആനി രാജ 9,000 വോട്ടുകൾ അധികമായി ബാലറ്റ് പെട്ടിയിലാക്കിയിരുന്നു. 10 വർഷം മുമ്പ് സത്യൻ മൊകേരി മണ്ഡലത്തിൽ മത്സരിച്ചപ്പോൾ 1.5 ലക്ഷം വോട്ടിന്റെ ലീഡുണ്ടായിരുന്ന എംഐ ഷാനവാസിന്റെ ഭൂരിപക്ഷം 21000 ആയി കുറയ്ക്കാൻ അദ്ദേഹ​ത്തിന് സാധിച്ചിട്ടുണ്ട്. അത്തരത്തിലൊരു മികവ് മൊകേരിയ്ക്കുണ്ടെന്ന് നേതൃത്വവും വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ വലിയ മുന്നേറ്റ മുണ്ടാകാൻ സാധിക്കുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.

മണ്ഡലത്തിൽ ബിജെപിയുടെ വോട്ട് വർദ്ധിക്കുന്ന സാഹചര്യമുണ്ട്. രാഹുൽ ​ഗാന്ധിക്കെതിരെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ 1, 41,000 വോട്ടുകളാണ് നേടിയത്. ആ വോട്ടുനിലയുയർത്താൻ ബിജെപി സ്ഥാനാർത്ഥിക്ക് കഴിയുമോ എന്ന് കണ്ടറിയണം. കേന്ദ്ര നേതൃത്വമാണ് നവ്യ ഹരിദാസിന്റെ പേര് നിർദ്ദേശിച്ചത്. അതിലൂടെ എന്താണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നതെന്ന് വോട്ടെണ്ണലിന് ശേഷം അറിയാൻ സാധിക്കും.

 

പാലക്കാട്

സംസ്ഥാനം ഉറ്റ് നോക്കുന്ന മറ്റൊരു പോരാട്ടത്തിനാണ് പാലക്കാട് നിയമസഭാ മണ്ഡലം വേദിയാകുന്നത്. കാൽപ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച് നവംബർ 20-നാണ് പാലക്കാട് വോട്ടെടുപ്പ് നടക്കുക. മൂന്ന് മുന്നണികളും മണ്ഡലം തങ്ങൾക്കൊപ്പം പോരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കേരള രാഷ്ട്രീയവും പാലക്കാടൻ ചൂടിലേക്ക് വ്യതിചലിച്ചിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാർത്ഥിയായി കന്നി തെര‍ഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഷാഫി പറമ്പിലിന്റെ പിൻമുറക്കാരനായി തെരഞ്ഞെടുപ്പ് ​ഗോദയിലേക്കിറങ്ങിയ രാഹുലിന് സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്ന വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. മണ്ഡലത്തിലെ നിറസാന്നിധ്യമായ സി കൃഷ്ണകുമാറിനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. വലത് നിന്ന് ഇടതേക്ക് കൂറുമാറിയ പി സരിൻറെ മുന്നിൽ, പാർട്ടി പ്രവർത്തകൾക്കിടയിലെ പ്രതിഛായ ഉൾപ്പെടെ തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്.

1957 മുതൽ 2021വരെ നടന്ന 16 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 11 തവണയും കോൺ​ഗ്രസിനൊപ്പമായിരുന്നു ജനങ്ങൾ. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ രണ്ടാമതെത്തി. ബിജെപി സ്ഥാനാർത്ഥി മെട്രോമാൻ ഇ. ശ്രീധരനെ തോൽപ്പിച്ച് നിയമസഭയിലേക്ക് ഷാഫി പറമ്പിൽ ടിക്കറ്റെടുത്തത് കടുത്ത മത്സരത്തിന് ശേഷമാണ്.

ഇത്തവണ വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ഷാഫി ‌എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി‌യത്. രാഷ്ട്രീയത്തിനനീതമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിച്ച ബിജെപിക്ക് 2021-ലെ തെരഞ്ഞെടുപ്പിൽ 2016-നെ അപേക്ഷിച്ച് 10,144 വോട്ടുകളുടെ വർദ്ധനയുണ്ടായി. എന്നിട്ടും ‌ഇ ശ്രീധരൻ 3,859 വോട്ടിന് തോറ്റു. ബിജെപി വോട്ട് വിഹിതം കൂട്ടുമ്പോൾ ഇടത് വലത് മുന്നണികളുടെ വോട്ട് വിഹിതം കുറയുന്നതും ആശങ്കയാണ്.

Related Stories
KSEB: വീട്ടിലിരുന്ന് വൈദ്യുതി കണക്ഷനെടുക്കാം…; ഡിസംബർ ഒന്ന് മുതൽ അടിമുടിമാറാൻ കെഎസ്ഇബി
Badminton Coach Arrested: തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; നഗ്നചിത്രങ്ങൾ പകർത്തി; തിരുവനന്തപുരത്ത് ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ
Munampam Waqf Board Issue: ‘മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല’: ഉറപ്പു നൽകി മുഖ്യമന്ത്രി
Priyanka Gandhi: ‘അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി; ഇത് വയനാട്ടിലെ ജനങ്ങളുടെ വിജയം’; പ്രിയങ്ക ഗാന്ധി
Wayanad By Election Result 2024 : ട്വിസ്റ്റ് ഒന്നുമില്ല! വയനാടിൻ്റെ പ്രിയം കവര്‍ന്ന് പ്രിയങ്ക, നാല് ലക്ഷത്തിലധികം ലീഡ്‌
Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; 2 ദിവസത്തിൽ തീവ്ര ന്യൂനമർദ്ദമാകും; ചൊവ്വാഴ്ച 8 ജില്ലകളിൽ യെല്ലോ അലർട്ട്
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ