5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala By Election 2024 : ചേലക്കരയും വയനാടും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ബൂത്തുകളെല്ലാം ക്യാമറ നിരീക്ഷണത്തിൽ

Kerala By Election 2024 Chelakkara And Wayanad : ചേലക്കരയും വയനാടും ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയായിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഇരു മണ്ഡലങ്ങളിലും ഒരുക്കിയിരിക്കുന്നത്.

Kerala By Election 2024 : ചേലക്കരയും വയനാടും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ബൂത്തുകളെല്ലാം ക്യാമറ നിരീക്ഷണത്തിൽ
തിരഞ്ഞെടുപ്പ് (Image Credits - PTI)
abdul-basith
Abdul Basith | Published: 13 Nov 2024 06:52 AM

ചേലക്കര, വയനാട് മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. ഇത്തവണയും ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാവും തിരഞ്ഞെടുപ്പ്. എല്ലാ ബൂത്തുകളും ക്യാമറ നിരീക്ഷണത്തിലാണ്.

ചേലക്കര മണ്ഡലത്തിൽ ആകെ 2,13,103 വോട്ടർമാരുണ്ട്. മണ്ഡലത്തിലാകെ മൂന്ന് ഓക്സിലറി ബൂത്തുകളും 14 പ്രശ്നബാധിത ബൂത്തുകളും. ആകെ പോളിംഗ് ബൂത്തുകൾ 180 ആണ്. വയനാട് വണ്ഡലത്തിൽ ആകെ 14,71,742 വോട്ടര്‍മാരാണ് ഉള്ളത്. 30 ഓക്സിലറി ബൂത്തുകളുണ്ട്. ആകെ 1354 പോളിംഗ് ബൂത്തുകൾ. മണ്ഡലത്തിലെ രണ്ട് ബൂത്തുകൾ അതീവ സുരക്ഷാ പട്ടികയിലും 11 ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലുമാണ്. എല്ലാ പോളിംഗ് ബൂത്തുകളും ക്യാമറ നിരീക്ഷണത്തിലാവും. പ്രശ്നബാധിത ബൂത്തുകളിലും ആ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. വെബ് കാസ്റ്റിംഗ്, വിഡിയോഗ്രാഫർ, പോലീസ് സുരക്ഷ എന്നിവയൊക്കെ ഈ ബൂത്തുകളിലുണ്ടാവും. ഓരോരുത്തരും വോട്ട് ചെയ്യാനെത്തുന്നത് മുതൽ വോട്ട് ചെയ്ത് പുറത്തിറങ്ങുന്നത് വരെയുള്ള ദൃശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിക്കും. ഈ ദൃശ്യങ്ങളൊക്കെ കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിക്കാനാവും. കള്ളവോട്ടും ആൾമാറാട്ടവും തടയാൻ പ്രത്യേക നിരീക്ഷണമുണ്ടാവും. ഇതിനായി ആപ്പുകൾ ഉപയോഗിക്കും.

Also Read : Kerala By-Election 2024 : പാലക്കാട് വഴി വയനാട്ടിലേക്ക്! വിധിയെഴുതാൻ ജനങ്ങൾ

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് മണ്ഡലങ്ങളിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. വയനാട്ടിൽ അന്തർ സംസ്ഥാന സേന ഉൾപ്പെടെ എത്തും. സംസ്ഥാന, ജില്ലാ അതിർത്തികളിൽ പ്രത്യേക പോലീസ് പരിശോധന നടക്കും. 2700 പോലീസ് അധിക സേനയും സുരക്ഷാ ക്രമീകരണത്തിൻ്റെ ഭാഗമായി വിന്യസിക്കപ്പെടും. ചേലക്കരയില്‍ തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിക്ക് കീഴിലാണ് സുരക്ഷാ ക്രമീകരണങ്ങൾ. 600 ലധികം പൊലീസ് ഉദ്യോഗസ്ഥരും ഒരു കമ്പനി കേന്ദ്ര സേനയും മണ്ഡലത്തിലുണ്ടാവും. പ്രശ്‌നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നാല് സിഎപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മറ്റു ബൂത്തുകളില്‍ രണ്ട് പോലീസുകാർ വീതമാവും ഉണ്ടാവുക.

പോളിംഗ് ബൂത്തിലെത്തുന്നവര്‍ നിര്‍ബന്ധമായും ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ കൈവശം കരുതണം. വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കൂടാതെ പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവയും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. ഇതിനോടൊപ്പം സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ് എന്നിങ്ങനെ വിവിധ അംഗീകൃത തിരിച്ചറിയല്‍ രേഖകൾ വോട്ട് ചെയ്യാനായി ഹാജരാക്കാവുന്നതാണ്.