Kerala By-Election 2024: ലക്ഷങ്ങൾ ബാധ്യത, നിക്ഷേപം വേറേ…ചേലക്കരയിലെ സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരം ഇങ്ങനെ
Kerala By-Election 2024: ചേലക്കര മണ്ഡലത്തിലെ മൂന്നു പാർട്ടിയുടേയും സ്ഥാനാർത്ഥികളുടെ സ്വത്തു വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
തൃശൂർ: സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് സ്ഥാനാർത്ഥികളുടെ പ്രകടനങ്ങളിലേക്കു മാത്രമല്ല വ്യക്തി വിവരങ്ങലിലേക്കു കൂടിയാണ്. ചേലക്കര മണ്ഡലത്തിലെ മൂന്നു പാർട്ടിയുടേയും സ്ഥാനാർത്ഥികളുടെ സ്വത്തു വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്
എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ കൈവശം ഉള്ളത് 11,000 രൂപയാണെന്നാണ് വിവരം. കേരള ഗ്രാമീൺ ബാങ്കിന്റെ പുല്ലൂർ ശാഖയിൽ 27,553 രൂപയുടെ നിക്ഷേപവും പ്രദീപിനുണ്ട്. ഇതിനു പുറമേ ദേശമംഗലം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 81,217 രൂപയുടെയും നിക്ഷേപമുണ്ട്. പ്രദീപിന്റെയും ഭാര്യയുടെയും കൈവശം ഒമ്പത് ഗ്രാം സ്വർണാഭരണങ്ങളുണ്ടെന്നും കണക്കിൽ വ്യക്തമാക്കുന്നു.
ALSO READ – പിപി ദിവ്യക്കെതിരെ സംഘടന നടപടിക്ക് ഒരുങ്ങി സിപിഎം; പ്രാദേശിക ഘടകത്തിലേക്ക് തരംതാഴ്ത്താൻ സാധ്യത
ദേശമംഗലം സർവീസ് സഹകരണ ബാങ്കിൽ നിന്ന് കാർഷിക വായ്പ എടുത്തതിൽ അമ്പതിനായിരം രൂപ തിരിച്ചടക്കാൻ ഉണ്ടെന്നും സമർപ്പിച്ച രേഖകളിൽ നിന്ന് വ്യക്തമാണ്. ആകെ വരുമാനം 1,35,250 രൂപയാണെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിലുണ്ട്.
യു ഡി എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ്
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ കൈവശമുള്ളത് 15,000 രൂപയാണ് എന്നാണ് കണക്ക്. 21 ലക്ഷം രൂപ വില വരുന്ന ഇന്നോവ ക്രിസ്റ്റ രമ്യയ്ക്ക് ഉണ്ട്. 25,000 രൂപ മൂല്യമുള്ള നാല് ഗ്രാം സ്വർണവും രണ്ടു ബാങ്കുകളിലായി 2,37,981 രൂപയുടെ ബാധ്യതയും രമ്യക്കുള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു.
ബി ജെ പി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ
ബി ജെ പി സ്ഥാനാർത്ഥി കെ ബാലകൃഷ്ണന്റെ കൈവശം പണമായി ഉള്ളത് 5000 രൂപയാണ്. 2,82,808 രൂപ മൂല്യമുള്ള സമ്പാദ്യവും ബാലകൃഷ്ണനുണ്ട്. ഭാര്യയുടെയും ബാലകൃഷ്ണന്റെയും പേരിൽ 30 ഗ്രാം സ്വർണാഭരണങ്ങളാണ് ഉള്ളത്. 3,40,028 രൂപയുടെ ബാധ്യതയുണ്ടെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.