Kerala Assembly Session : പതിനഞ്ചാം കേരള നിയമസഭ സമ്മേളനം ജൂണ്‍ 10ന്
2024-ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്‍, 2024-ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവ അവതരിപ്പിക്കും.
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം തിങ്കളാഴ്ച ( ജൂണ്‍ 10ന്) ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ചർച്ചകൾ സമ്മേളന ദിവസങ്ങളിൽ നടക്കും. ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നത് ഈ വേളയിലായിരിക്കും. 28 ദിവസമാണ് സമ്മേളനം നീണ്ടു നിൽക്കുക. സമ്മേളനത്തില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്യും.
ഈ സമയത്ത് അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും 8 ദിവസം ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കുമായാണ് മാറ്റി വെച്ചിട്ടുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യും. കൂടാതെ ആദ്യ ബാച്ച് ഉപധനാഭ്യര്‍ഥകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. സമ്മേളനത്തിന്റെ ആദ്യ ദിനമായ തിങ്കാഴ്ച രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം അല്പസമയം സഭാ നടപടികള്‍ നിര്‍ത്തിവക്കും. 15-ാം കേരള നിയമസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനാണ് ഇത്.
ALSO READ: രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും? അന്തിമ തീരുമാനം?
തുടര്‍ന്ന്, 2024-ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്‍, 2024-ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവ അവതരിപ്പിക്കും. തുടർന്ന് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയയ്ക്കും. മറ്റ് ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കും.
ജൂണ്‍ 13, 14, 15 തീയതികളിലായി ലോക കേരള സഭയുടെ നാലാം സമ്മേളനം ലോക കേരള സഭയുടെ പ്രധാന വേദിയായ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വച്ച് നടക്കുമെന്നും സൂചനയുണ്ട്. ജൂലൈ 25 ന് സമ്മേളനം അവസാനിപ്പിക്കും. ഇത്തരത്തിലാണ് നിലവില്‍ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്.