5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ramya Haridas : പാട്ടുംപാടി ജയിക്കാനാവുമോ പ്ലാൻ?; രണ്ടാം അങ്കത്തിലെ തോൽവി മറക്കാൻ രമ്യ ഹരിദാസ്

Ramya Haridas Assembly Election : കഴിഞ്ഞ തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട രമ്യ ഹരിദാസ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചേലക്കരയിൽ നിന്ന് മത്സരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം മാറ്റിവച്ച് വിജയിക്കാനാണ് രമ്യയുടെ ശ്രമം.

Ramya Haridas : പാട്ടുംപാടി ജയിക്കാനാവുമോ പ്ലാൻ?; രണ്ടാം അങ്കത്തിലെ തോൽവി മറക്കാൻ രമ്യ ഹരിദാസ്
രമ്യ ഹരിദാസ് (Image Courtesy – Ramya Haridas Facebook)
abdul-basith
Abdul Basith | Updated On: 16 Oct 2024 19:45 PM

2019ൽ ആലത്തൂരിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടയാളായിരുന്നു രമ്യ ഹരിദാസ്. കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയ രണ്ടാമത്തെ ദളിത് വനിതാ എംപി. സിപിഎമ്മിൻ്റെ പികെ ബിജുവിനെ അട്ടിമറിച്ച് ലോക്സഭയിലെത്തിയ രമ്യ ഹരിദാസിൻ്റെ വിജയം അപ്രതീക്ഷിതമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചില പൊടിക്കൈകളാണ് രമ്യയ്ക്ക് വിജയം സമ്മാനിച്ചത്. നാടൻ പാട്ടുകൾ പാടിയും ആളുകൾക്കിടയിലേക്കിറങ്ങിയും സ്ത്രീകളുടേതടക്കമുള്ള നിക്ഷ്പക്ഷ വോട്ടുകൾ രമ്യ അക്കൗണ്ടിലാക്കി. ആ സമയത്ത് രമ്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണം വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. സിപിഐം പ്രവർത്തകരും അനുഭാവികളുമടക്കമുള്ളവർ രമ്യയെ പരിഹസിച്ചു. എന്നാൽ, ഫലം വന്നപ്പോൾ സ്കോർ ചെയ്തത് രമ്യ.

Also Read : Kerala By-election 2024: വയനാട്ടിൽ പ്രിയങ്ക, പാലക്കാട് രാഹുലും ചേലക്കരയിൽ രമ്യയും; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്‌

2024ലെ തിരഞ്ഞെടുപ്പിലും രമ്യ ഹരിദാസ് തന്നെയായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. എന്നാൽ, സിപിഎമ്മിൻ്റെ കെ രാധാകൃഷ്ണനോട് രമ്യ പരാജയപ്പെട്ടു. മണ്ഡലത്തിലെ പ്രവർത്തനങ്ങൾ പോര എന്ന വിലയിരുത്തലായിരുന്നു പൊതുവെ ഉണ്ടായിരുന്നത്. എംപിയായി ലോക്സഭയിലെത്തിയിട്ടും പ്രത്യേകിച്ചൊന്നും രമ്യ പ്രത്യേകിച്ചൊന്നും ചെയ്തില്ലെന്ന വിമർശനങ്ങൾ നേരത്തെയുണ്ടായിരുന്നു. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ രമ്യ ശ്രദ്ധിക്കുന്നില്ലെന്നും പാട്ട് പാടി നടക്കുകയാണെന്നുമൊക്കെയുള്ള ആരോപണങ്ങളും ഇക്കാലത്തുണ്ടായി. ഇതിനൊപ്പം മന്ത്രിയെന്ന നിലയിൽ കെ രാധാകൃഷ്ണൻ്റെ ജനസമ്മിതി കൂടി ചേർന്നതോടെ 2024 തിരഞ്ഞെടുപ്പിൽ രമ്യക്ക് കാലിടറി.

തിരഞ്ഞെടുപ്പ് ഗോദയിൽ ഇത് ഇത് രമ്യയുടെ മൂന്നാം ശ്രമമാണ്. മുൻപ് രണ്ട് തവണ ലോക്സഭയിലേക്കാണ് മത്സരിച്ചതെങ്കിൽ ഇക്കുറി മത്സരം നിയമസഭയിലേക്കാണ്. പാലക്കാട് ചേലക്കരയിൽ നിന്നാണ് ഇത്തവണ രമ്യ മത്സരിക്കുക. രണ്ടാമങ്കത്തിൽ ആലത്തൂരിലെ പരാജയം കോൺഗ്രസ് ക്യാമ്പ് കണക്കിലെടുത്തിട്ടില്ല. രമ്യയ്ക്ക് ഒരു അവസരം കൂടി നൽകാനാണ് പാർട്ടി തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയ കെ രാധാകൃഷ്ണൻ്റെ മണ്ഡലമാണ് ചേലക്കര എന്നത് മറ്റൊരു ശ്രദ്ധേയ കാര്യമാണ്. അതായത്, തത്വത്തിൽ രമ്യ വീണ്ടും നേരിടേണ്ടത് രാധാകൃഷ്ണനെയും മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള സ്വീകാര്യതയെയുമാണ്. നവംബര്‍ 11നാണ് വോട്ടെടുപ്പ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും.

1986 ജനുവരി 11നാണ് രമ്യ ഹരിദാസ് ജനിച്ചത്. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ പാലാട്ട് മീത്തൽ വീട്ടിൽ പി. ഹരിദാസന്റെയും മഹിള കോൺഗ്രസ് നേതാവ്‌ രാധയുടെയും മകളാണ്. എസ്എസ്എൽസിക്ക് ശേഷം ഫാഷൻ ഡിസൈനിംഗ് കോഴ്സും പ്രീപ്രൈമറി ആന്റ് ഏർലി ചൈൽഡ്ഹുഡ് എഡ്യുക്കേഷൻ കോഴ്സും പഠിച്ചു. ജില്ലാ, സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള രമ്യ ഇടയ്ക്ക് നൃത്താധ്യാപികയായും ജോലി ചെയ്തിരുന്നു.

കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയയ കെഎസ്‌യുവിലൂടെയാണ് രമ്യ ഹരിദാസ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിൻ്റെ പ്രധാന പ്രവർത്തകയായി. ഗാന്ധിയനായ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തിൽ രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ ഏകതാപരിഷത്ത് നടത്തിയ ആദിവാസി – ദളിത് സമരങ്ങളിൽ പങ്കെടുത്തു. 2012ൽ ജപ്പാനിൽ നടന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുത്തു. 2015ൽ കുന്ദമംഗലം ബ്രോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ യൂത്ത് കോൺഗ്രസിൻ്റെ അഖിലേന്ത്യാ കോ ഓർഡിനേറ്ററാണ്.

Also Read : Sabari Rail : എന്നുവരും ഇനി എന്നുവരും; പ്രഖ്യാപിച്ചിട്ട് 25 വർഷം, കടലാസിൽ ഒതുങ്ങി ശബരി റെയിൽവേ പാത

2019 തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിൽ തീരെ സമ്പന്നയല്ലാത്തയാളായിരുന്നു രമ്യ ഹരിദാസ്. വെറും 22,816 രൂപയായിരുന്നു രമ്യയുടെ ആകെ ആസ്തി. ക്രൗഡ് ഫണ്ടിങ് നടത്തിയാണ് രമ്യ തിരഞ്ഞെടുപ്പിനുള്ള ചിലവ് കണ്ടെത്തിയത്. 10 ലക്ഷത്തിലധികം രൂപയാണ് ക്രൗഡ് ഫണ്ടിംഗിലൂടെ രമ്യ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമ്പോൾ തനിക്ക് വെറും മൂന്ന് ജോഡി വസ്ത്രങ്ങളാണ് ഉണ്ടായിരുന്നതെന്നും പ്രചാരണം അവസാനിക്കുമ്പോൾ 56 എണ്ണം ആയെന്നും രമ്യ പറഞ്ഞിരുന്നു. ഇതൊക്കെ ആളുകൾ സംഭാവന നൽകിയതാണെന്നും രമ്യ പറഞ്ഞു. ഇതൊക്കെ പെട്ടി പൊട്ടിച്ചപ്പോൾ കൃത്യമായി മനസിലാവുകയും ചെയ്തു. 5,33,815 വോട്ടുകൾ രമ്യ നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ പികെ ബിജുവിന് ലഭിച്ചത് വെറും 3,74,847 വോട്ടുകൾ. 2024ൽ കെ രാധാകൃഷ്ണന് 4,03,447 വോട്ട് ലഭിച്ചു. രമ്യ ഹരിദാസിന് ലഭിച്ചത് 3,83,336 വോട്ടുകൾ. നേരിയ വ്യത്യാസത്തിലാണ് രമ്യയ്ക്ക് ആലത്തൂർ നിലനിർത്താൻ കഴിയാതിരുന്നത്.

Latest News