Asha Workers: ഒരാള്‍ക്ക് മൂവായിരം പേര്‍! നടക്കണം, കുന്നുകയറണം പണി പലതുണ്ട്; ആശയാകുന്നതത്ര എളുപ്പമല്ല
Asha Workers Protest in Kerala: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 5,000 രൂപയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 2,000 രൂപയും ഉള്‍പ്പെടെ ആകെ 7,000 രൂപയാണ് ആശമാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന് വേണ്ടിയുള്ള കേന്ദ്ര ഫണ്ട് വൈകുന്നതാണ് ശമ്പളം വൈകുന്നതിനുള്ള പ്രധാന കാരണം. ആശമാര്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവ് തുക പൂര്‍ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്. ഈ തുക പതിനേഴ് വര്‍ഷമായി മാറ്റമില്ലാതെ തുടരുകയാണ്.

സംസ്ഥാനത്ത് ആശ വര്‍ക്കര്‍മാരുടെ സമരം കടുക്കുകയാണ്. ജോലി ഭാരം വര്‍ധിക്കുന്നതല്ലാതെ ശമ്പളം വേണ്ട രീതിയില്‍ ലഭിക്കുന്നില്ല എന്നതാണ് ആശ വര്‍ക്കര്‍മാരെ സമരത്തിലേക്ക് നയിച്ചിരിക്കുന്നത്. താങ്ങാനാകാത്ത ജോലി ഭാരത്താല്‍ ബുദ്ധിമുട്ടുകയാണ് ആശ വര്‍ക്കര്‍മാര്‍. ചെയ്യുന്ന ജോലിക്ക് മൂന്ന് നാലും മാസം കൂടുമ്പോഴാണ് അവര്‍ക്ക് വേതനം ലഭിക്കുന്നത്. നിലവില്‍ മൂന്ന് മാസത്തെ വേതനവും ഒരു മാസത്തെ ഇന്‍സെന്റീവും ഇനിയും ലഭിക്കാനുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 5,000 രൂപയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 2,000 രൂപയും ഉള്‍പ്പെടെ ആകെ 7,000 രൂപയാണ് ആശമാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന് വേണ്ടിയുള്ള കേന്ദ്ര ഫണ്ട് വൈകുന്നതാണ് ശമ്പളം വൈകുന്നതിനുള്ള പ്രധാന കാരണം. ആശമാര്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവ് തുക പൂര്‍ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്. ഈ തുക പതിനേഴ് വര്‍ഷമായി മാറ്റമില്ലാതെ തുടരുകയാണ്.
വിവിധ രോഗങ്ങള്‍ ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനോടൊപ്പം പ്രദേശത്തെ ആളുകള്‍ക്ക് ബോധവത്കരണം നല്‍കേണ്ടതും ആശമാരുടെ കടമയാണ്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടോ എന്ന കാര്യം നിരന്തരം അന്വേഷിക്കണം. എന്നാല്‍ ഈ ജോലിയൊന്നും അത്ര നിസാരമല്ല. പലരും ചീത്ത വിളിക്കും, വെയിലും മഴയും ഏല്‍ക്കണം അങ്ങനെ കടമ്പകളേറേ. പഞ്ചായത്തിന്റെ കീഴില്‍ നടക്കുന്ന വിവിധ രോഗങ്ങളുടെ സര്‍വേകള്‍, യോഗങ്ങള്‍, സര്‍വേകളുടെ കണക്കുകള്‍ നല്‍കല്‍, വീടുകള്‍ കയറിയിറങ്ങിയുള്ള സേവനം എന്നിവയെല്ലാം ചെയ്താലും അവര്‍ക്ക് ലഭിക്കുന്നതോ വെറും 7,000 രൂപ.
പ്രവര്‍ത്തനം ഇങ്ങനെ
ആയിരം പേര്‍ക്ക് ഒരു ആശ വര്‍ക്കര്‍ എന്ന രീതിയിലായിരുന്നു നേരത്തെ പ്രവര്‍ത്തനം നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ മൂവായിരം പേര്‍ക്ക് ഒരു ആശ വര്‍ക്കര്‍ എന്നതാണ് കണക്ക്. ഒരു ജില്ലയില്‍ രണ്ടായിരത്തോളം ആശ വര്‍ക്കര്‍മാരുണ്ടാകും. 2005ലാണ് സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് അഥവാ ആശ പ്രവര്‍ത്തകരെ നിയോഗിക്കുന്നത്.
ആശ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം
നിയോഗിക്കപ്പെട്ട വാര്‍ഡിലെ മാതൃ ശിശു സംരക്ഷണം
ഗര്‍ഭിണികളുടെ കൃത്യമായ കണക്കെടുപ്പും അവരിലേക്ക് സേവനമെത്തിക്കലും
കിടപ്പുരോഗികള്‍ക്ക് വീടുകളിലേക്ക് സേവനം എത്തിക്കല്‍
മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനം
കുടുംബാസൂത്രണം ഉറപ്പാക്കല്‍
ബോധവത്കരണം
മാതൃകയാക്കേണ്ട ആന്ധ്ര
കേരളത്തില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം എങ്ങുമെത്താതെ നീളുമ്പോള്‍ ആശ വര്‍ക്കര്‍മാര്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ നടത്തി ശ്രദ്ധ നേടുകയാണ് ആന്ധ്രാപ്രദേശ്. രാജ്യത്ത് ആശ വര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റി ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് ആന്ധ്ര.
30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കും. പരമാവധി 1.5 ലക്ഷം രൂപയാണ് ഗ്രാറ്റുവിറ്റിയായി ഓരോരുത്തര്‍ക്കും ലഭിക്കുക. മാത്രമല്ല, ആശമാര്‍ക്ക് പ്രസവാവധി ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 180 ദിവസത്തെ അവധിയാണ് ലഭിക്കുക. കൂടാതെ ഇക്കാലയളവില്‍ 60,000 രൂപ ശമ്പളവും ലഭിക്കുന്നതാണ്.
ഇവയ്‌ക്കെല്ലാം പുറമെ ആശ വര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 60 ല്‍ നിന്ന് 62 ആയി ഉയര്‍ത്തുകയും ചെയ്തു. വിരമിക്കുന്ന ആശമാര്‍ക്ക് ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫ് റിക്രൂട്ട്‌മെന്റില്‍ മുന്‍ഗണന ലഭിക്കും. സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യയില്‍ ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നതും ആന്ധ്രാപ്രദേശില്‍ തന്നെയാണ്. പ്രതിമാസം 10,000 രൂപയാണ് ഇവരുടെ വേതനം. സംസ്ഥാനത്ത് 42,752 ആശമാരാണ് സേവനം അനുഷ്ഠിക്കുന്നത്. ഇതില്‍ 37,017 പേര്‍ ഗ്രാമീണ മേഖലകളിലും 5,735 പേര്‍ നഗര പ്രദേശത്തുമാണ് ജോലി ചെയ്യുന്നത്.