Kazhakoottam Theft News: മൂന്ന് പവന്റെ മാല പൊട്ടിച്ചു; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് യുവതി
Kazhakoottam Theft News: ആശുപത്രിക്ക് മുന്നിലുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു. ഇതിനിടയില്‍ അശ്വതിയുടെ മാല സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്തു. ഈ സമയത്ത് മാല പല കഷ്ണങ്ങളായി പൊട്ടിപ്പോയി
തിരുവനന്തപുരം: മൂന്ന് പവന്റെ മാലപൊട്ടിച്ച് സ്‌കൂട്ടറില്‍ രക്ഷപ്പെട്ട മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് യുവതി. സ്‌കൂട്ടറില്‍ നിന്ന് വലിച്ച് നിലത്തിട്ടാണ് യുവതി ഇയാളെ പിടികൂടിയത്. മോഷ്ടിച്ച സ്‌കൂട്ടറുമായെത്തിയാണ് മാല പൊട്ടിച്ചത്. സംഭവത്തില്‍ കാട്ടായിക്കോണം ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാറാണ് പിടിയിലായത്.
കാട്ടായിക്കോണം പേരൂത്തല ശ്രീജേഷ് ഹൗസില്‍ അശ്വതിയും ഭര്‍ത്താവ് ശ്രീജേഷും ചെങ്കോട്ടുകോണത്തെ ആശുപത്രിക്ക് മുന്നിലുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു. ഇതിനിടയില്‍ അശ്വതിയുടെ മാല സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്തു. ഈ സമയത്ത് മാല പല കഷ്ണങ്ങളായി പൊട്ടിപ്പോയി.
മാലയില്‍ നിന്ന് പൊട്ടിച്ചെടുത്ത കഷ്ണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അശ്വതി ഇയാളുടെ ഷര്‍ട്ടും സ്‌കൂട്ടറിലും പിടിമുറുക്കി. ഇതിനിടെ മാല പ്രതി വായിലേക്കിട്ടു. അശ്വതിയേയും കൊണ്ട് സ്‌കൂട്ടര്‍ മുന്നോട്ട് പോയെങ്കിലും പിന്നീട് നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ നിന്ന് പ്രതി വീണു. അശ്വതിയും തെറിച്ചുവീണെങ്കിലും പ്രതിയില്‍ നിന്നുള്ള പിടിവിട്ടില്ല. ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ പിടിച്ചുവെക്കുകയായിരുന്നു.
അതുകൊണ്ട് തന്നെ ഇയാള്‍ക്ക് മാല വിഴുങ്ങാനായില്ല. വീഴ്ചയില്‍ അനില്‍കുമാറിന്റെ തലയ്ക്കും അശ്വതിയ്ക്കും കഴുത്തിനും തോളിനും കാലിനുമെല്ലാം പരിക്കേറ്റിട്ടുണ്ട്. കഴക്കൂട്ടം പൊലീസ് പ്രതിയെ പിടികൂടി റിമാന്റ് ചെയ്തിട്ടുണ്ട്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയാണ് അശ്വതി.