Kazhakoottam Girl Missing Case: 37 മണിക്കൂറിന്റെ പ്രാര്‍ത്ഥനകള്‍ക്ക് വിരാമം; 13 കാരിയെ കണ്ടെത്തി
Kazhakoottam Girl Missing Case Updates: ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്തി. വിശാഖപട്ടണത്തുവെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാണാതായി 37 മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. കുട്ടി ആഹാരമൊന്നും കഴിച്ചിട്ടില്ലെന്നും അവശയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി ഉണ്ടായിരുന്നത്. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞ് പോലീസിനെ വിവരമറിയിച്ചത്.
കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. താംബരം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടിയെ ഇപ്പോള്‍ റെയില്‍വേ പോലീസിന് കൈമാറിയിരിക്കുകയാണെന്നാണ് വിവരം. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
വീട്ടില്‍ നിന്ന് വഴക്കിട്ട വിഷമത്തില്‍ ജന്മദേശമായ അസമിലേക്ക് പോകാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പെണ്‍കുട്ടി റെയില്‍വേ പോലീസിനോട് പറഞ്ഞതായാണ് വിവരം. പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ ഫോണില്‍ സംസാരിച്ചു. ഭക്ഷണം കഴിച്ചതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ആഹാരം കഴിക്കാതിരുന്നതിനെ തുടര്‍ന്ന് കുട്ടിക്ക് നിര്‍ജലീകരണം ഉണ്ടായിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കുട്ടിയെ കേരള പോലീസിന് കൈമാറും.
അതേസമയം, ബെംഗളൂരു-കന്യാകുമാരി ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരുമണിയോടെ തമ്പാനൂരില്‍ നിന്നും ട്രെയിനില്‍ കയറിയ കുട്ടി കരഞ്ഞു കൊണ്ട് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട സഹയാത്രികയാണ് കുട്ടിയുടെ ഫോട്ടോ എടുത്തത്. ചിത്രം പോലീസിന് ലഭിച്ചതോടെ കുട്ടിയുടെ മാതാപിതാക്കളെ കാണിച്ച് സ്ഥിരീകരിച്ചു. തുടര്‍ന്ന് തമിഴ്‌നാട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് 13 വയസുകാരിയായ പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. അസം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസക്കാരനുമായ വ്യക്തിയുടെ മകളാണ്. ചൊവാഴ്ച രാവിലെ 10 മണി മുതല്‍ കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്.
അയല്‍വാസികളായ കുട്ടികളോട് വഴക്കിട്ടതിന് മാതാവ് വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാപിതാക്കള്‍ വിവരം കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്തുന്നിതിനായി ഊര്‍ജിതമായ ശ്രമമാണെന്ന് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.
വീട് വീട്ടിറങ്ങിയ സമയത്ത് ബാഗില്‍ കുറച്ച് വസ്ത്രങ്ങളും കുട്ടി കരുതിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ കഴക്കൂട്ടത്ത് എത്തിയത് അതുകൊണ്ട് കുട്ടിക്ക് മലയാളം അറിയില്ലെന്നും പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. കുട്ടിയുടെ വീട്ടില്‍ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. കണിയാപുരം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ പെണ്‍കുട്ടി.