Kathir App: കാര്‍ഷിക സേവനങ്ങൾക്ക് ഇനി ‘കതിർ’ ആപ്പ്; ചിങ്ങം ഒന്ന് മുതൽ നിലവിൽ വരും
Kathir App for Agricultural Purpose: കാർഷിക സേവനങ്ങൾക്കായി സംസ്ഥാന കൃഷി വകുപ്പ് 'കതിർ' ആപ്പ് കൊണ്ടുവരുന്നു. കൃഷി സംബന്ധമായ എല്ലാ ആവശ്യങ്ങളും, സംശയങ്ങളും പരിഹരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
കൃഷി സേവനങ്ങൾക്ക് ഏകജാലക സംവിധാനവുമായി ‘കതിർ’ ആപ്പ് വരുന്നു. കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി എന്നതിന്റെ ചുരുക്ക പേരാണ് ‘കതിർ’. ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ ആപ്പ് നിലവിൽ വരും. വെബ് പോർട്ടൽ രൂപത്തിലും, മൊബൈൽ ആപ്ലിക്കേഷനായും രൂപപ്പെടുത്തിയിട്ടുണ്ട്.
ആപ്പ് ഉപയോഗിച്ച് കർഷകർക്ക് നേരിട്ട് കാർഷിക വിദഗ്ധരുമായി ആശയ വിനിമയം നടത്താനും സംശയങ്ങൾ ചോദിച്ചറിയാനും സാധിക്കും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഉൽപാദനോപാധികളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ ഈ ആപ് മുഖേന സാധിക്കുമെന്നാണ് കൃഷി വകുപ്പിന്റെ പ്രതീക്ഷ. വിള, ഇൻഷുറൻസ്, വിപണി, സാങ്കേതിക വിവരങ്ങൾ, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള തടസ്സങ്ങൾ ഇതുവഴി മാറുമെന്നാണ് കരുതുന്നത്.
ആപ്പിന്റെ ലക്ഷ്യങ്ങൾ
- കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാവുന്ന അപകട സാധ്യതകൾ കുറയ്ക്കുക.
- കൃഷി സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളും സേവനങ്ങളും നൽകുക.
- കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റകളും ഒരൊറ്റ പ്ലാറ്റഫോമിലായി ഏകീകരിക്കുക.
- കാലാവസ്ഥക്ക് അനുശ്രുതമായ വിളകൾ കണ്ടെത്തുക.
- വിളവ്, വിള വിസ്തീർണം എന്നിവ കണക്കാക്കുക.
- വിതരണ ശ്രിംഖലയും സേവനവും ഉറപ്പാക്കുന്നതിന് മാർക്കറ്റ് ലിങ്കേജ് ആസൂത്രണം ചെയ്യുക.
- സർക്കാർ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും നടപ്പാക്കലും നിരീക്ഷണവും.
- പ്രധാന കാർഷിക പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ നൽകുക.
എങ്ങനെ ഡൗൺലോഡ് ചെയ്യാം
പ്ലേ സ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാം. മൊബൈലിൽ ആപ് ഡൗൺലോഡ് ചെയ്യുന്നതിനായി ക്യൂആർ കോഡും വികസിപ്പിച്ചിട്ടുണ്ട്.
സേവനം മൂന്ന് ഘട്ടങ്ങളിലായി
മൂന്ന് ഘട്ടങ്ങളായാണ് ആപ്പിന്റെ പ്രവർത്തനം രൂപപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കാലാവസ്ഥ വിവരങ്ങൾ, മണ്ണ് പരിശോധ സംവിധാനം, മണ്ണിലെ പോഷക നില, പ്ലാന്റ് ഡോക്ടർ സംവിധാനം, കാർഷിക പദ്ധതി വിവരങ്ങൾ തുടങ്ങിയവയാണ് ലഭ്യമാക്കുക. കൃഷിക്കാവശ്യമായ വിത്തുകൾ, വളം തുടങ്ങിയ ഉല്പാദനോപാധികളുടെ ലഭ്യത, കാർഷിക യന്ത്രങ്ങളുടെയും മാനവ വിഭവശേഷിയുടെയും ലഭ്യത, പൂർണതോതിൽ സേവനങ്ങൾ കർഷകരിലേക്ക് എത്തിക്കൽ, വിപണി വിതരണ ശ്രിംഖലയുമായുള്ള സംയോജനം തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തിൽ ലഭ്യമാക്കുക. മൂനാം ഘട്ടത്തിൽ വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭത്തിലെ വിളനാശത്തിന് നഷ്ടപരിഹാരം, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള സംവിധാനം തുടഗിയ സേവനങ്ങൾ ലഭ്യമാക്കും.