Vande Bharat Express: കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് വഴിയിൽ കുടുങ്ങി; വാതിൽ തുറക്കാൻ കഴിയുന്നില്ല, വലഞ്ഞ് യാത്രക്കാർ
Kasargod-Thiruvananthapuram Vande Bharat Express Delay: ട്രെയിൻ ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ഉടനെയാണ് സംഭവം. തുടർന്ന് ട്രെയിൻ പിടിച്ചിടുകയായിരുന്നു.
പാലക്കാട്: കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ ഒരു മണിക്കൂറിലേറെ നേരമായി ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറുകൾ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടത്. ട്രെയിനിന്റെ വാതില്‍ തുറക്കാൻ സാധിക്കുന്നില്ല. കൂടാതെ, എസികളും പ്രവർത്തിക്കുന്നില്ല എന്നാണ് വിവരം. ഒരു മണിക്കൂറിലേറെ സമയമായിട്ടും സാങ്കേതിക തകരാര്‍ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ട്രെയിന്‍ തിരികെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം, യാത്രക്കാർക്ക് മറ്റൊരു സൗകര്യം ഒരുക്കി കൊടുക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
5.30 ക്ക് ഷൊർണൂരിൽ നിന്നും പുറപ്പെട്ട ട്രെയിൻ ഒരു കിലോമീറ്റർ കഴിഞ്ഞ് ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപമെത്തിയപ്പോൾ ആണ് സംഭവം. തുടർന്ന് ട്രെയിൻ പിടിച്ചിടുകയായിരുന്നു. സാങ്കേതിക പ്രശ്നം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ട്രെയിനുള്ളിൽ തന്നെ സാങ്കേതിക വിദഗ്ധരുണ്ട്. ബാറ്ററി തകരാർ ഉണ്ടെന്നും, പുതിയ എഞ്ചിൻ വന്നതിന് ശേഷം മാത്രമേ ട്രെയിൻ പുറപ്പെടുകയുള്ളുവെന്നും, എന്നാൽ അധികൃതരിൽ നിന്നും കൃത്യമായ ഒരു മറുപടി ലഭിക്കുന്നില്ലെന്നും യാത്രക്കാരിൽ ഒരാൾ പറയുന്നു.
ട്രെയിൻ വൈകുന്നത് മൂലം യാത്രക്കാരാണ് ദുരിതത്തിലായത്. അതേസമയം, തൃശൂർ ഭാഗത്തേക്കുള്ള കണ്ണൂർ – എറണാകുളം ഇന്റർസിറ്റി അടക്കമുള്ള ട്രെയിനുകളും ഇത് മൂലം വൈകുകയാണ്.